പുതിയൊരു ലോകത്തിലൂടെ ഹൃദയത്തില്‍ പെയ്തിറങ്ങിയ ഭദ്രസംഗീതം | അഭിമുഖം

ഭദ്ര രാജിന്‍  | Photo : Facebook
ഭദ്ര രാജിന്‍ | Photo : Facebook

ഹൃദയത്തിലെ പുതിയൊരു ലോകമെന്ന പാട്ടിൽ മിന്നി മറയുന്ന മലര്‍ ചെണ്ടില്‍ ഓരോ മൊട്ടുമെന്ന... വരിയ്ക്ക് പ്രത്യേക ഫാന്‍ബെയിസ് തന്നെയുണ്ട്.  96 ലെ കാതലെ കാതലെയ്ക്ക് ആദ്യമായി ചുണ്ട് ചലിപ്പിച്ചത് ഇതേ പാട്ടുകാരി തന്നെ- ഭദ്രാ രജിന്‍ എന്ന മലയാളിയാണ്. കവര്‍ സോങ്ങുകള്‍  മനോഹരമാക്കി സം​ഗീതപ്രേമികളുടെ ഹൃദയത്തിലിടം പിടിച്ച ഭദ്രയ്ക്ക് തമിഴിലും മലായാളത്തിലും മാത്രമല്ല തെലുങ്കിലും കന്നടയിലും വലിയൊരു ആരാധകനിര തന്നെയുണ്ട്. പാടിയ പാട്ടുകള്‍ക്ക് പിന്നിൽ ഭദ്രയ്ക്ക് പറയാന്‍ കഥകളുണ്ട്. 

പുതിയൊരുലോകം... എന്ന ഗാനം വളരെയധികം പേരുടെ ഹൃദയത്തില്‍ സിനിമയുടെ പേരുപോലെ തന്നെ എത്തിപ്പെട്ടിരുന്നു. എങ്ങനെയാണ് ആ പാട്ടു പാടാനിടയായത്?

അതെനിക്ക് ഇപ്പോഴും അറിയില്ല. ഒരു സുപ്രഭാതത്തില്‍ എനിക്കൊരു ഹിഷാമിന്റെ കോള്‍ വന്നു. സ്റ്റുഡിയോയില്‍ വരണം സൗണ്ട് ചെക്ക് ചെയ്യാനാണെന്നാണ് പറഞ്ഞത്. എന്റെ ഹിന്ദുസ്ഥാനി ക്ലാസില്‍ ഒരു ദിവസം ഞാന്‍ ഹിഷാമിനെ കണ്ടിട്ടുണ്ട്. അന്ന് പരിചയപെട്ടു. എന്റെ നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്നറിയില്ല. എന്റെ കൈയില്‍ ഹിഷാമിന്റെ നമ്പര്‍ ഉണ്ടായിരുന്നോ എന്നോര്‍മയില്ല. ഞാന്‍ പാടാനായി പോയി ഏത് സിനിമയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. പോയപ്പോള്‍ തന്നെ ആദ്യം കണ്ടത് വിനീത് ചേട്ടന്റെ മുഖം ആയിരുന്നു. അപ്പോള്‍  തന്നെ എന്റെ പകുതി കോണ്‍ഫിഡന്‍സും എക്‌സൈറ്റ്‌മെന്റില്‍ പോയി. പക്ഷേ അദ്ദേഹം വളരെ സപ്പോര്‍ട്ടീവായിരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം  ഞാനും എന്റെ കുഞ്ഞു മോളുമായിട്ടാണ് ഈ പാട്ടു പാടുന്നത്. ദാറ്റ് മീൻസ് ഐ വാസ് ഫൈവ് മന്ത് പ്രെഗ്നെന്റ്. അതുകൊണ്ടു തന്നെ അത്രയും കെയർ അവര്‍ എനിക്കു തന്നിരുന്നു സോ ഞാന്‍ അത്രയും കംഫര്‍ട്ടായിരുന്നു. വിനീതേട്ടന്റെ രണ്ടാമത്തെ മോള്‍ ഉണ്ടായ സമയമായിരുന്നു മാത്രവുമല്ല ഒരാള്‍ നമ്മളെ എന്‍കറേജ് ചെയ്യുന്ന സമയത്ത് നമ്മള്‍ക്കെങ്ങനെ പാടാതിരിക്കാനാവും. അങ്ങനെയാണ് ഞാന്‍ ഹൃദയത്തില്‍ എത്തിപ്പെട്ടത്. അപ്പോഴും പറഞ്ഞത് സൗണ്ട് ചെക്ക് ചെയ്യാനാണ് ഉറപ്പില്ല എന്നാണ്. ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അപ്പോഴാണ് ഹിഷാം പറഞ്ഞത് പാട്ട് താങ്കളുടെ തന്നെയാണ് വരുന്നെതെന്ന്. ആ പാട്ട് ഞാന്‍ ആണ് പാടിയതെന്നറിയന്‍ ഒരു വര്‍ഷം കഴിഞ്ഞു ഏതായാലും ഇത്രയും വലിയ പ്രോജക്ടിന്റെ ഭാഗം ആകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

