ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകളില്‍ ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഒരു ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ക്രിക്കറ്റ് ലോകത്തെ അസ്വസ്ഥമാക്കുന്നു. ഉത്തേജകമരുന്നുപോലുള്ള തൊട്ടാല്‍പ്പൊട്ടുന്ന കാര്യങ്ങള്‍ വിളിച്ചുപറഞ്ഞതില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഇടപെടലുണ്ടായേക്കുമെന്ന ആശങ്കയുണ്ട്. ശര്‍മയ്ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ.) നടപടിയെടുത്തേക്കും.
ഫിറ്റ്നസ് ഇല്ലാത്ത താരങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ കുത്തിവെപ്പെടുക്കുന്നത്, വിരാട് കോലി-രോഹിത് ശര്‍മ ഈഗോ, കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടമാക്കിയ കാര്യങ്ങള്‍, ഹാര്‍ദിക് പാണ്ഡ്യ ഇടയ്ക്കിടെ തന്നെ കാണാന്‍ വരുന്നത്... ഇങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എണ്ണമറ്റ കാര്യങ്ങളാണ്, ഒളിക്യാമറയുണ്ടെന്നറിയാതെ ചേതന്‍ വിളിച്ചുപറഞ്ഞത്.
കോലിയുടെ താന്‍പോരിമ
കളിയെക്കാള്‍ മീതെ തന്നെ പ്രതിഷ്ഠിച്ചതാണ് വിരാട് കോലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് ചേതന്‍ ശര്‍മ പറയുന്നു. ഇത് ബി.സി.സി.ഐ.ക്കും അന്നത്തെ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും ഇഷ്ടപ്പെട്ടില്ല. ലോകകപ്പിനുശേഷം ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറാന്‍ കോലി തീരുമാനിച്ചപ്പോള്‍ ഗാംഗുലി പിന്തിരിപ്പിക്കാന് ശ്രമിച്ചതാണ്. ഒന്നുകൂടി ആലോചിച്ചിട്ട് പോരേ എന്ന് ഗാംഗുലി ചോദിച്ചത് താന്‍ വ്യക്തമായി കേട്ടതാണ്. എന്നാല്‍, ആരും തന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ചില്ലെന്ന് കോലി മാധ്യമങ്ങളോട് കള്ളംപറഞ്ഞു. ക്രിക്കറ്റ് ബോര്‍ഡിനെ വകവെക്കാത്ത പെരുമാറ്റമായിരുന്നു കോലിയുടേത്. താനില്ലെങ്കില്‍ ക്രിക്കറ്റ് നിലച്ചുപോകുമെന്ന് അയാള്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ഒരവസരം വന്നപ്പോള്‍ ഏകദിന ക്യാപ്റ്റന്‍സ്ഥാനത്തുനിന്ന് മാറ്റിയത്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കാന്‍ വലിയ താത്പര്യമില്ലായിരുന്നു. പക്ഷേ, സെലക്ടര്‍മാര്‍ വിരാടിന് എതിരായിരുന്നു.
കോലി-രോഹിത്
കോലിയും രോഹിത് ശര്‍മയും തമ്മില്‍ വഴക്കൊന്നുമില്ലെന്ന് ചേതന്‍ പറയുന്നു. പക്ഷേ, ഇരുവര്‍ക്കുമിടയില്‍ ഈഗോയുണ്ട്. അമിതാഭ് ബച്ചനെയും ധര്‍മേന്ദ്രയെയും പോലെ അവര്‍ വിലസുന്നു. പരസ്പരം സഹായിക്കാന്‍ ഇരുവര്‍ക്കും മനസ്സുണ്ട്. കോലി ഫോം ഔട്ടായപ്പോള്‍ രോഹിത് പിന്തുണയുമായി ഒപ്പംനിന്നു.
ഹാര്‍ദിക്കിന്റെ സന്ദര്‍ശനം
ഹാര്‍ദിക് പാണ്ഡ്യ എല്ലാ ഫോര്‍മാറ്റിലും താമസിയാതെ ഇന്ത്യന്‍ ക്യാപ്റ്റനാകുമെന്ന് ചേതന്‍ പറയുന്നു. ഹാര്‍ദിക്കും രോഹിതും ഇടയ്ക്കിടെ എന്റെ വീട്ടില്‍ വരാറുണ്ട്. ഹാര്‍ദിക്കാണ് കൂടുതല്‍ തവണയും വരുന്നത്. ഒരുദിവസം സംസാരിച്ചുകൊണ്ടിരിക്കെ ഹാര്‍ദിക് എന്റെ സോഫയില്‍ കിടന്നുറങ്ങി.
സഞ്ജുവിന്റെ കരിയര്‍
ഇഷാന് കിഷന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ സഞ്ജു സാംസണ്, കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന് എന്നിവരുടെ കരിയര്‍ പ്രതിസന്ധിയിലാക്കിയെന്ന് ചേതന്‍ പറഞ്ഞു. ഇഷാന്റെ ഡബിള്‍ സെഞ്ചുറിയോടെ സഞ്ജുവിന്റെ കാര്യം ബുദ്ധിമുട്ടിലായി. സ്ഥിരതയുള്ള പ്രകടനങ്ങളുണ്ടായിട്ടും സഞ്ജു ടീമിലെത്താതെപോകുന്നു. സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററില്‍ ആരാധകര്‍ രോഷംകൊള്ളും.
Content Highlights: Chetan Sharma sting operation shakes up India s cricket industry