24 വർഷത്തെ കാത്തിരിപ്പ്; ബോബി അലോഷ്യസിനുശേഷം ഹൈജമ്പിൽ മെഡൽ നേടി പൂജാ സിങ്

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
പൂജ സിങ്/ ബോബി അലോഷ്യസ്‌ | Photo: instagram/ pooja singh/ mathrubhumi archives
പൂജ സിങ്/ ബോബി അലോഷ്യസ്‌ | Photo: instagram/ pooja singh/ mathrubhumi archives

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 24 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വനിതകളുടെ ഹൈജമ്പിൽ മെഡൽ. ഇന്ത്യയുടെ 19-കാരി പൂജാ സിങ് വെങ്കലം നേിടയാണ് ചരിത്രമെഴുതിയത്. 1.84 മീറ്റർ ഉയരം പിന്നിട്ടായിരുന്നു പൂജയുടെ വെങ്കലം.

1.90 മീറ്റർ ഉയരം പിന്നിട്ട് തന്റെ മികച്ച വ്യക്തിഗത പ്രകടനത്തോടെ ഉസ്‌ബെകിസ്താന്റെ സയ്ഫുള്ളാവ സ്വർണം നേടി. കസാകിസ്താന്റെ ക്രിസ്റ്റിന ഒവ്ചിന്നിക്കോവയ്ക്കാണ് വെള്ളി.

2002-ൽ ബോബി അലോഷ്യസാണ് ഇതിന് മുമ്പ് ഹൈജമ്പിൽ ഇന്ത്യക്കായി മെഡൽ നേടിയ താരം. അന്ന് ഏഷ്യൻ ഗെയിംസിൽ മലയാളി താരം വെള്ളിയാണ് നേടിയത്.

കഴിഞ്ഞ മെയിൽ ദേശീയ റെക്കോർഡ് തിരുത്തി പൂജ ഏഷ്യൻ അണ്ടർ-20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്നു. അന്ന് 14 വർഷമായി സഹന കുമാരിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് 1.93 മീറ്റർ ഉയരം പിന്നിട്ടാണ് പൂജ തിരുത്തിയത്. എന്നാൽ ആ പ്രകടനം നഗോയയിൽ ആവർത്തിക്കാൻ പൂജയ്ക്കായില്ല.

കഴിഞ്ഞ ദിവസം പുരുഷൻമാരുടെ ഹൈജമ്പിൽ സർവേഷ് കുശാര ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. 2.25 മീറ്റർ ഉയരമാണ് സർവേഷ് പിന്നിട്ടത്. സ്വർണം നേടിയ ചൈനീസ് തായ്‌പെയിയുടെ താരവും ഇതേ ഉയരമാണ് പിന്നിട്ടത്. എന്നാൽ ചൈനീസ് തായ്‌പെയ് താരം ആദ്യ ശ്രമത്തിൽ തന്നെ ഈ ഉയരം താണ്ടിയതിനാൽ ഒന്നാമതെത്തുകയായിരുന്നു.

Content Highlights: Pooja Singh won a bronze medal in the women's high jump at the Asian Games., This is India's first medal in this category in 24 years, following Bobby Aloysius in 2002., Pooja cleared a height of 1.84 meters to secure the podium finish.