നാടിന്റെ പ്രതീക്ഷയെ കാട്ടുതീ ചാരമാക്കി,പച്ചത്തുരുത്തായത് 50,000 മരങ്ങള്‍;ചന്ദന്‍ നയാലെന്ന ഫീനികിസ്

മൂടല്‍മഞ്ഞിനെ വകഞ്ഞുമാറ്റി നായിഗ്രാമത്തിലേക്ക് ബസ് എത്തിയപ്പോഴേക്കും ഉച്ചയോടടുത്തു. അപ്പോഴും സൂര്യനെ പാടെ മറച്ചുകൊണ്ട് ഗ്രാമമാകെ കോടമഞ്ഞാണ്. ചന്ദന്‍ നയാലിന്റെ ഗ്രാമത്തിലേക്കുള്ള വഴി തുടങ്ങുന്നത് അവിടെനിന്നാണ്. ചെറുപ്രായത്തിലേ മണ്ണില്‍ മായാജാലങ്ങള്‍ സൃഷ്ടിച്ച മാന്ത്രികനാണ് അദ്ദേഹം. കാട്ടുതീപടര്‍ന്ന് ചാരമായ നാടിനെ പ്രതീക്ഷയുടെ പച്ചത്തുരുത്താക്കിയത് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ്. അമ്പതിനായിരത്തിലധികം മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. കൂടാതെ ആയിരക്കണക്കിന് കുളങ്ങളും തോടുകളും ഉണ്ടാക്കി. ആ പച്ചമനുഷ്യനെത്തേടിയുള്ള യാത്രയാണ് ഉത്തരാഖണ്ഡിലെ നായിഗ്രാമത്തില്‍ എത്തിച്ചത്.കാതടപ്പിക്കുന്ന ഇരമ്പലോടെ ഡല്‍ഹിയില്‍നിന്നുവന്ന ബസ് മഞ്ഞിലേക്ക് എവിടെയോ പോയിമറഞ്ഞു. പൈന്‍മരങ്ങള്‍ തിങ്ങിനില്‍ക്കുന്ന വിജനമായ വഴി മുന്നില്‍ അവ്യക്തമായിക്കാണാം. ആകെയുള്ളത് ഒരു ചെറിയ ചായക്കടമാത്രം.
വലിയ കുപ്പിക്കടിയില്‍ ബാക്കിയായ ഏതാനും ബിസ്‌കറ്റുകളും പൂജയ്ക്കാവശ്യമുള്ള സാധനങ്ങളുമാണ് അവിടെയുള്ളത്. പുകമഞ്ഞുമൂടിയ കടയുടെ ഇരുട്ടില്‍നിന്ന് പുറത്തെ ആളനക്കംകേട്ട് വൃദ്ധനായ ഒരാള്‍ വന്നു. കരിമ്പടംകൊണ്ട് ആകെ മൂടിയ അദ്ദേഹത്തിന്റെ കണ്ണുകള്‍ മാത്രമാണ് പുറത്തുകണ്ടത്. ചന്ദന്‍ നയാലിന്റെ അടുത്തേക്കെന്നു പറഞ്ഞപ്പോള്‍ ഉത്സാഹത്തോടെ പുറത്തേക്കുവന്നു. കടയുടെ അരികില്‍ അണയാതെകത്തുന്ന മണ്ണെണ്ണ സ്റ്റൗവിന്റെ ഗന്ധമായിരുന്നു അദ്ദേഹത്തിന്. തലയില്‍നിന്ന് കരിമ്പടം അല്പം നീക്കിക്കൊണ്ട് റാം ചന്ദ് എന്ന് സ്വയം പരിചയപ്പെടുത്തി.
