അകത്തോ പുറത്തോ? അഗാർക്കറുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ബിസിസിഐ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുമായി കൂടിക്കാഴ്ച നടത്താൻ ബിസിസിഐ. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാകും കൂടിക്കാഴ്ചയെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. അഗാർക്കറിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യും. രോഹിത് ശർമയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ മാനേജ്മെന്റും സെലക്ടർമാരും രണ്ട് തട്ടിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബിസിസിഐ ഉദ്യോഗസ്ഥർ അജിത് അഗാർക്കറുമായി കൂടിക്കാഴ്ച നടത്തുന്നത്.
അഗാർക്കറിന് കൂടുതൽ കാലാവധി നീട്ടി നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് ബിസിസിഐ. ഈ വർഷം ജൂണിൽ അദ്ദേഹത്തിന്റെ കരാർ അവസാനിച്ചിരുന്നെങ്കിലും മൂന്നുമാസം കൂടി നീട്ടിനൽകിയിരുന്നു. അടുത്തവർഷം നടക്കുന്ന ഏകദിന ലോകകപ്പ് വരെ കരാർ നീട്ടിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഗാർക്കറുമായുള്ള ചർച്ചയ്ക്കുശേഷം ബിസിസിഐ തീരുമാനമെടുക്കും.
സമീപകാലത്തെ സംഭവിവകാസങ്ങളാണ് ബിസിസിഐയുടെ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ. പ്രധാനമായും രോഹിത് ശർമയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെലക്ടർമാർ കൈക്കൊണ്ട നിലപാടാണ് പ്രധാനവിഷയം. ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ച രോഹിത്തിന്റെ ഏകദിനഭാവിയെ സംബന്ധിച്ച് സെലക്ടർമാർ അടുത്തിടെ ഉറച്ച തീരുമാനമെടുത്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന ഏകദിനമത്സരമായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇക്കാര്യം അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടീം മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുമുമ്പ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ രോഹിത് ടീമിന്റെ ഭാവി പദ്ധതികളിലുണ്ടെന്ന് പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയുടെ സമ്മർദത്തിന് വഴങ്ങിയാണ് ബിസിസിഐ സെക്രട്ടറി തന്റെ നിലപാട് മാറ്റിയതെന്നാണ് സെലക്ഷൻ കമ്മിറ്റി കരുതുന്നത്. അതോടെ മാനേജ്മെന്റും സെലക്ഷൻ കമ്മിറ്റിയും രണ്ടുതട്ടിലായി.
പിന്നാലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് തകർപ്പൻ സെഞ്ചുറിയോടെ തിളങ്ങുകയും ചെയ്തു. 110 പന്തിൽ നിന്ന് 138 റൺസാണ് രോഹിത്ത് അടിച്ചെടുത്തത്. രോഹിത് തിളങ്ങിയത് അക്ഷരാർഥത്തിൽ സെലക്ടർമാരെയാണ് പ്രതിരോധത്തിലാക്കിയത്. രോഹിത്തിന്റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇത് കൂടുതൽ ചോദ്യമുയർത്തി. ഇതിന് പിന്നാലെയാണ് അഗാർക്കറെ മുഖ്യസെലക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ ബിസിസിഐ ആലോചിച്ചത്.
Content Highlights: BCCI is scheduling a meeting with selection committee chairman Ajit Agarkar after the Sri Lanka Test series., Agarkar's tenure extension is under doubt following disagreements over Rohit Sharma's selection