പരുൾ ചൗധരിക്കും ഗുൽവീർ സിങ്ങിനും ഇരട്ട മെഡൽ; 42 വർഷത്തെ റെക്കോർഡ് തിരുത്തി വിത്യ രാംരാജ്

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡലുമായി ഗുൽവീർ സിങ്ങും പരുൾ ചൗധരിയും. 10000 മീറ്ററിൽ വെള്ളി നേടിയിരുന്ന ഗുൽവീർ 1500 മീറ്ററിലും വെള്ളി കഴുത്തിലണിഞ്ഞാണ് നഗോയയിൽ ഇരട്ട മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ വെങ്കലം നേടിയതിന് പിന്നാലെ 5000 മീറ്ററിലും മൂന്നാമതെത്തിയാണ് പരുൾ രണ്ട് വെങ്കലങ്ങൾ ഇന്ത്യയുടെ അക്കൗണ്ടിലെത്തിച്ചത്.
തിങ്കളാഴ്ച നടന്ന 1500 മീറ്റർ ഓട്ടത്തിൽ തന്റെ മികച്ച വ്യക്തിഗത പ്രകടനത്തോടെയായിരുന്നു ഗുൽവീറിന്റെ വെള്ളി. മൂന്ന് മിനിറ്റ് 36.72 സെക്കന്റിലാണ് താരം ഓടിയെത്തിയത്. ജപ്പാന്റെ കസുറ്റോ ലിസാവ സ്വർണം നേടിയപ്പോൾ മറ്റൊരു ജപ്പാൻ താരം നഗിയ മോറി വെങ്കലം നേടി. ഇതേ ഇനത്തിൽ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം യൂനുസ് ഷാ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
തിങ്കളാഴ്ച നടന്ന 5000 മീറ്ററിൽ മൂന്നാമതെത്തിയാണ് പരുൾ ചൗധരി ഇരട്ടമെഡൽ നേടിയത്. 15 മിനിറ്റ് 14.61 സെക്കന്റിൽ പരുൾ മത്സരം പൂർത്തിയാക്കി. രണ്ടാം സ്ഥാനത്തിനായി ജപ്പാൻ താരം നൊസോമി തനാകയ്ക്ക് പരുൾ കടുത്ത മത്സരവും നൽകി. പരുളിനേക്കാൾ 1.46 സെക്കന്റ് കുറവ് സമയമെടുത്താണ് നൊസോമി വെള്ളി നേടിയത്. 15 മിനിറ്റ് 10.18 സെക്കന്റിൽ ഓടിയെത്തിയ ബഹ്‌റൈന്റെ വിൻഫ്രഡ് യാവി സ്വർണം നേടി.
മൂന്ന് ദിവസം മുമ്പ് പരുൾ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിലും വെങ്കലം നേടിയിരുന്നു. ഒമ്പത് മിനിറ്റ് 08.67 സെക്കന്റിൽ ഓടിയെത്തി ദേശീയ റെക്കോർഡോടെയായിരുന്നു ഈ വെങ്കലം. 1500 മീറ്ററിലും മത്സരിച്ചിരുന്നെങ്കിലും നാലാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.
നേരത്തെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡോടെ വിത്യാ രാംരാജ് വെങ്കലം നേടിയിരുന്നു. പി.ടി ഉഷയുടെ പേരിലുണ്ടായിരുന്ന 42 വർഷത്തെ റെക്കോർഡാണ് വിത്യ മറികടന്നത്. 54.75 സെക്കന്റാണ് വിത്യയെടുത്ത സമയം. ഇതോടെ 55 സെക്കന്റിൽ താഴെ സമയമെടുത്ത് 400 മീറ്റർ ഹർഡിൽസിൽ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ വനിതയായും വിത്യ രാംരാജ് മാറി. നേരത്തെ 4x400 മീറ്റർ മിക്‌സഡ് റിലേയിൽ വിത്യ വെള്ളി മെഡൽ നേടിയിരുന്നു.
അതേസമയം 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ കഴിഞ്ഞ വർഷം സ്വർണം നേടിയിരുന്ന അവിനാഷ് സാബ്ലെ ഇത്തവണ നിരാശപ്പെടുത്തി. അദ്ദേഹത്തിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Content Highlights: Gulveer Singh won silver in both 10000m and 1500m events., Parul Chaudhary secured bronze medals in both 3000m steeplechase and 5000m., Vithya Ramraj broke PT Usha's 42-year-old national record in 400m hurdles with a time of 54.75 seconds.