ആദ്യ സിനിമാ റെക്കോഡിങ് അനുഭവം പങ്കു വെയ്ക്കാമോ?

ഞാന്‍ ആദ്യം പാടിയത് ഗോവിന്ദ് വസന്തയുടെ '96' എന്ന മൂവിയിലെ അന്ദാതി എന്ന പാട്ടിലെ ചെറിയ ഭാഗമാണ്. ശരിക്കും കാതലെ കാതലെയുടെ ആദ്യവേര്‍ഷന്‍ എന്നു തന്നെ പറയാം. അതിനു ശേഷമാണ് കട്ട് വേര്‍ഷനായി ആ ഗാനം ചിന്‍മയി പാടിയത്. ഇത്രയും ഹിറ്റ് ആയ ഭാഗം തന്നെ പാടാന്‍ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ് അതില്‍ എനിക്ക് അഭിമാനം ഉണ്ട്.

ഗോവിന്ദ് വസന്തയുടെ ​ഗാനത്തിലേക്കെത്തിയത് എങ്ങനെയായിരുന്നു? 

കപ്പ ടി വി യിലെ മുസിക് മോജോ ഞാന്‍ ഒരു ഗാനം പാടിയിരുന്നു. ഗോവിന്ദിന്റെ ഭാര്യയെ എനിക്ക് മുന്നേ അറിയാം. കപ്പ ടിവിയിലെ ഒരു പാട്ട് ഞാന്‍ അവര്‍ക്ക് അയച്ച് കൊടുക്കുകയുണ്ടായി. പുള്ളിക്കാരിയാണ് ഇത് ഗോവിന്ദിന് കേള്‍പിച്ച് കൊടുത്തത്. ഗോവിന്ദുമായി മുന്‍ പരിചയം ഇല്ലായിരുന്നു. പക്ഷേ അമ്മ ഗോവിന്ദിനായി 'സോളോ' എന്ന സിനിമയില്‍ പാടിയിട്ടുണ്ട്. എന്റെ പാട്ട് കേട്ടപ്പോള്‍ തന്നെ ഗോവിന്ദ് എന്നെ വിളിച്ച് ചെന്നൈയിലേക്ക് റെക്കോഡിങ്ങിനായി ചെല്ലാൻ ആവശ്യപെട്ടു ഞാന്‍ ഓക്കെ പറഞ്ഞു അപ്പോഴും എന്നിക്കറിയില്ലായിരുന്നു ഇത്രയും വലിയ വിജയം ആകാന്‍ പോകുന്ന വിജയ്‌സേതുപതി-തൃഷ സിനിമയിലാണ് ഞാന്‍ പാടാന്‍ പോകുന്നതെന്ന്. പാടിക്കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഇതൊരു വമ്പന്‍ ഹിറ്റാകാന്‍ സാധ്യത ഉണ്ടെന്ന് ഏതായാലും വലിയ ഹിറ്റായി ഇത് ഞാനാണ് പാടിയത് എന്ന് ആര്‍ക്കും അറിയില്ല.

ഗോവിന്ദ് വസന്തയ്ക്ക് വേണ്ടി ആലപിച്ച കപ്പ ടിവിയിലേ പാട്ട് ഏതായിരുന്നു? 

