പ്രീതി സിന്റയുമായി ഡേറ്റിങ്ങിലായിരുന്നോ? വർഷങ്ങൾക്കുശേഷം ബ്രെറ്റ് ലീയുടെ വെളിപ്പെടുത്തൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/YarMoha079/
Photo: x.com/YarMoha079/

മുംബൈ: കരിയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീ ഐപിഎല്ലിൽ കളിക്കാനെത്തുന്നത്. കിങ്‌സ് ഇലവൻ പഞ്ചാബിന്റെ (ഇന്നത്തെ പഞ്ചാബ് കിങ്‌സ്) താരമായിരുന്നു ലീ. ടീമിന്റെ സഹ ഉടമയും നടിയുമായ പ്രീതി സിന്റയും ലീയും അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ അക്കാലത്തുണ്ടായിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിൽ അന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

താനും പ്രീതിയും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും തങ്ങൾക്കിടയിൽ പ്രണയബന്ധം ഉണ്ടായിരുന്നില്ലെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി. താൻ ഒരിക്കലും ഒരു ബോളിവുഡ് നടിയുമായും ഡേറ്റിങ് നടത്തിയിട്ടില്ലെന്ന് ബോംബെ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ലീ വ്യക്തമാക്കിയത്. പ്രീതി സിന്റയുമായി തനിക്ക് ഇപ്പോഴും നല്ല സൗഹൃദമുണ്ടെന്നും, അക്കാലത്ത് പഞ്ചാബ് ടീമിന്റെ ഉടമയായിരുന്ന അവരോട് വലിയ ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. സത്യം തനിക്ക് അറിയാമായിരുന്നതിനാൽ ഇത്തരം കിംവദന്തികൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2008-ൽ ലീ അന്നത്തെ കിങ്‌സ് ഇലവൻ പഞ്ചാബ് ടീമിൽ ചേർന്നതോടെയാണ് ഇരുവരെയും കുറിച്ച് വാർത്തകൾ വരാൻ തുടങ്ങിയത്. 2010 വരെ അദ്ദേഹം ആ ടീമിന്റെ ഭാഗമായിരുന്നു.

ബ്രെറ്റ് ലീ ഇപ്പോൾ മൗനം വെടിഞ്ഞെങ്കിലും 2010-ൽ തന്നെ പ്രീതി ഈ വാർത്തകൾ നിഷേധിച്ചിരുന്നു. ബ്രെറ്റ് ലീയെയും തന്നെയും ബന്ധിപ്പിച്ച് പുറത്തുവരുന്ന വാർത്തകൾ പഴഞ്ചനും അടിസ്ഥാനരഹിതവുമാണെന്നായിരുന്നു അന്ന് പ്രീതിയുടെ വാക്കുകൾ.

ബ്രെറ്റ് ലീ 2006-ൽ എലിസബത്ത് കെമ്പിനെ വിവാഹം കഴിച്ചെങ്കിലും 2009-ൽ അവർ വിവാഹമോചിതരായി. പിന്നീട് 2014-ൽ അദ്ദേഹം ലാന ആൻഡേഴ്‌സണെ വിവാഹം കഴിച്ചു. പ്രീതി സിന്റ തന്റെ ദീർഘകാല സുഹൃത്തായ ജീൻ ഗുഡ്ഇനഫിനെ 2016-ൽ ലോസ് ആഞ്ജലീസിൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ചു. പ്രീതി സിന്റ ഇപ്പോഴും പഞ്ചാബ് ഐപിഎൽ ടീമിന്റെ സഹഉടമയാണ്. സണ്ണി ഡിയോളിനൊപ്പം അഭിനയിക്കുന്ന 'ബട്വാര 1947' എന്ന ചിത്രത്തിലൂടെ ഇപ്പോൾ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രീതി.

Content Highlights: Brett Lee officially denies ever dating Preity Zinta., The rumors started during Lee's stint with Kings XI Punjab (2008-2010)., Lee emphasizes that they were and remain just good friends., Both parties had previously addressed these baseless rumors years ago., Update on their current personal lives and professional status.