നിര്‍മ്മിക്കുന്നവയില്‍ 40%-വും ഒറ്റത്തവണ ഉപയോഗമുള്ളത്; കുന്നുകൂടുന്ന പ്ലാസ്റ്റിക്

കേവലം ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ പെട്രോളിയത്തില്‍ നിന്നും പ്ലാസ്റ്റിക് ഉണ്ടാക്കിത്തുടങ്ങിയിട്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ആയിരക്കണക്കിന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങിയത്. ഇന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്തൊരു ജീവിതം ചിന്തിക്കാന്‍ പോലുമാവില്ല. ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ മുതല്‍ കാറുകളുടെയും വിമാനങ്ങളുടെയും ഭാരം കുറച്ച് അവയെ കൂടുതല്‍ ഇന്ധനക്ഷമമാക്കി മലിനീകരണം ധാരാളമായി കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി ഉപകരണങ്ങള്‍ മുതല്‍ ജീവന്റെ രക്ഷയ്ക്ക് ഉതകുന്ന ഹെല്‍മറ്റുകള്‍, ഇന്‍ക്യുബേറ്ററുകള്‍, ജലം ശുദ്ധീക്കരിക്കാനുള്ള ഉപകരണങ്ങള്‍ എല്ലാം പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കുന്നു.
എങ്കിലും ഇന്ന് നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ ഏതാണ്ട് നാല്‍പ്പത് ശതമാനവും കേവലം ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. പ്ലാസ്റ്റിക് സഞ്ചികളും ഭക്ഷണം പൊതിയുന്ന കൂടുകളും എല്ലാം കേവലം നിമിഷങ്ങളോ മണിക്കൂറുകളോ മാത്രമാണ് ഉപയോഗിക്കുന്നത്. ഇത്ര കുറച്ചുസമയമേ മനുഷ്യര്‍ ഇവ ഉപയോഗിക്കുന്നുള്ളൂവെങ്കിലും ഇവ വേണ്ടപോലെ സംസ്‌കരിച്ചില്ലെങ്കില്‍ പരിസ്ഥിതിയെ മലിനപ്പെടുത്തിക്കൊണ്ട് നൂറ്റാണ്ടുകളോളം അഴുകാതെ ഭൂമിയിലെ ജീവികള്‍ക്കും പ്രകൃതിക്കും ഹാനികരമായി അവ നിലകൊള്ളും.
1950 ല്‍ കേവലം 23 ദശലക്ഷം ടണ്‍ ആയിരുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം 2015 ആയപ്പോഴേക്കും 448 ദശലക്ഷം ടണ്‍ ആയിമാറി. 2050 ആവുമ്പോഴേക്കും ഇത് ഇരട്ടിക്കുമെന്നാണ് അനുമാനിക്കുന്നത്. സമുദ്രതീരത്തുള്ള രാജ്യങ്ങളില്‍ നിന്നുമാത്രം വര്‍ഷംതോറും എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് കടലില്‍ എത്തുന്നു. സമുദ്രത്തിന്റെ ഉപരിതലത്തില്‍ മുതല്‍ ആഴക്കടല്‍ വരെയുള്ള അവശിഷ്ടങ്ങളുടെ 80 ശതമാനത്തോളം പ്ലാസ്റ്റിക് ആണ്. വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യമാണ് കടല്‍ ജീവികളുടെ ഭക്ഷണത്തിനൊപ്പം അവയുടെ വയറ്റില്‍ എത്തുന്നത്, പലപ്പോഴും അത് അവയുടെ മരണത്തില്‍പ്പോലും കലാശിക്കുന്നു. ജലത്തിലെ ജീവജാലങ്ങള്‍ക്കെല്ലാം പ്ലാസ്റ്റിക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ജൈവവ്യവസ്ഥയുടെ സൂക്ഷമായ സന്തുലനം തകരാറിലാക്കാന്‍ ഈ പ്ലാസ്റ്റിക് മലിനീകരണം വലിയ തോതില്‍ കാരണമാകുന്നുണ്ട്. അതോടൊപ്പം ജൈവവൈവിധ്യം നഷ്ടമാവാനും പ്ലാസ്റ്റിക് ഇടയാക്കുന്നു.
