അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകനായി മുൻ കേരള ടീം പേസ് ബൗളറും പരിശീലകനുമായ അഭിഷേക് മോഹൻ എസ്. എൽ നിയമിതനായി. കേരളത്തിനായി രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നീ പ്രധാന ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ച പരിചയസമ്പത്തുമായാണ് അഭിഷേക് ടീമിന്റെ ചുമതലയേൽക്കുന്നത്.
2014-15 അണ്ടർ-23 സീസണിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ എന്ന നേട്ടം കൈവരിച്ച അഭിഷേക്, അണ്ടർ-19 വിഭാഗത്തിൽ രണ്ട് തവണ ദക്ഷിണ മേഖലയെ (South Zone) പ്രതിനിധീകരിക്കുകയും ഇന്ത്യ അണ്ടർ-23 ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ (KCA) മികച്ച ഫാസ്റ്റ് ബൗളർക്കുള്ള പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുള്ള അദ്ദേഹം നിലവിൽ കെ.സി.എ അണ്ടർ-16 ആൺകുട്ടികളുടെ ടീമിന്റെ മുഖ്യ പരിശീലകനായും സേവനമനുഷ്ഠിച്ചു വരികയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സീനിയർ അസോസിയേറ്റ് ആയ അഭിഷേക്, എസ്.ബി.ഐ ക്രിക്കറ്റ് ടീം അംഗം കൂടിയാണ്.
ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ 16 അംഗ കരുത്തുറ്റ ടീമിനെയാണ് ലേലത്തിലൂടെ ഫ്രാഞ്ചൈസി ഇത്തവണ അണിനിരത്തുന്നത്.
Content Highlights: Abhishek Mohan appointed as head coach for Trivandrum Royals in KCL 2026., Brings extensive experience from Ranji Trophy and domestic cricket., Previous accolades include top wicket-taker in 2014-15 U-23 season., Trivandrum Royals to face Alleppey Ripples on August 21., Team assembled with a balanced 16-member squad.