രഞ്ജിയിൽ 400 റൺസ് അടിച്ചെടുത്ത് മിസോറാം ബാറ്റർ; ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോർ

#സ്പോർട്സ് ഡെസ്ക്
ചിൻമയ് സുതർ | X.com/@toi_gauravG
ചിൻമയ് സുതർ | X.com/@toi_gauravG

സോവിമ: രഞ്ജി ട്രോഫിയിൽ റെക്കോഡ് പ്രകടനവുമായി മിസോറാം ബാറ്റർ ചിൻമയ് സുതർ. നാഗാലാൻഡിനെതിരായ രഞ്ജി ട്രോഫി പ്ലേറ്റ് മത്സരത്തിൽ 400 റൺസ് നേടിയാണ് സുതർ റെക്കോഡിട്ടത്. രഞ്ജിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറാണ് സുതർ കുറിച്ചത്. 517 പന്തിൽ നിന്ന് 400 റൺസുമായി സുതർ പുറത്താവാതെ നിന്നു.

മുംബൈ ബാറ്റർ പൃഥ്വി ഷായെ മറികടന്നാണ് സുതർ റെക്കോഡ് പട്ടികയിൽ രണ്ടാമതെത്തിയത്. 2022-23 സീസണിൽ അസമിനെതിരേ പൃഥ്വി 379 റൺസെടുത്തിരുന്നു. രഞ്ജിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് മഹാരാഷ്ട്ര ബാറ്റർ ബി.ബി. നിമ്പാൽക്കറുടെ പേരിലാണ്. 1948-49 സീസണിൽ 443 റൺസാണ് താരം അടിച്ചെടുത്തത്. നാഗാലാൻഡിനെതിരേ 400 റൺസ് നേടിയതോടെ രഞ്ജി ക്രിക്കറ്റിൽ 400 റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി സുതർ മാറി.

നാഗാലാൻഡിനെതിരേ വൺ ഡൗണായി ഇറങ്ങിയാണ് സുതർ റെക്കോഡ് പ്രകടനം കാഴ്ചവെച്ചത്. ടീം 13 റൺസിൽ നിൽക്കേ മിസോറാമിന് ഓപ്പണർ സാഹിൽ റെസയെ നഷ്ടമായി. പിന്നാലെയിറങ്ങിയ സുതർ ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ മിസോറാം സ്‌കോർ കുതിച്ചു. മറുവശത്ത് ബാറ്റർമാർ നിരനിരയായി മടങ്ങിയപ്പോഴും സുതർ പിടികൊടുത്തില്ല. ജോസഫ് (1), മനേന്ദർ സിങ്(27) എന്നിവർ പുറത്തായതോടെ ടീം 146-4 എന്ന നിലയിലേക്ക് വീണു. പിന്നീട് അഞ്ചാം വിക്കറ്റിൽ ജെഹു ആൻഡേഴ്‌സണുമൊത്ത് ചിൻമയ് സുതർ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.

ഇരുവരും ശ്രദ്ധയോടെ നാഗാലാൻഡ് ബൗളർമാരെ നേരിട്ടു. അതോടെ ടീം കരകയറി. 53-ാം ഓവറിൽ സെഞ്ചുറി തികച്ച സുതർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. അർധസെഞ്ചുറിയുമായി ജെഹുവും നികച്ച പിന്തുണ നൽകി. ഒടുക്കം 69 റൺസെടുത്ത് ജെഹു പുറത്തായി. അഞ്ചാം വിക്കറ്റിൽ 168 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരു പടുത്തുയർത്തിയത്. പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തി. 314-5 എന്ന നിലയിൽ നിന്ന് ടീം 392-9 എന്ന നിലയിലേക്ക് വീണു. അവസാനവിക്കറ്റിൽ ലാൽറെംപുയിയെ ഒരുവശത്തുനിർത്തി താരം ട്രിപ്പിൾ സെഞ്ചുറിയും തികച്ചു. പിന്നാലെ 400ലേക്ക് കുതിച്ചു. രണ്ടാം ദിനത്തിന്റെ അവസാനം രഞ്ജി ട്രോഫിയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറെന്ന നേട്ടവും സ്വന്തമാക്കി. പിന്നാലെ 400 റൺസ് തികച്ചതോടെ മിസോറാം 581 റൺസിൽ ഡിക്ലയർ ചെയ്തു.

Content Highlights: Chinmay Sutar scored an unbeaten 400 runs off 517 balls for Mizoram against Nagaland., He recorded the second-highest individual score in Ranji Trophy history