മ്യൂസിക്ക് മോജോ സീസണ്‍ വണ്‍ ഇറങ്ങിയപ്പോള്‍ പാടിയ പാട്ടായിരുന്നു. പാട്ട് സ്‌പെസിഫൈ ചെയ്ത് അറിയില്ല 'റാസയ്യയ്യോയോ' 'മനോഗതമോ' ആണ്. ആ പാട്ടുകളൊക്കെ അത്യാവശ്യം ഹിറ്റ് ആയിരുന്നു. ഒരുവിധം എല്ലാവരും കേട്ടിരുന്നു. അതിലെ എന്റെ സൗണ്ട് ടെക്‌സ്ച്ചര്‍ കണ്ടിട്ടായിരുന്നു എന്ന് തോന്നുന്നു ഗോവിന്ദ് വിളിച്ചത്.

സോളോയിലെ ഏതു പാട്ടായിരുന്നു അമ്മ പാടിയത്?

അതിലെ അയ് ഗിരി നന്ദിനി എന്ന പാട്ടയിരുന്നു. മീര ജയപ്രകാശ് എന്നാണ് അമ്മയുടെ പേര്. ഗോവിന്ദും അമ്മയും ചേര്‍ന്നാണ് അത് പാടിയത്. കോറസ് ആയി കുറച്ച് പെണ്‍കുട്ടികളും.

കുടുംബത്തെ കുറിച്ച് പറയാമോ? കുടുംബപശ്ചാത്തലം സംഗീതലോകത്തേക്ക് വരാന്‍ സഹായിച്ചിട്ടുണ്ടോ? 

അച്ഛന്‍, അമ്മ, ഭര്‍ത്താവ്, രണ്ടു കുട്ടികള്‍ ഇതാണ് എന്റെ കുടുംബം. മൂത്തയാള്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയാള്‍ക്ക് രണ്ടുവയസ്സ്. എന്നെ സംഗീതലോകത്തേക്ക് കൊണ്ടുവന്നത് എന്റെ അമ്മയാണ്, എന്റെ വഴികാട്ടി. സംഗീതം ആണ് എന്റെ വഴി എന്ന് തിരിച്ചറിഞ്ഞത് എൻജിനീയറിംഗ് സെക്കൻഡ് ഇയര്‍ പഠിക്കുമ്പോഴായിരുന്നു. പഠനത്തില്‍ എനിക്ക് കുഴപ്പങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എൻജിനീയറിംഗ് പഠിക്കാന്‍ പോയി. അതുകഴിഞ്ഞാണ് എന്റെ വഴി ഇതല്ല സംഗീതമാണ് എന്ന് തിരിച്ചറിവുണ്ടായത്. കുഞ്ഞിലെ മുതല്‍ തന്നെ പാടുമായിരുന്നു അമ്മ പാട്ട് പഠിപ്പിക്കുമായിരുന്നു. അമ്മയുടെ ഗുരുനാഥന്‍ കൊടുങ്ങല്ലൂര്‍ രാമചന്ദ്രന്‍ സാറില്‍ നിന്ന് കുറച്ചു കാലം കര്‍ണാടകസം​ഗീതം പഠിച്ചു. ആ സമയത്താണ് സൂപ്പര്‍ സ്റ്റാര്‍ സീസണ്‍ ടു ഒഡീഷനിലേക്ക് അമ്മ അയക്കുന്നത്. ഞാനങ്ങനെ മത്സരങ്ങളില്‍ ഒന്നും പങ്കെടുത്തിട്ടില്ലായിരുന്നു. ആദ്യമായിട്ടായിരുന്നു അത്. ഞാന്‍ പോയി ആദ്യ റൗണ്ട് കയറി അപ്പോഴും അമ്മ പറഞ്ഞത് വെറുതെ നമുക്ക് നോക്കാം എന്നായിരുന്നു. വെറുതെ വളരാനുള്ള അവസരം മാത്രം ആയി കണ്ടാല്‍ മതി എന്ന്. അങ്ങനെ രണ്ടാം ഒഡീഷനും കഴിഞ്ഞു ഞാന്‍ തിരുവനന്തപുരം കഴിഞ്ഞു ആലപ്പുഴയിലേക്ക് പോകുന്ന വഴിയാണ് 'യു ആര്‍ സെലക്ടഡ്' എന്ന് മെസേജ് വന്നത്. വരുന്നത് വരട്ടെ എന്ന് വിചാരിച്ചാണ് പാടാന്‍ പോയത്. ശരിക്കും സൂപ്പര്‍ സ്റ്റാര്‍ ആണ് വാഴിത്തിരിവായത്. എങ്ങനെയൊക്കെ പാട്ട് പഠിക്കാം അല്ലെങ്കില്‍ ഏതൊക്കെ തരത്തില്‍ പാട്ടുകള്‍ ഉണ്ട് എന്നൊക്കെ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങിയത് സൂപ്പര്‍ സ്റ്റാറിന് ശേഷമാണ്. എലിമിനേഷന് ശേഷം ആദ്യം ചെയ്തത് ഹിന്ദുസ്ഥാനി പഠിക്കാന്‍ ചേര്‍ന്നതായിരുന്നു. അച്ഛന്‍ പി ഡബ്യു ഡി എൻജിനീയര്‍ ആയിരുന്നു. വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. ഒറ്റ നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്‍ജിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് വാങ്ങുക സെറ്റിലാവുകയെന്നത് അതിന് ശേഷം എന്തുവേണേലുമായിക്കോ എന്നായിരുന്നു.

