ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസ്‌ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച, നാലു വിക്കറ്റ് നഷ്ടം

മെൽബൺ: ആഷസിലെ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് മോശം തുടക്കം. ലഞ്ചിന് പിരിയുമ്പോൾ 72 റൺസെടുക്കുന്നതിനിടെ ഓസീസിന് നാലുവിക്കറ്റുകൾ നഷ്ടമായി. ടോസ് നേടി ബൗളിങ് ചെയ്യാനുള്ള ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഓസ്‌ട്രേലിയയുടെ ബാറ്റിങ് പ്രകടനം. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുൾപ്പടെയുള്ളവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 12 റൺസെടുത്ത ഹെഡിന്റെ സ്റ്റംമ്പ് അറ്റ്കിൻസൺ തെറിപ്പിച്ചപ്പോൾ മറ്റു മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ജോഷ് ടോങ്കാണ്. 9-ൽ നിൽക്കെയാണ് സ്മിത്തിനെ മടക്കി അയച്ചത്. ജേക് വെതറാൾഡ് (10), മാർനസ് ലാബുഷാഗ്‌നെ (6) എന്നിവരും വേഗത്തിൽ കരകയറി. ഉസ്മാൻ ഖവാജ (24*)യും അലക്‌സ് കാരി (16*)യുമാണ് ക്രീസിലുള്ളത്.
അതേസമയം ആദ്യമൂന്ന് മൂന്ന് മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയ പരമ്പര ഇതിനകം ഉറപ്പിച്ചിട്ടുണ്ട്.
പാറ്റ് കമിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. കമിൻസിന് പുറമേ സ്പിന്നർ നേഥൻ ലിയോണും ടീമിലില്ല. ഇരുവർക്കും പരിക്കാണ്. പകരം ടോഡ് മർഫി, ജൈ റിച്ചാർഡ്സൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഓൾറൗണ്ടർ ജേക്കബ് ബെത്തലും പേസർ ഗസ് അറ്റ്കിൻസനും ആണ് ആദ്യ ഇലവനിലെത്തിയത്. ഒലി പോപ്പും ജോഫ്ര ആർച്ചറും ടീമിലില്ല.
Content Highlights: Australia vs England, 4th Test at Melbourne, The Ashes, Dec 26 2025