ഇന്ത്യൻ വനിതകൾക്ക് കനത്ത തോൽവി; ഓസീസിന് പരമ്പര

ഹോബാർട്ട്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയമായ തോൽവി. റണ്ണടിച്ചുകൂട്ടിയ ഓസ്‌ട്രേലിയയോടെ 185 റൺസിനാണ് ഇന്ത്യ തോറ്റത്. ഈ ജയത്തോടെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസീസ് ഏകദിന പരമ്പര സ്വന്തമാക്കി. ടി20 പരമ്പരയിൽ ഇന്ത്യയ്ക്കായിരുന്നു ജയം.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 409 റൺസാണ് നേടിയത്. മറുപടിയായി ഇന്ത്യയ്ക്ക് 224 റൺസ് മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ അലീസ ഹീലിയുടെയും (98 പന്തിൽ നിന്ന് 158 റൺസ്) ബെത്ത് മൂണിയുടെയും (84 പന്തിൽ നിന്ന് 106 റൺസ്) വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസീസിന് പടുകൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ജോർജിയ വോൾ 62 റൺസെടുത്തു. മറ്റുള്ളവർക്കൊന്നും കാര്യമായ റോളുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി ശ്രീചരണിയും സ്‌നേഹ റാണയും രണ്ട് വീതവും രേണുക സിങ്ങും കാശ്‌വി ഗൗതവും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ശ്രീചരണി പത്തോവറിൽ 106 ഉം കാശ്‌വി 83 ഉം ദീപ്തി 90 ഉം റൺസാണ് വിട്ടുകൊടുത്തത്.
മറുപടിയായി റൺമല ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ ഒടുക്കം വരെ പിഴച്ചു. സ്മൃതി മന്ദാന പൂജ്യത്തിന് പുറത്തായി. 74 പന്തിൽ നിന്ന് 44 റൺസെടുത്ത സ്‌നേഹ റാണയാണ് ടോപ് സ്‌കോറർ. ജമൈമ റോഡ്രിഗസ് 29 പന്തിൽ നിന്ന് 42 റൺസെടുത്തു. പ്രതിക റാവൽ 27 ഉം ദീപ്തി ശർമ 29 ഉം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 25 ഉം റൺസാണെടുത്തത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. ഒരു വേള ഏഴിന് 135 എന്ന അതിദയനീയമായ സ്‌കോറിലായിരുന്നു ഇന്ത്യ. പിന്നീട് ദീപ്തി ശർമയും സ്‌നേഹ റാണയുമാണ് ഇരുന്നൂറ് കടത്തിയത്. ഓസീസിനുവേണ്ടി അലാന കിങ് നാല് വിക്കറ്റ് വീഴ്ത്തി.
Content Highlights: Australia defeated India by a massive 185 runs in the third ODI., With this victory, Australia clinched the three-match ODI series 3-0., Centuries from Alyssa Healy (158) and Beth Mooney (106) powered Australia to 409/7., Sneh Rana was the top scorer for India with 44 runs., Alana King was the standout bowler for Australia, taking four wickets.