കുട്ടികള്‍ക്ക് പാട്ടിനോട് താത്പര്യം ഉണ്ടോ?

മുത്തയാള്‍ പാടും. എന്റെ അമ്മ തന്നെയാണ് പാട്ട് പഠിപ്പിക്കുന്നത് ഇപ്പോള്‍ ചെറിയ ഗ്യാപ്പ് വീണു ഏകദേശം പഠിക്കുന്നുണ്ട് എന്ന് പറയാം
സ്‌കൂള്‍ കോമ്പറ്റീഷനില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ ഒക്കെ വാങ്ങിയിട്ടുണ്ട്. രണ്ടാമത്തേയാള്‍ വളര്‍ന്നു വരുന്നതല്ലേയുള്ളു. എന്താകുമെന്ന് അറിയില്ല.

96 ന് ശേഷം ഏതു ഭാഷയില്‍ ആണ് പാടിയത്? 

96 നു ശേഷം തെലുങ്കിലേക്ക് പോയത്. അതിനു ശേഷം മലയാളത്തില്‍ പാടാന്‍ അവസരം കിട്ടിയില്ലന്ന് പറയാന്‍ സാധിക്കില്ല. 2020  ജൂണിലോ ജൂലൈയിലോ പാടിയിരുന്നു. അതിനു ശേഷം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ പാടിയത് തെലുങ്കില്‍ 2018 ലോ 2019 ലോ തെലുങ്കില്‍ ബ്രോച്ചേവറേവറുവാ. വിവേക് സാഗര്‍ ആയിരുന്നു സംഗീതം.പിന്നേ ഗോപി സുന്ദറിന്റെ നിശബ്ദം എന്ന തെലുഗു സിനിമയിലും അതിന്റെ മലയാളം ഡബ്ബിലും പാടി. നജീമിക്കയുടെ കൂടെ ഒരു ഡ്യുവറ്റ് പാടി. ഗ്യാപ്പിന് ശേഷം തമിഴില്‍ പാടിയത് കാപ്പേ റണ സിങ്കം എന്ന വിജയ്‌സേതുപതിയുടെ സിനിമയിലാണ്. ക്ലൈമാക്‌സില്‍ വിജയ് സേതുപതി മരിച്ച് ബോഡി കൊണ്ടുവരുമ്പോഴുള്ള പാട്ടായിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാന്‍ കണക്കാക്കുന്നു. വൈരമുത്തു സാര്‍ എഴുതി ജിബ്രാന്‍ സംഗീതം കൊടുത്ത പാട്ടായിരുന്നു. നാഷണല്‍ അവാര്‍ഡ് വരെ ലഭിച്ച രണ്ടുപേരുടെ കൂടെ വര്‍ക്ക് ചെയ്തത് വലിയ ഭാഗ്യമായിരുന്നു.
 
മലയാളത്തിലെ ആദ്യ ഗാനം ഏതായിരുന്നു?

ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബിജിബാൽ സാറിന്റെ 'വെള്ളം' സിനിമയിലെ ചൊക ചൊകന്നൊരു സൂര്യന്‍ എന്ന പാട്ടായിരുന്നു. അതിനു മുമ്പ് ചെറിയ ചെറിയ സിനിമകളില്‍  പാടിയിട്ടുണ്ട്. രണ്ടെണ്ണം ഇറങ്ങിയിട്ടുണ്ട്.  

ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ എതെങ്കിലും പാട്ടിന് അഭിനന്ദനങള്‍ കിട്ടിയിട്ടുണ്ടോ?

ഹൃദയത്തിലെ പുതിയൊരു ലോകത്തിന് നല്ല വോയ്‌സ് ടെക്‌സ്ച്ചറാണെന്ന് വലിയ രീതിയില്‍ അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ട് .പിന്നെ രസയ്യയോയും അത് എനിക്ക് തെലുങ്കിലും കന്നടയിലും വളരെയേറെ ഫാന്‍സിനെ സമ്മാനിച്ചു. ഈ രണ്ടു പാട്ടുകളും ജീവിതത്തില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത പാട്ടുകള്‍ ആയിരുന്നു.
 

കിച്ചാ സുദീപ് നായകനായ കന്നഡ സിനിമയിലെ റാറാറാക്കമ്മ എന്ന പാട്ടിന്റെ മലയാളം വേര്‍ഷന്‍ ഹിറ്റാണല്ലോ

ഹൃദയത്തില്‍ ചെന്നെത്തിയത് പോലെ ഈ പാട്ടിന് വലിയ കഥകളില്ല. ശരിക്കും ഈ പാട്ട് പാടി രണ്ടാമത്തെ ദിവസമാണ് റീലീസായത്. വേറെ ആരെയോ കൊണ്ട് ആദ്യം റെക്കോഡ് ചെയ്ത് വെച്ചിരുന്നു. പക്ഷേ അവര്‍ അതില്‍ സാറ്റിസ്‌ഫൈഡ് ആല്ലായിരുന്നെന്ന് തോന്നുന്നു. ഈ ടീമിന്റെ തന്നെ ഈ സിനിമയക്കാണോ വേറെ സിനിമയ്ക്കാണോയെന്ന് അറിയില്ല ഞാന്‍ ഒരു ഡബ്ബ്ഡ് സോളോ സോങ്ങ് പാടിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കെന്റെ വോയ്സ് ടെക്‌സ്ച്ചര്‍ അറിയാം. സൗണ്ട് ടെസ്റ്റിനായി വിളിച്ചതാണ്. എന്നിട്ട് അവര്‍ ഞാനാണ് ഈ പാട്ട് പാടേണ്ടതെന്ന് കണ്‍ഫേം ചെയ്തു. അപ്പോഴും എനിക്കറിയില്ല ടിപ്പു സാറിന്റെ കൂടെയാണ് ഞാനീ പാട്ടു പാടുന്നതെന്ന്. ഞാനെന്റെ പോര്‍ഷന്‍ പാടി അയച്ചു ഓണ്‍ലൈനായാണ് റെക്കോഡ് ചെയ്തത്. പാടുമ്പോള്‍ ഉള്ളില്‍ നിന്ന് ഫീല്‍ ചെയ്യില്ലേ ഇതു അടിപൊളിയാകുമെന്ന് അതെനിക്ക് ഈ പാട്ടിന്റെ കാര്യത്തില്‍ ഫീല്‍ ചെയ്തിരുന്നു. ഇത് അറേഞ്ച് ചെയ്യുന്ന വിന്‍സെന്റ് അങ്കിളിനോടാണ് ആദ്യം നന്ദി പറയേണ്ടത്. വലിയ വലിയ വ്യക്തികളോടൊപ്പം വര്‍ക്ക് ചെയ്തിരുന്നു അദ്ദേഹം. ഭദ്ര ഈ പാട്ടിന് ചെന്നൈയില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് പാട്ടിന് ഇപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യു എന്ന്.

ഇനി റിലീസ് ആവാനുള്ള പാട്ടുകൾ?

