അടി! അടിയോടടി! 265 റൺസ് ചേസ് ചെയ്ത് ജയിച്ച് പഞ്ചാബ്, റെക്കോഡ്

#സ്പോർട്സ് ഡെസ്ക്
New Delhi: Punjab Kings' Prabhsimran Singh celebrates his half century during the Indian Premier League (IPL) 2026 T20 cricket match between Delhi Capitals and Punjab Kings, in New Delhi, Saturday, April 25, 2026. (PTI Photo/Karma Bhutia)(PTI04_25_2026_000423A)
New Delhi: Punjab Kings' Prabhsimran Singh celebrates his half century during the Indian Premier League (IPL) 2026 T20 cricket match between Delhi Capitals and Punjab Kings, in New Delhi, Saturday, April 25, 2026. (PTI Photo/Karma Bhutia)(PTI04_25_2026_000423A)

ന്യൂഡൽഹി: അടി! അടിയോടടി. ഐപിഎല്ലിൽ ഇതുവരെ കാണാത്ത അടിപ്പൂരവുമായി പഞ്ചാബ് താണ്ഡവമാടിയപ്പോൾ പിറന്നത് പുതുചരിത്രം. ചേസിങ്ങിൽ റെക്കോഡുമായി പഞ്ചാബ് കളംനിറഞ്ഞപ്പോൾ ഡൽഹി നിഷ്പ്രഭമായി. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ആറുവിക്കറ്റ് ജയം. ഐപിഎല്ലിലെ ഏറ്റവും വലിയ റൺചേസാണിത്. പഞ്ചാബ് അപരാജിതക്കുതിപ്പ് തുടർന്നു. നേരത്തേ സെഞ്ചുറി നേടിയ രാഹുലും അർധസെഞ്ചുറി നേടിയ നിതീഷ് റാണയുമാണ് ഡൽഹിക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രാഹുൽ 67 പന്തിൽ നിന്ന് 152 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ 220 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

265 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന്റെ നയം തുടക്കത്തിൽ തന്നെ വ്യക്തമായിരുന്നു. അടിച്ചുതകർക്കുക. അത് കൃത്യമായി നടപ്പിലാക്കുന്ന ഓപ്പണർമാരെയാണ് മൈതാനത്ത് കണ്ടത്. ആദ്യ ഓവറുകൾ മുതൽ തന്നെ സിക്‌സറുകൾ പറപറന്നു. അതോടെ മൂന്നോവറിൽ തന്നെ ടീം 56 റൺസിലെത്തി. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. നാലാം ഓവറിൽ 27 റൺസും ആറാം ഓവറിൽ 24 റൺസും പഞ്ചാബ് ബാറ്റർമാർ അടിച്ചെടുത്തതോടെ സ്‌കോർ 116 ലെത്തി. പ്രഭ്‌സിമ്രാൻ സിങ്ങായിരുന്നു കൂടുതൽ അപകടകാരി. താരം 18 പന്തിൽ നിന്ന് ഫിഫ്റ്റ് തികച്ചു.

ഏഴാം ഓവറിൽ പ്രിയാൻഷ് ആര്യ പുറത്തായി. 17 പന്തിൽ നിന്ന് 43 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ പ്രഭ്‌സിമ്രാൻ സിങ്ങിനെയും പുറത്താക്കി ഡൽഹി തിരിച്ചടിച്ചു. 26 പന്തിൽ നിന്ന് 76 റൺസെടുത്താണ് താരം മടങ്ങിയത്.മൂന്നാമനായി ഇറങ്ങിയ കൂപ്പർ കൊണോലിക്കും പിടിച്ചുനിൽക്കാനായില്ല. 10 പന്തിൽ നിന്ന് 17 റൺസെടുത്ത് താരം മടങ്ങി. അതോടെ പത്തോവറിൽ 147-3 എന്ന നിലയിലായിരുന്നു പഞ്ചാബ്.

പിന്നീട് നായകൻ ശ്രേയസ്സ് അയ്യരിന്റെ ഊഴമായിരുന്നു. ഒപ്പം നേഹൽ വധേരയും ചേർന്നതോടെ ഡൽഹി പരാജയം മണത്തു. 14 ഓവറിൽ സ്‌കോർ 193 ലെത്തി. 15-ാം ഓവറിൽ വധേര 25 റൺസെടുത്ത് പുറത്തായി. ടീമിനെ 200 കടത്തിയ അയ്യർ ഫിഫ്റ്റിയുമായി തിളങ്ങി. പിന്നാലെ ടീം അനായാസം ജയത്തിലെത്തി. അയ്യർ 36 പന്തിൽ നിന്ന് 71 റൺസെടുത്ത് പുറത്താവാതെ നിന്നു. ശശാങ്ക് സിങ് 10 പന്തിൽ നിന്ന് 19 റൺസെടുത്തു.

നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 264 റൺസാണെടുത്തത്. സെഞ്ചുറി നേടിയ രാഹുലും അർധസെഞ്ചുറി നേടിയ നിതീഷ് റാണയുമാണ് ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രാഹുൽ 67 പന്തിൽ നിന്ന് 152 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ 220 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി വെടിക്കെട്ട് ലക്ഷ്യമിട്ടാണ് മൈതാനത്തിനിറങ്ങിയത്. ആദ്യ ഓവർ മുതൽ ബാറ്റർമാർ തകർത്തടിച്ചു. 11 റൺസെടുത്ത് പതും നിസ്സങ്ക പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ കെ.എൽ രാഹുലും നിതീഷ് റാണയും ഉജ്ജ്വല കൂട്ടുകെട്ട് പടുത്തുയർത്തി. പവർപ്ലേയിൽ പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും ഇരുവരും പ്രഹരിച്ചു. അതോടെ ആദ്യ ആറോവറിൽ ടീം 68-ലെത്തി. ഓരോ ഓവറിലും ശരാശരി പത്ത് റണ്ണോളം നേടിയതോടെ പത്തോവറിൽ ടീം നൂറുകടന്നു. പത്താം ഓവറിൽ കെ.എൽ രാഹുൽ അർധസെഞ്ചുറി തികച്ചു. 26 പന്തിലാണ് താരത്തിന്റെ ഫിഫ്റ്റി പിറന്നത്.

പത്തോവറിന് ശേഷം കൂടുതൽ ആക്രമണോത്സുകതയോടെയാണ് ഇരുവരും ബാറ്റേന്തിയത്. സാവിയർ ബാർട്ട്‌ലെറ്റ് എറിഞ്ഞ 12-ാം ഓവറിൽ നിതീഷ് റാണ താണ്ഡവമാടി. രണ്ട് സിക്‌സറും നാല് ഫോറുകളുമടക്കം ആ ഓവറിൽ 28 റൺസാണ് അടിച്ചെടുത്തത്. താരത്തിന്റെ ഫിഫ്റ്റിയും ആ ഓവറിൽ തന്നെ പിറന്നു. തൊട്ടടുത്ത ഓവറിൽ ടീം 150 കടന്നു. രാഹുലും അടിച്ചുകളിച്ചതോടെ 14-ാം ഓവറിൽ 20 റൺസ് പിറന്നു. പിന്നാലെ രാഹുലിന്റെ സെഞ്ചുറിയുമെത്തി. 47 പന്തിലാണ് സെഞ്ചുറി. ഐപിഎല്ലിലെ രാഹുലിന്റെ ആറാം സെഞ്ചുറിയാണിത്.

സെഞ്ചുറിക്ക് പിന്നാലെ രാഹുലിന്റെ സംഹാരതാണ്ഡവത്തിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. 16-ാം ഓവർ എറിഞ്ഞ വിജയ്കുമാർ വൈശാഖിനെ താരം നിലംതൊടീച്ചില്ല. മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം ഓവറിൽ 24 റൺസാണ് അടിച്ചെടുത്തത്. അതോടെ ഡൽഹി സ്‌കോർ 200 കടന്നു. ഇരുവരും രണ്ടാം വിക്കറ്റിൽ 200 റൺസ് കൂട്ടുകെട്ടും കടന്ന് മുന്നേറിയതോടെ പഞ്ചാബ് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറിക്ക് അരികേ നിതീഷ് റാണ പുറത്തായി. 44 പന്തിൽ നിന്ന് 91 റൺസാണ് റാണയുടെ സമ്പാദ്യം.

ഒടുക്കം ഡൽഹി രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി 264 റൺസെടുത്തു. കെ.എൽ രാഹുൽ 67 പന്തിൽ നിന്ന് 152 റൺസെടുത്തു. 16 ഫോറും ഒൻപത് സിക്സറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഐപിഎല്ലിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണിത്.

Content Highlights: Delhi Capitals vs Punjab Kings 2026