ഏഷ്യൻ ഗെയിംസ്; ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടീം ഇന്നിറങ്ങും, എതിരാളികൾ അഫ്ഗാൻ, മഴ ഭീഷണി

Photo: x.com/BCCI
Photo: x.com/BCCI

നിഷിൻ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർഫൈനലിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് മഴ ഭീഷണി. തിങ്കളാഴ്ച അഫ്ഗാനിസ്താനെതിരേയാണ് മത്സരം.

രാവിലെ 10.30 മുതൽ കൊറോഗി സ്പോർട്സ് പാർക്കിലാണ് മത്സരം. ഇവിടെ കഴിഞ്ഞദിവസംമുതൽ മഴയുണ്ട്. മത്സരം ഉപേക്ഷിച്ചാൽ മികച്ച റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സെമിഫൈനലിൽ കടക്കും. ടി-20 ഫോർമാറ്റിലാണ് ടൂർണമെന്റ്. ഈ ഫോർമാറ്റിൽ ഇന്ത്യ ഒന്നാം റാങ്കിലും അഫ്ഗാൻ പത്താം റാങ്കിലുമാണ്.

ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ മികച്ച ടീമിനെയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ അണിനിരത്തുന്നത്. മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവർ ഓപ്പണറുടെ റോളിലുണ്ട്. ഇഷാൻ കിഷൻ, ശ്രേയസ്, തിലക് വർമ എന്നിവർ മിഡിൽ ഓർഡറിൽ ഇറങ്ങും. ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരാണ് ഓൾറൗണ്ടർമാർ. രവി ബിഷ്ണോയിയാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, യാഷ് ഠാക്കൂർ എന്നിവരാണ് പേസർമാർ.

അഫ്ഗാൻ രണ്ടാംനിര ടീമിനെയാണ് അയച്ചത്. 15 അംഗ ടീമിൽ ആറുപേർ പുതുമുഖങ്ങളാണ്. മൊത്തം താരങ്ങളുംകൂടി കളിച്ച അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണം 262 ആണ്. ക്യാപ്റ്റൻ ദാർവിഷ് റസൂൽ, അബ്ദുള്ള അഹമ്മദ്സായ് എന്നിവരാണ് ടീമിലെ പരിചയസമ്പന്നർ.

Content Highlights: India faces Afghanistan in the Asian Games cricket quarterfinal., Shreyas Iyer captains the Indian cricket squad., Match faces rain threat; India advances on better ranking if abandoned., Afghanistan fields a relatively inexperienced second-string squad.