ഒരു എളുപ്പവഴിയുണ്ടെന്നുപറഞ്ഞ് മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന മറ്റൊരു മലയിലേക്ക് വിരല്‍ചൂണ്ടിയിട്ട് പറഞ്ഞു: ''അതുവഴി പൊയ്‌ക്കോളൂ, പോകുന്ന വഴിയില്‍ അവന്‍ ഉണ്ടാകും''. വന്മരങ്ങള്‍ക്കിടയിലൂടെയുള്ള ചെറിയ വഴിയിലൂടെ നടക്കാന്‍തുടങ്ങി. തലേന്ന് രാത്രി പെയ്തിറങ്ങിയ മഞ്ഞ് വഴിയിലുടനീളം കനത്തുകിടക്കുന്നുണ്ട്. ശിഖരങ്ങളിലും ഇലകളിലും താഴെവീഴാതെ തങ്ങിനില്‍ക്കുന്ന മഞ്ഞിന്റെ കണികകളും കാണാം. വെളുത്ത ചിത്രശലഭക്കൂട്ടത്തെപ്പോലെയാണ് ദൂരെനിന്നുമുള്ള അവയുടെ കാഴ്ച. മുന്നോട്ടുപോകുംതോറും തണുപ്പ് അസഹനീയമാണ്. ജാക്കറ്റിനുള്ളിലൂടെ അരിച്ചുകയറുന്ന ശീതക്കാറ്റ് യാത്ര ദുസ്സഹമാക്കി. ആ ശൈത്യത്തിലും പൈന്‍മരങ്ങള്‍ക്കിടയില്‍ ഒരാള്‍ എന്തോ ജോലിചെയ്യുന്നുണ്ട്. മഞ്ഞുമൂടിയതുകൊണ്ട് അവ്യക്തമാണ്. അടുത്തെത്താറായപ്പോഴാണ് തിരഞ്ഞുവന്ന ആളാണ് മുന്നിലെന്ന് മനസ്സിലായത്. മരത്തൈകള്‍ കുഴിച്ചിടാനായി കുഴിയെടുക്കുന്ന തിരക്കിലായിരുന്നു ചന്ദന്‍ നയാലപ്പോള്‍. അടുത്തുചെന്നു വിളിക്കുമ്പോഴാണ് തിരിഞ്ഞുനോക്കുന്നത്. ചെറുചിരിയോടെ ആ ചെറുപ്പക്കാരന്‍ ഞങ്ങളെ സ്വീകരിച്ചു. ഗ്രാമത്തിലേക്ക് ക്ഷണിച്ച് മുന്നില്‍നടന്നു.
അസാധ്യമായ ഗ്രാമീണജീവിതങ്ങള്‍
സരസ്വതീദേവിയുടെയും ഗോപാല്‍സിങ്ങിന്റെയും മൂന്നുമക്കളില്‍ രണ്ടാമനാണ് ചന്ദന്‍ നയാല്‍. കൃഷി ഉപജീവനമാര്‍ഗമായ മലയോരഗ്രാമത്തിന് ശൈത്യകാലം വലിയ വെല്ലുവിളിയാണ്. നിനച്ചിരിക്കാതെയുള്ള മഞ്ഞുവീഴ്ചയില്‍ വിളകള്‍ കരിഞ്ഞുപോകുന്നത് പതിവാണ്. പട്ടിണിയാണ് പിന്നെ ആഹാരം. തണുത്തുറഞ്ഞ ആമാശയവുമായി ദിവസങ്ങള്‍ തള്ളിനീക്കും. കരുതിവെച്ച അവസാനഗോതമ്പും റൊട്ടിയായിമാറും. ഉള്ളതില്‍ പാതി പങ്കുവെച്ചുകഴിക്കുന്ന ഗ്രാമീണനന്മകൊണ്ടാണ് ജീവിതം കൈവിടാതെനില്‍ക്കുന്നത്. ഗതാഗതസ്വൗകര്യങ്ങളെക്കുറിച്ചുള്ള ഭരണകൂടങ്ങളുടെ ആലോചനകള്‍പോലും ഇപ്പോഴും കടലാസില്‍ മാത്രമാണ്. പല നടപ്പാതകളും ഗ്രാമീണര്‍തന്നെ നിര്‍മിച്ചതാണ്. വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും അവസ്ഥ മറ്റൊന്നല്ല. കിലോമീറ്ററുകള്‍ നടന്നുവേണം ഇന്നും പ്രാഥമികവിദ്യാലയത്തിലെത്താന്‍. തുടര്‍പഠനം സാധ്യമാകണമെങ്കില്‍ മലയിറങ്ങി ഗ്രാമത്തിന് പുറത്തുകടക്കണം. സാമ്പത്തികപ്രയാസങ്ങള്‍കൊണ്ട് പലര്‍ക്കും ഉന്നതവിദ്യാഭ്യാസം അസാധ്യമാണ്. ഒരു തലമുറയുടെ സ്വപ്നങ്ങള്‍കൂടിയാണ് ആ മണ്ണില്‍ ഉറഞ്ഞുപോകുന്നത്.