സായാഹ്നവാര്‍ത്തകള്‍ എന്ന സിനിമയിലെ ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തിലെ പാട്ട് കുറച്ച് ദിവസം മുന്നേ റിലീസായിരുന്നു. ഇത് ഒരു റാപ്പ് സോങ്ങാണ്. ഇതിലെ ഒരു ചെറിയ ഭാഗം കര്‍ണ്ണാട്ടിക്ക് ശൈലിയില്‍ ഞാന്‍ പാടിയിരുന്നു. ഈ സിനിമയിലെ തന്നെ വേറൊരു ഗാനം ടൈറ്റിൽ സോങ് ഞാന്‍ പാടിയിട്ടുണ്ട്. ഏകദേശം 2018 - 2019ലാണ് ആ പാട്ട് റെക്കോഡ് ചെയ്തിരുന്നത്. വൈകാതെ തന്നെ റിലീസാവുന്നതാണ്. പിന്നെ എം ജയചന്ദ്രന്‍ സാറിന്റെ കുര്‍ബാനി എന്ന സിനിമയില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. യാസിന്‍ സാറുമായുള്ള ഡ്യുവറ്റാണത്. മെയിഡ് ഇന്‍ കാരവാനില്‍ ബിനു തോമസ് എന്ന മ്യൂസിക്ക് ഡയറക്ടറിനായും പാടിയിട്ടുണ്ട്.

സ്കൂളിലൊക്കെ അറിയപ്പെടുന്ന പാട്ടുകാരിയായിരുന്നോ? 

സ്‌കൂളില്‍ നിന്ന് സബ് ജില്ല വരെ പോയിട്ടുണ്ട് അതിനപ്പുറം പോയിട്ടില്ല. ലളിതഗാനം, ശാസ്ത്രീയസംഗീതം എന്നിവയിലായിരുന്നു കൂടുതലും പങ്കെടുത്തിരുന്നത്. അടിസ്ഥാനപരമായി ഞാനൊരു സ്കൂളില്‍ ഓള്‍ ഇന്‍ ഓള്‍ ആയിരുന്നു. നാടകം, ഗാനമേള, ഓര്‍ക്കെസ്ട്രാ എന്നിവയിലൊക്കെ കൈകടത്തിയിരുന്നു. എല്ലാത്തിനും പാടുന്നതിനെക്കാളും ഓര്‍ക്കസ്ട്രയിലായിരുന്നു ഞാന്‍ മുന്നിലുണ്ടായിരുന്നത്. കൂടാതെ എപ്പോഴോ തബല വായിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതൊന്നും ഓര്‍മ്മയിലില്ലായെന്നതാണ് സത്യം.

ജീവിതത്തില്‍ സംഗീതത്തിന്റെ പ്രാധാന്യം എത്രത്തോളമാണ്. താങ്കളെ സംബന്ധിച്ച് എന്താണ് സംഗീതം?

ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും എന്റെ കൂടെയുള്ള ഒന്നാണ് സംഗീതം. അത് വേറെയായി കണക്കാക്കുന്നില്ല. മാറ്റി നിര്‍ത്തേണ്ടതുമല്ല. കുടുംബവും സംഗീതവും ഞാന്‍ ഒരുപോലെ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നു. രണ്ടിന് വേണ്ടിയും സമയം ചിലവഴിക്കണം. അല്ലെങ്കില്‍ രണ്ട് വഴിക്കാവും. സോ സീരിയസായി തന്നെയാണ് മ്യൂസിക്കിനെ കണക്കാക്കുന്നത്. ചിലപ്പോള്‍ ഫെയിമിലേക്ക് വരാം, വരാതെ പോകാം അതൊന്നും ഞാന്‍ വലുതായെടുക്കുന്നില്ല. എടുത്തു പറയണ്ട പ്രധാനകാര്യം എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടായ ഭര്‍ത്താവ് റെജിനാണ്. ഞാന്‍ വളരെ അന്തര്‍ മുഖയാണ്. പത്താളുകള്‍ കൂടുന്ന സ്ഥലത്ത് പാടാന്‍ വളരെ മടിയായിരുന്നു. 2011 ലായിരുന്നു എന്റെ കല്യാണം. അന്നു മുതല്‍ എന്നെ ഓരോന്നിനായി ഉന്തിത്തള്ളി വിടുന്നത് അദ്ദേഹമാണ്. അത്രയും സപ്പോര്‍ട്ട് എവിടെയും കിട്ടാത്തതു കൊണ്ട് ഓര്‍ത്തുവെക്കാറില്ല.

Content Highlights: Bhadra Rajin, Singer, Playback Singer, Interview