ബോണ്ടിയിലെ ഹീറോകൾക്ക് ആദരം; കയ്യടിച്ച് വരവേറ്റ് കാണികൾ | VIDEO

#സ്പോർട്സ് ഡെസ്ക്
അഹമ്മദിനെ ആദരിച്ചപ്പോൾ | AFP
അഹമ്മദിനെ ആദരിച്ചപ്പോൾ | AFP

സിഡ്‌നിയിലെ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന് നടുവിൽ പരിക്കേറ്റ് കെട്ടിയ കയ്യുമായി അഹമ്മദ് അൽ അഹമ്മദെത്തിയപ്പോൾ നിലയ്ക്കാത്ത കയ്യടികൾ ഉയർന്നു. കാണികളുടെ ആദരമേറ്റുവാങ്ങി അഹമ്മദ് കൈവീശി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് ഞായറാഴ്ച സാക്ഷിയായത് അവിസ്മരണീയമായ മുഹൂർത്തത്തിനാണ്. ബോണ്ടി ബീച്ചിൽ വെടിവെപ്പുനടത്തി 15 പേരെ വധിച്ചവരിൽ ഒരാളുടെ തോക്കു പിടിച്ചെടുത്ത സിറിയൻ വംശജൻ അഹമ്മദ് അൽ അഹമ്മദിനെയാണ് മൈതാനത്തുവെച്ച് ആദരിച്ചത്.

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുമ്പാണ് ‘ബോണ്ടി ഹീറോ’യെ ആദരിച്ചത്. മത്സരം തുടങ്ങും മുൻപ് മൈതാനത്തിലെത്തിയ അഹമ്മദിനെയും പോലീസുകാരെയും ഡോക്ടർമാരെയും കയ്യടികളോടെയാണ് കാണികൾ വരവേറ്റത്. ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി അഹമ്മദിനെ വരവേറ്റു. ഒരു കൈ നെഞ്ചിലമർത്തി അദ്ദേഹം ആദരവേറ്റുവാങ്ങി. കൂട്ടക്കൊലയിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ പേരുകൾ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിപ്പിച്ചിരുന്നു.

ഇൻ്റൻസീവ് കെയർ പാരാമെഡിക്സ്, ആശുപത്രികളിലെ ഡോക്ടർമാർ, പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ആദരിച്ചിരുന്നു. ആക്രമണം നടത്തിയ രാത്രിയിൽ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും സേവനം ലഭ്യമാക്കിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരെയും കരഘോഷത്തോടെയാണ് അനുമോദിച്ചത്. സേവനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് അനൗൺസ്മെന്റും മുഴങ്ങി.

സുഹൃത്തിനൊപ്പം കാപ്പികുടിക്കാൻ ബീച്ചിലെത്തിയപ്പോഴാണ് അൽ അഹമ്മദ് അക്രമം നേരിട്ടുകണ്ടതും അക്രമികളിൽ ഒരാളെ നേരിട്ടതും.

ആളുകൾക്കുനേരെ നിരന്തരം വെടിയുതിർക്കുകയായിരുന്ന തീവ്രവാദിയെ പിന്നിലൂടെയെത്തി പിടികൂടുകയും തോക്ക് ബലമായി പിടിച്ചുവാങ്ങുകയും തോക്ക് അക്രമിക്കുനേരെ ചൂണ്ടി അയാളെ ഓടിക്കുകയും ചെയ്ത അഹമ്മദിന്റെ പ്രവൃത്തി ലോകം മുഴുവൻ അനുമോദിച്ചിരുന്നു. ആളുകൾ ചിതറിയോടിയപ്പോൾ, അഹമ്മദ് അൽ അഹമ്മദ് പാർക്ക് ചെയ്ത കാറുകൾക്കിടയിൽ ഒളിച്ചു. പിന്നാലെ അദ്ദേഹം മുന്നോട്ട് ചാടി. വെടിവെച്ചവരിലൊരാളെ പുറകിൽനിന്ന് പിടികൂടുകയും തോക്ക് ബലമായി പിടിച്ചു മാറ്റുകയുമായിരുന്നു. തൊട്ടുപിന്നാലെ, ഫൂട്ബ്രിഡ്ജിൽനിന്ന് രണ്ടാമത്തെ തോക്കുധാരി അദ്ദേഹത്തിന് നേരെ ഒട്ടേറെ തവണ വെടിയുതിർത്തു.

വിവാഹിതനും രണ്ട് പെൺമക്കളുടെ അച്ഛനുമാണ് 44-കാരനായ അഹമ്മദ്. സിഡ്നിയിൽ പുകയിലക്കച്ചവടമാണ് ജോലി. 2006-ലാണ് ഓസ്‌ട്രേലിയയിലെത്തിയത്. ആഭ്യന്തരയുദ്ധം തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് 2006-ൽ സിറിയ വിടുമ്പോൾ അഹമ്മദ് അൽ അഹമ്മദ് സിറിയയുടെ കേന്ദ്ര സുരക്ഷാ സേനയിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

Content Highlights: Bondi hero Ahmed al-Ahmed gets standing ovation from SCG