ആടിയുലഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ്; ബോർഡിനെ പിരിച്ചുവിട്ടു, 11 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

#സ്പോർട്സ് ഡെസ്ക്
Photo: x.com/BCBtigers/
Photo: x.com/BCBtigers/

ധാക്ക: അമിനുൾ ഇസ്ലാം അധ്യക്ഷനായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട് ബംഗ്ലാദേശ് ദേശീയ സ്പോർട്സ് കൗൺസിൽ. കഴിഞ്ഞ വർഷം നടന്ന ബോർഡ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഒക്ടോബറിൽ നടന്ന ബോർഡ് തിരഞ്ഞെടുപ്പ് വൻ ആരോപണങ്ങൾക്ക് വഴിവെക്കുകയും അന്വേഷണ കമ്മിഷൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ബംഗ്ലാദേശ് സർക്കാരിന് നൽകുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് നടപടി.

ബോർഡ് പിരിച്ചുവിട്ടതിന് പിന്നാലെ 11 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുൻ താരം തമീം ഇഖ്ബാലാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്. ബോർഡ് തിരഞ്ഞെടുപ്പിൽ ക്രമക്കേടും അധികാരദുർവിനിയോഗവും നടന്നതായാണ് ആരോപണങ്ങൾ. മാത്രമല്ല, ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചതും ബോർഡിനെ സംശയത്തിലാക്കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കൈമാറിയിട്ടുണ്ട്. മാത്രമല്ല, ഐസിസിയെ 11 അംഗ അഡ്‌ഹോക് കമ്മിറ്റിയുടെ രൂപീകരണത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. കമ്മിറ്റി അടുത്ത മൂന്നു മാസത്തിനുള്ളിൽ ബോർഡ് തിരഞ്ഞെടുപ്പ് നടത്തണം.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവാദങ്ങൾക്ക് നടുവിലായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ്. അടുത്തിടെ നാല് ഡയറക്ടർമാരാണ് രാജിവെച്ചത്. പിന്നാലെ അധ്യക്ഷനും തെറിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ബോർഡ് തിരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണങ്ങളും രാഷ്ട്രീയ ഇടപെടലുകളും ഇഷ്ടക്കാരെ തിരുകിക്കയറ്റലുമെല്ലാം വിവാദത്തിന് വഴിവെച്ചിരുന്നു. അതോടെ ബംഗ്ലാദേശ് ബോർഡ് കടുത്ത പ്രതിസന്ധിയിലുമായി.

സ്ഥാനം തെറിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ താൻ തന്റെ കസേരയിൽ തന്നെ ഇരിക്കുമെന്നാണ് അമിനുൾ ഇസ്ലാം പറഞ്ഞത്. തിരഞ്ഞെടുപ്പിനായി കൗൺസിലർമാരുടെ പേരുകൾ അയയ്ക്കാൻ ഡിവിഷനുകൾക്കും ജില്ലകൾക്കും കത്തയച്ചതല്ലാതെ തിരഞ്ഞെടുപ്പിൽ തന്റെ പങ്കാളിത്തം മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം ആരോപണങ്ങൾക്കുള്ള മറുപടിയായി വിശദീകരിച്ചത്. ഭൂരിപക്ഷം പേരും അഡ്‌ഹോക്ക് കമ്മിറ്റികൾ വഴി പേരുകൾ അയക്കാത്തതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നുമാണ് അദ്ദേഹം പറയുന്നത്.

Content Highlights: BCB dissolved by National Sports Council due to 2026 election irregularities, 11-member ad-hoc committee formed led by Tamim Iqbal, New board elections mandated within three months, ICC informed of the administrative changes and investigation findings