പലതരം പ്ലാസ്റ്റിക്കുകളുടെയും പുനരുപയോഗക്ഷമത വ്യത്യസ്തമാണ്. 1988 ല്‍ സൊസൈറ്റി ഫോര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രി റെസിന്‍ ഐഡന്റിഫിക്കേഷന്‍ കോഡ് (RIC) രൂപവല്‍ക്കരിച്ച് പ്ലാസ്റ്റിക്കിനെ ഏഴായി തരം തിരിക്കുകയുണ്ടായി. അവ
- PET(പെറ്റ്) ബോട്ടിലുകള്‍: ഉള്ളില്‍ ഓക്‌സിജന്‍ പ്രവേശിക്കുന്നതിനെ തടയാന്‍ ശേഷിയുള്ളതിനാല്‍ ഭക്ഷണവും വെള്ളവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ഇത് പൂര്‍ണ്ണമായി റീസൈക്കിള്‍ ചെയ്യാവുന്നവയാണ്.
- HDPE. ഹൈ ഡെന്‍സിറ്റി പോളി എതിലിന്‍: ഷാമ്പൂ ബോട്ടില്‍, കാര്‍ഷിക ആവശ്യത്തിനുള്ള പൈപ്പുകള്‍ എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഈ പ്ലാസ്റ്റിക്കിനെ അതിന്റെ ഗുണം നഷ്ടമാവാതെ 120 ഡിഗ്രി സെന്റീഗ്രേഡ് വരെ ചൂടാക്കാന്‍ കഴിയും. ഇതും നന്നായി റീസൈക്കിള്‍ ചെയ്യാനാവുന്നതാണ്.
- PVC: കുടിവെള്ള പൈപ്പുകള്‍ ഒക്കെയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആണ് ഇത്. കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മരം, സ്റ്റീല്‍, റബര്‍, കോണ്‍ക്രീറ്റ് തുടങ്ങി പലവസ്തുക്കള്‍ക്കും പകരമായി പീവീസി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ റീസൈക്കിള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായതിനാല്‍ ഇതിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്.
- LDPE: ഒറ്റത്തവണ ഉപയോഗിക്കുന്ന വളരെ കനംകുറഞ്ഞ പ്ലാറ്റിക് കാരിബാഗുകള്‍ ഉണ്ടാക്കുന്നത് ഇതുകൊണ്ടാണ്. ഏറ്റവും എളുപ്പത്തിലും ചെലവുകുറച്ചും ഉണ്ടാക്കാവുന്ന ഇതാണ് ഏറ്റവും മലിനീകരണത്തിനു കാരണമാവുന്ന പ്ലാസ്റ്റിക്കുകളില്‍ ഒന്ന്.
- PP (പോളിപ്രൊപിലീന്‍): കയര്‍, വള്ളികള്‍, ടേപ്പ്, കാര്‍പറ്റുകള്‍, അപ്ഹോള്‍സ്റ്ററി തുടങ്ങിയതെല്ലാം ഉണ്ടാക്കുന്ന ഈ പ്ലാസ്റ്റിക്കിന്റെ പ്രധാനഗുണം നിരവധിതവണ മടക്കുകയും നിവര്‍ത്തുകയും ചെയ്താലൊന്നും അതിന്റെ ഗുണം നഷ്ടപ്പെടില്ലെന്നതാണ്. ഇതിനെ റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതാണ്.
