കോലി കളിച്ചാല്‍ ഓഹോ... ബാബര്‍ അസം ആയാലോ ആഹാ...

മാഞ്ചെസ്റ്റർ: പാകിസ്താന്റെ യുവതാരം ബാബർ അസമിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസർ ഹുസൈൻ.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ബാബറിന്റെ പ്രകടനത്തിനു പിന്നാലെയാണ് ഹുസൈന്റെ വാക്കുകൾ. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ 100 പന്തുകൾ നേരിട്ട് 11 ഫോറുകളടക്കം 69 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് ബാബർ.
ക്രിക്കറ്റിലെ ഫാബുലസ് ഫോർ ആയ വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്ല്യംസൺ, ജോ റൂട്ട് എന്നിവർക്കൊപ്പം തന്നെ സ്ഥാനം അർഹിക്കുന്ന താരമാണ് ബാബർ അസമെന്നും ഈ നിര ഇനി ഫാബുലസ് ഫൈവ് എന്ന് അറിയപ്പെടണമെന്നും ഹുസൈൻ വ്യക്തമാക്കി.
ബാബറിന്റെ സ്ഥാനത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ആയിരുന്നെങ്കിൽ ഈ ഇന്നിങ്സിനെ കുറിച്ച് എല്ലാവരും സംസാരിച്ചേനേ എന്നും ഇതിപ്പോൾ ബാബർ ആയതുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ലെന്നും ഹുസൈൻ തുറന്നടിച്ചു.
''ഈ പയ്യൻ വിരാട് കോലിയായിരുന്നെങ്കിൽ എല്ലാവരും സംസാരിക്കുക ഈ ഇന്നിങ്സിനെ കുറിച്ചായേനേ. ഇതിപ്പോൾ ബാബർ ആയതുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല. എല്ലാവരും ഫാബ് ഫോറിനെ കുറിച്ചാണ് സംസാരിക്കുന്നത്. ശരിക്കും ഇത് ഇപ്പോൾ ഫാബ് ഫൈവാണ് അതിൽ ബാബർ അസം കൂടിയുണ്ട്.'' - ഹുസൈൻ പറഞ്ഞു.
ബാബറിന്റെ പ്രതിഭയെ ഇനിയും അംഗീകരിക്കാൻ ക്രിക്കറ്റ് ലോകം തയ്യാറായിട്ടില്ലെന്നും ഈ പ്രവണത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Babar Azam has forced way into the top five batsmen of the world Nasser Hussain
Content Highlights: