കൗണ്ടി ക്രിക്കറ്റില്‍ നായകന്റെ റോള്‍ ഏറ്റെടുക്കാന്‍ ചേതേശ്വര്‍ പൂജാര

Photo: twitter.com/SussexCCC
Photo: twitter.com/SussexCCC

ലണ്ടന്‍: ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റില്‍ നായകനാകാനൊരുങ്ങി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സസെക്‌സ് ടീമിന്റെ ഇടക്കാല നായകനായി ചേതേശ്വര്‍ പൂജാരയെ തിരഞ്ഞെടുത്തു. നായകന്‍ ടോം ഹെയ്ന്‍സിന് പരിക്കേറ്റതോടെയാണ് പൂജാരയ്ക്ക് നറുക്കുവീണത്. 

കൗണ്ടിയില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പൂജാര ആറുമത്സരങ്ങളില്‍ നിന്ന് 766 റണ്‍സാണ് അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 203. ശരാശരി 109.42 ആണ്. നാല് സെഞ്ചുറികളാണ് താരം ഈ സീസണില്‍ നേടിയത്. 

മിഡില്‍സെക്‌സിനെതിരായ സസെക്‌സിന്റെ അടുത്ത മത്സരത്തില്‍ പൂജാര നായകനാകും. ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ താരം വേണ്ട വിധത്തില്‍ തിളങ്ങിയില്ല. ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സ് മാത്രമാണ് പൂജാരയ്ക്ക് നേടാനായത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം 66 റണ്‍സെടുത്തു. 
 

Content Highlights: cheteswar pujara, sussex, interim captain, cricket news, list of indian county cricket captains