- PS (പോളിസ്‌റ്റൈറീന്‍): തെര്‍മോകോള്‍. വിലയും ഭാരവും കുറഞ്ഞ ഈ പ്ലാസ്റ്റിക് ഉപയോഗിച്ച് കപ്പുകള്‍, ഇന്‍സുലേഷന്‍, പാക്ക് ചെയ്യാനുള്ള സാമഗ്രികള്‍, മുട്ട കൊണ്ടുപോകാനുള്ള പാത്രങ്ങള്‍ എന്നിവയെല്ലാം ഉണ്ടാക്കാം. പെട്ടെന്ന് തീപിടിക്കുന്ന ഇവ ചൂടാക്കിയാല്‍ മാരകമായ രാസവസ്തുക്കള്‍ പുറത്തുവരുന്നവയാണ്. പാരിസ്ഥിതികമായി നോക്കിയാല്‍ ഇതാണ് ഏറ്റവും മോശം പ്ലാസ്റ്റിക്. റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുകയേ ഇല്ല.
- ഈ ആറെണ്ണത്തില്‍ വരാത്ത എല്ലാ ഇനം പ്ലാസ്റ്റിക്കും ഇതില്‍പ്പെടും. കണ്ണടച്ചില്ലുകള്‍ ഉണ്ടാക്കുന്ന പോളികാര്‍ബണേറ്റ് ഒക്കെ ഈ വിഭാഗത്തിലാണുള്ളത്, മൊബൈല്‍ ഫോണുകളില്‍ ഈ പ്ലാസ്റ്റിക് കാണാം. സി.ഡി ഉണ്ടാക്കുന്നത് ഇതുപയോഗിച്ചാണ്. ഏഴാമത് വരുന്ന ഈ ഗ്രൂപ്പില്‍ ഉള്ള പ്ലാസ്റ്റിക്കുകള്‍ ഒട്ടുംതന്നെ റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്തവയാണ്.
എന്താണ് പ്ലാസ്റ്റിക് മാലിന്യത്തിനുള്ള പരിഹാരം? ഏറ്റവും പ്രധാനമായത് ഉപയോഗം കുറയ്ക്കുക എന്നതുതന്നെയാണ്. ഉല്‍പ്പാദനം കുറയ്ക്കുന്നതോടൊപ്പം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. ഒരുതവണമാത്രം ഉപയോഗിക്കുന്ന സ്‌ട്രോ, സ്പൂണ്‍, കപ്പ്, പാത്രങ്ങള്‍ എന്നിവയെല്ലാം മനസ്സുവച്ചാല്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കാവുന്നതേയുള്ളൂ. പുനരുപയോഗിക്കാവുന്നതെല്ലാം വീണ്ടും ഉപയോഗിക്കുകയാണ് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള വേറൊരു മാര്‍ഗം. ഇതുവരെയുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ പത്തുശതമാനമേ ലോകമെങ്ങും റീസൈക്കിള്‍ ചെയ്തിട്ടുള്ളൂ, പിന്നൊരു പന്ത്രണ്ട് ശതമാനം കത്തിച്ചുകളഞ്ഞിട്ടുണ്ട്, ബാക്കിമുഴുവന്‍ മാലിന്യക്കൂമ്പാരങ്ങളിലും കടലിലും എത്തിച്ചേരുന്നു. വികസിതരാജ്യങ്ങള്‍ പല പ്ലാസ്റ്റിക് മാലിന്യങ്ങളും മൂന്നാം ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് അവരുടെ പരിസ്ഥിതി മലിനമാകാതെ നോക്കുന്നവരാണ്. ഉപയോഗശേഷം റീസൈക്കിള്‍ ചെയ്യാവുന്നവയെ അതിനായി വേര്‍തിരിച്ച് നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും അതിനുശേഷം അത് നിയമപരമായിത്തന്നെ കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യാം.
എന്തായാലും നിയമംകൊണ്ട് നിരോധിച്ചായാലും ഉല്‍പ്പാദനം കുറച്ചായാലും പുനരുപയോഗിച്ചായാലും മറ്റേത് മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചായാലും പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയിലേക്ക് എത്തുന്നത് തടഞ്ഞേ തീരൂ. ഒരിക്കല്‍ എത്തിയാല്‍ ജീവനും ജീവജാലങ്ങള്‍ക്കും ഭീഷണിയായി രോഗം പരത്തി, അത് കാലങ്ങളോളം നിലകൊള്ളും.
Content Highlights: Different Types of Plastic