ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിച്ച സംഭവം; രാജസ്ഥാൻ റോയൽസ് ടീം മാനേജർക്കെതിരേ ബിസിസിഐ അന്വേഷണം

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/IS_Netwrk29/
Photo: x.com/IS_Netwrk29/

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദർ മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാഗം അന്വേഷണം നടത്തും. മത്സരം നടന്നുകൊണ്ടിരിക്കേ ഡഗൗട്ടിൽ വെച്ചാണ് ടീം മാനേജർ ഫോൺ ഉപയോഗിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയടക്കം സംഭവത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ക്രിക്കറ്റിലെ അഴിമതി വിരുദ്ധ പ്രോട്ടോക്കോൾ പ്രകാരം ഡഗൗട്ടിൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്.

ഐപിഎൽ നിയമപ്രകാരം 'പ്ലെയേഴ്‌സ് ആൻഡ് മാച്ച് ഒഫീഷ്യൽസ് ഏരിയ' എന്നറിയപ്പെടുന്ന നിയന്ത്രിത മേഖലകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാഗം ഈ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ഐപിഎൽ ചെയർമാൻ അരുൺ ധുമൽ അഴിമതി വിരുദ്ധ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെയും മാച്ച് റഫറിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇദ്ദേഹത്തിനെതിരായ നടപടി സ്വീകരിക്കുക.

ടീം മാനേജർക്ക് ഡ്രസ്സിങ് റൂമിൽ മാത്രമേ ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ എന്ന് ഐപിഎൽ ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഡഗ്ഔട്ടിൽ അത് പാടില്ല. ടീം അനലിസ്റ്റുകൾക്ക് മാത്രമാണ് നിശ്ചിത ടേബിളിലിരുന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുമതിയുള്ളത്. അതുകൊണ്ടുതന്നെ ഭിന്ദറിന്റെ ഭാഗത്തുനിന്നുണ്ടായ ഈ പ്രവൃത്തി ഗുരുതരമായ ചട്ടലംഘനമായാണ് ബിസിസിഐ കണക്കാക്കുന്നത്.

രാജസ്ഥാൻ-ബെംഗളൂരു മത്സരത്തിന്റെ 11-ാം ഓവറിലാണ് സംഭവം. ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ടീം മാനേജർ കയ്യിലുണ്ടായിരുന്ന ഫോണെടുത്ത് നോക്കുകയായിരുന്നു. ഏറെനേരം റോമി ഫോൺ ഉപയോഗിച്ചു. തൊട്ടടുത്ത് ഇരിക്കുകയായിരുന്ന കൗമാരതാരം വൈഭവ് സൂര്യവംശി ഫോണിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Content Highlights: BCCI's Anti-Corruption Unit (ACU) is probing a breach of protocol during the 2026 IPL season., Team managers are strictly prohibited from using mobile devices in the 'Players and Match Officials Area'., Evidence shows the team manager using a phone in the dugout during the Rajasthan vs Bengaluru match., The IPL Chairman has ordered an immediate investigation and report submission., Potential disciplinary action depends on the ACU report and match referee's findings.