ഫീൽഡ് തടസപ്പെടുത്തിയതിന് ആംഗ്രിഷ് രഘുവംശിയെ പുറത്താക്കി; വിവാദം, അമ്പയറോട് കയർത്ത് പരിശീലകൻ

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ കൊൽക്കത്ത താരം ആംഗ്രിഷ് രഘുവംശിയുടെ പുറത്താകലിനെച്ചൊല്ലി വിവാദം. ഫീൽഡിങ് തടസപ്പെടുത്തി (obstructing the field) എന്ന കാരണത്താൽ ലഖ്‌നൗ താരങ്ങളുടെ അപ്പീൽ പരിഗണിച്ച തേർഡ് അമ്പയർ രഘുവംശി ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. ക്രിക്കറ്റിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു പുറത്താകലാണിത്.
കൊൽക്കത്ത ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ വിവാദമായ പുറത്താകൽ. പ്രിൻസ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് രഘുവംശി ഒരു റണ്ണിനായി ശ്രമിച്ചു. എന്നാൽ, നോൺ-സ്‌ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന കാമറൂൺ ഗ്രീൻ, രഘുവംശിയെ മടക്കിയയക്കുകയായിരുന്നു. താരം തിരികെ ക്രീസിലെത്താൻ ഓടുന്നതിനിടെ ഫീൽഡറുടെ ത്രോ അദ്ദേഹത്തിന്റെ കാലിൽ തട്ടി. ഇതോടെ ലഖ്‌നൗ താരങ്ങൾ അപ്പീൽ ചെയ്യുകയായിരുന്നു. ഇതോടെ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു.
ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ രഘുവംശി ഓടുന്ന പാത മനപ്പൂർവ്വം മാറ്റിയെന്നും അതുവഴി പന്ത് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എത്തുന്നത് തടഞ്ഞുവെന്നും വിലയിരുത്തി. ഇതോടെ ഔട്ടും വിധിച്ചു. കൊൽക്കത്ത ക്യാമ്പ് ഒന്നടങ്കം അമ്പയറുടെ തീരുമാനത്തിൽ അമ്പരന്നു. രഘുവംശിയും ഗ്രീനും ചേർന്ന് ഫീൽഡ് അമ്പയർമാരുമായി സംസാരിക്കുന്നതും കാണാമായിരുന്നു. എന്നാൽ, അമ്പയർമാർ താരത്തോട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാൻ നിർദേശിച്ചു. പുറത്തായതിന്റെ അമർഷത്തിൽ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങവെ ആംഗ്രിഷ് രഘുവംശി തന്റെ ഹെൽമെറ്റ് വലിച്ചെറിഞ്ഞാണ് പ്രതിഷേധിച്ചത്.
പിന്നാലെ, നാലാം അമ്പയറുമായി കൊൽക്കത്ത പരിശീലകൻ അഭിഷേക് നായർ തർക്കിക്കുന്നതും കാണാമായിരുന്നു. കളിയുടെ ഗതിയേത്തന്നെ ബാധിച്ച ഈ വിവാദ തീരുമാനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
യൂസഫ് പത്താൻ, അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവർക്ക് ശേഷം ഐപിഎല്ലിൽ ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താകുന്ന നാലാമത്തെ താരമാണ് രഘുവംശി.
Content Highlights: Angkrish Raghuvanshi dismissed for obstructing the field in IPL 2026., Third umpire ruled the batter intentionally changed his path to block the throw., Raghuvanshi reacted with frustration, throwing his helmet while returning to the pavilion., KKR coach Abhishek Nayar engaged in a heated argument with the fourth umpire., Raghuvanshi becomes the fourth player in IPL history to be dismissed for obstructing the field.