ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ചു; ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ

മത്സരത്തിനിടെ ഇന്ത്യന്‍ വനിതകള്‍ | Photo: Getty Images
മത്സരത്തിനിടെ ഇന്ത്യന്‍ വനിതകള്‍ | Photo: Getty Images

ദുബായ്: ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ. 40 റൺസിനാണ് ഇന്ത്യയുടെ വിജയം. 150 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടേയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയുടേയും പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. നാല് തവണ ജീവൻ തിരിച്ചുകിട്ടിയ ഷെഫാലി 40 പന്തിൽ 64 റൺസാണ് അടിച്ചെടുത്തത്.

26 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ ബംഗ്ലാദേശിന് ഓപ്പണർ ജുവൈരിയ ഫിർദൗസിനെ നഷ്ടമായി. 18 പന്തിൽ 14 റൺസെടുത്ത ഫിർദൗസിനെ ശ്രീ ചരണിയാണ് പുറത്താക്കിയത്. പിന്നാലെ ദിലാര അക്തറും ക്രീസ് വിട്ടു. പിന്നീട് വന്നവർക്കൊന്നും നിലയുറപ്പിച്ച് കളിക്കാനായില്ല. ശോഭന (18), നിഗർ സുൽത്താന (19), ഷർമിൻ അക്തർ (1), ഫാഹിമ ഖാത്തൂൻ (14), റുബെയ്യ ഖാത്തൂൻ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകൾ. 22 റൺസുമായി ഷോർന അക്തർ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ദീപ്തി ശർമ മൂന്ന് വിക്കറ്റെടുത്തു. നന്ദാനി ശർമ രണ്ട് വിക്ക്റ്റ് വീഴ്ത്തി. ശ്രീ ചരണി, പ്രേമ റാവത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്‌കോർ ബോർഡിൽ ഒമ്പത് റൺസെത്തിയപ്പോഴേക്കും ഓപ്പണർ സ്മൃതി മന്ദാനയെ നഷ്ടമായി. അഞ്ച് പന്തിൽ രണ്ട് റൺസെടുത്ത സ്മൃതിയെ സുൽത്താന ഖാത്തൂൻ, ഷോർന അക്തറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ രണ്ടാം വിക്കറ്റിൽ ഷെഫാലി വർമയും പ്രതിക റാവലും അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 24 പന്തിൽ 20 റൺസെടുത്ത പ്രതികയെ പുറത്താക്കി റുബയ്യ ഖാത്തൂനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

സ്‌കോർ നൂറിലെത്തും മുമ്പ് ഷെഫാലിയും പുറത്തായി. 40 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്‌സറും സഹിതമായിരുന്നു ഷെഫാലിയുടെ 64 റൺസ്. 16 പന്തിൽ 21 റൺസായിരുന്നു റിച്ചാ ഘോഷിന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ ഇന്ത്യക്ക് ദീപ്തി ശർമയുടേയും ഭാരതി ഫുൽമാലിയുടേയും വിക്കറ്റുകൾ നഷ്ടപ്പെട്ടു. ദീപ്തി ശർമ ആറ് പന്തിൽ 13 റൺസെടുത്താണ് പുറത്തായത്. ഇന്നിങ്‌സിലെ അവസാന പന്തിൽ ഭാരതി റൺഔട്ടാകുകയായിരുന്നു. 28 പന്തിൽ 24 റൺസോടെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പുറത്താകാതെ നിന്നു.

ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: India scored 149/6 in their allotted overs against Bangladesh in the Asia Cup semi-final., Shafali Verma top-scored with 64 runs off 40 balls, including 7 fours and 3 sixes., Smriti Mandhana fell early, but partnerships by Shafali, Jemimah/Pratika, and Harmanpreet Kaur stabilized the innings., Bangladesh's Sultana Khatun picked up two wickets to restrict India to 149.