'കൊറിയക്കാരുടെ വൃത്തിയും എന്റെ കാലിലെ സ്ലിപ്പറും; സ്‌നേഹബന്ധത്തിന് ഭാഷ തടസ്സമായില്ല'

ഇഞ്ചിയോണ്‍ മീഡിയ വില്ലേജിന് സമീപം ബസില്‍ കയറാനായി നില്‍ക്കുമ്പോള്‍ വീണ്ടും ഓര്‍മകള്‍ വന്നുമൂടി. കഴിഞ്ഞ രണ്ടര ആഴ്ച ഇവിടെ ചെലവഴിച്ച നിമിഷങ്ങള്‍... കടന്നുപോയ സംഭവങ്ങള്‍... പരിചയപ്പെട്ട ആളുകള്‍... ഇന്ത്യന്‍ താരങ്ങളുടെ വാഴ്ചയും വീഴ്ചയും... മായാചിത്രങ്ങള്‍ പോലെ ഓരോ സംഭവങ്ങളും മനസ്സിലൂടെ കടന്നുപോയി.
ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി ആദ്യം പരിചയപ്പെട്ട വളണ്ടിയര്‍ പെണ്‍കുട്ടി-ജിന്‍ യങ് വാന്‍. ഇംഗ്ലീഷ് അത്ര വശമില്ലെങ്കിലും ഹൃദയത്തിന്റെ ഭാഷ ആര്‍ക്കും മനസിലാകുമെന്ന് എന്നെ പഠിപ്പിച്ചവള്‍. ജിന്‍ യങ് വാന്‍ ഒരു തുടക്കമായിരുന്നു. രണ്ടരയാഴ്ചക്കാലയളവിനുള്ളില്‍ എത്രയോ കൊറിയക്കാരെ പരിചയപ്പെട്ടു. പെണ്‍കുട്ടികള്‍, യുവാക്കള്‍, പാചകക്കാര്‍, റെസ്റ്റോറന്റ് നടത്തുന്നവര്‍, അധ്യാപികമാര്‍, വീട്ടമ്മമാര്‍, ടാക്‌സി ഡ്രൈവര്‍മാര്‍, പട്ടാളക്കാര്‍... ജീവിതത്തില്‍ ഇനിയൊരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്തവര്‍. ആ ചുരുങ്ങിയ നിമിഷങ്ങളിൽ അവര്‍ നല്‍കിയ സ്‌നേഹവും സന്തോഷവും എന്നും കൂടെക്കാണും .
Content Highlights: incheon asian games-memories-pj jose