താരങ്ങൾക്ക് നേരെ വിരലുയർത്തി ഗംഭീർ, പറയുന്നത് ചെയ്ത് കാണിക്കൂവെന്ന് കുംബ്ലെ

#സ്പോർട്സ് ഡെസ്ക്
​ഗംഭീറും ധ്രുവ് ജുറേലും | PTI
​ഗംഭീറും ധ്രുവ് ജുറേലും | PTI

ഗുവാഹാട്ടി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍വിയുടെ വക്കിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിലാകട്ടെ കരകയറാനുള്ള ശ്രമത്തിലാണ്. രണ്ടാമിന്നിങ്‌സ് ബാറ്റിങ് തുടരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിലവില്‍ 475 റണ്‍സിലധികം ലീഡുണ്ട്. ഒരു ദിനം ബാക്കി നില്‍ക്കേ ഇന്ത്യക്ക് മത്സരം ജയിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെ. വാക്കുകൾ പ്രവൃത്തിയിലൂടെ കാണിക്കണമെന്നും ലോകത്തെ ഏറ്റവും മികച്ച ‍ടീമിനോടാണ് ഏറ്റുമുട്ടുന്നതെന്ന് ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"നിങ്ങൾ നേരത്തേ പറഞ്ഞ വാക്കുകൾ പ്രവൃത്തിയിലൂടെ തെളിയിക്കണം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ട്രോഫി നേടിയ, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിനോടാണ് ഏറ്റുമുട്ടുന്നത്. നിങ്ങളുടെ കരുത്ത് കാണിച്ച് ജയിക്കാൻ ഇതിലും നല്ലൊരവസരം ലഭിക്കില്ല. ജയിക്കാനായില്ലെങ്കിലും, നമ്മൾ നന്നായി പൊരുതുകയും തോൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. - കുംബ്ലെ പറഞ്ഞു.

നാലാംദിനം മത്സരത്തിന് മുമ്പ് ഗംഭീർ താരങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു. ധ്രുവ് ജുറേലിനോട് വിരലുയർത്തി സംസാരിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുംബ്ലെയുടെ വിമർശനം. ഗുവാഹാട്ടി ടെസ്റ്റില്‍ പരാജയപ്പെട്ടാൽ നാട്ടില്‍ രണ്ട് ടെസ്റ്റ് പരമ്പരകള്‍ വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകനെന്ന മോശം റെക്കോഡാണ് ഗൗതം ഗംഭീറിനെ കാത്തിരിക്കുന്നത്.ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ചരിത്ര നേട്ടമാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ കാത്തിരിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ മണ്ണില്‍ ഒന്നിലേറെ തവണ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ടീമെന്ന നേട്ടമാണ് അവരെ കാത്തിരിക്കുന്നത്.

ടെസ്റ്റ് ചരിത്രത്തില്‍ നാട്ടില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടിട്ടുള്ളത്. ഒന്ന് കഴിഞ്ഞ വര്‍ഷം ടോം ലാഥമിന്റെ നേതൃത്വത്തില്‍ ന്യൂസീലന്‍ഡ് നേടിയ 3-0ന്റെ വിജയമാണ്. രണ്ടില്‍ കൂടുതല്‍ ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.

Content Highlights: Gautam Gambhir Points Fingers During Guwahati Test