‘നിങ്ങള്‍ക്ക് അറിയാം ഇത് ഔട്ടാണെന്ന്, പക്ഷേ..’; ഔട്ട് അനുവദിക്കാത്തതിന് പിന്നാലെ അമ്പയറോട് ബുംറ

ന്യൂഡല്‍ഹി: ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യക്കെതിരേ വിന്‍ഡീസിന്റെ ഫോളോ ഓണ്‍ തുടരുകയാണ്. രണ്ടാമിന്നിങ്‌സില്‍ ആദ്യഘട്ടത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസിനെ രക്ഷിച്ചത്. സെഞ്ചുറി തികച്ച ജോണ്‍ കാംബെല്ലും അര്‍ധസെഞ്ചുറിയുമായി ഷായ് ഹോപ്പും 177 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ സെഞ്ചുറി തികയ്ക്കുന്നതിന് മുമ്പ് താരം എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയെങ്കിലും ഔട്ടില്‍ നിന്ന് രക്ഷപ്പെട്ടു.
കാംബെല്‍ 94 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബുംറയുടെ പന്ത് പാഡില്‍ തട്ടിയതോടെ താരത്തിനെതിരേ ശക്തമായ അപ്പീലുയര്‍ന്നു. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിക്കാന്‍ തയ്യാറായില്ല. അതോടെ ഇന്ത്യ തീരുമാനം റിവ്യൂവിനായി വിട്ടു. തേര്‍ഡ് അമ്പയറിന്റെ പരിശോധനയില്‍ പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പ് ബാറ്റില്‍ കൊണ്ടിരുന്നതായി സംശയമുയര്‍ന്നു.
— crictalk (@crictalk7) October 13, 2025
ബോള്‍ ട്രാക്കിങ്ങില്‍ വിക്കറ്റ്‌സ് ഹിറ്റിങ് ആയിരുന്നു. എന്നാല്‍ പന്ത് ആദ്യം പാഡില്‍ തന്നെയാണോ തട്ടിയിരുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നില്ല. തേര്‍ഡ് അമ്പയര്‍ പരിശോധിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നില്ല. ഒടുക്കം ബാറ്റര്‍ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. അതോടെ കാംബെല്‍ ബാറ്റിങ് തുടര്‍ന്നു. അമ്പയറുടെ തീരുമാനത്തോട് ബുംറ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് അറിയാം ഇത് ഔട്ടാണെന്ന്, പക്ഷേ ടെക്‌നോളജിക്ക് തെളിയാക്കാനാവില്ല. - ബുംറ അമ്പയറോട് പറഞ്ഞത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു.
സെഞ്ചുറി തികച്ച കാംബെല്‍ 115 റണ്‍സിലാണ് പുറത്താവുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ തന്നെ കുരുങ്ങി താരം പുറത്തായി.
Content Highlights: campbell drs decision