പ്രകൃതി ദൈവമാണ്
പ്രാരബ്ധങ്ങള്‍ക്കിടയില്‍ ചന്ദന്‍ നയാലിന്റെയും പഠനം വഴിമുട്ടി. പിന്നീട് നൈനിറ്റാളിലുള്ള അമ്മാവനാണ് അക്ഷരങ്ങള്‍ക്ക് വെള്ളമേകിയത്. ഹര്‍ ഗോവിന്ദ സിങ് കോളേജില്‍നിന്ന് പന്ത്രണ്ടാംതരവും ലോഹഘടിയില്‍നിന്ന് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങും പൂര്‍ത്തിയാക്കി. ഡല്‍ഹിയിലും മറ്റും ഒട്ടേറെ ജോലിസാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും ഉത്തരാഖണ്ഡ് വിട്ടുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സമീപത്തെ ചെറിയൊരു സ്വകാര്യ വിദ്യാലയത്തില്‍ താത്കാലിക അധ്യാപകനായി ജോലിനോക്കിയത്. പരിസ്ഥിതിയെക്കുറിച്ചുള്ള വ്യത്യസ്തങ്ങളായ വായനയിലായിരുന്നു അക്കാലമത്രയും. ഡല്‍ഹി ഉള്‍പ്പെടെ അതിപാരിസ്ഥിതികപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയത് വാര്‍ത്തകളില്‍നിന്നാണ്. വായുമലിനീകരണം അങ്ങേയറ്റം ഗുരുതരാവസ്ഥയിലാണെന്ന അറിവും ഞെട്ടിച്ചു. ഓരോതവണ ഗ്രാമത്തിലേക്ക് പോകുമ്പോഴും പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് കൂട്ടുകാരെയും കുടുംബത്തെയും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെയും വ്യത്യസ്തങ്ങളായ തൈകള്‍ കുഴിച്ചിടും. അടുത്തവരവിന് വേഗംകൂട്ടുന്നത് അവയുടെ വളര്‍ച്ച എത്രയായി എന്നറിയാനുള്ള തിടുക്കമാണ്. നാട്ടുകാര്‍ക്ക് ഈ പ്രവൃത്തികളൊക്കെ വലിയ തമാശയായിരുന്നു. പരസ്യമായി കളിയാക്കിയവര്‍വരെയുണ്ട്. അവരോടൊക്കെ പ്രകൃതി ദൈവമാണെന്ന് ചിരിച്ചുകൊണ്ട് ഓര്‍മപ്പെടുത്തും.
ജീവനറ്റ മണ്ണില്‍ പച്ചപടരുമ്പോള്‍
അവധിക്ക് ഗ്രാമത്തിലേക്കുപോയ ഒരു ജൂലായ് മാസമാണ് ജീവിതം പാടേ മാറ്റുന്നത്. വീട്ടില്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വലിയ ശബ്ദംകേട്ടത്. ഓടി പുറത്തിറങ്ങിയപ്പോള്‍ സമീപത്തെ കാടാകെ കത്തിപ്പടരുകയായിരുന്നു. സാധ്യമായ എല്ലാ മാര്‍ഗവും തീയണയ്ക്കാനായി ഉപയോഗിച്ചു. നിരാശയായിരുന്നു ഫലം. ഭ്രാന്തുപിടിച്ചവനെപ്പോലെ നിയന്ത്രണമില്ലാതെ പരന്ന അഗ്‌നി കെട്ടടങ്ങിയപ്പോഴേക്കും പ്രദേശമാകെ ചാരം മൂടിയിരുന്നു. ഓമനിച്ചു വളര്‍ത്തിയ ചെടികളും ജീവശ്വാസമായിരുന്ന കാടുമാണ് തൊട്ടുമുന്നില്‍ പ്രാണനറ്റ് കരിഞ്ഞുകിടക്കുന്നത്. പ്രകൃതിവൈവിധ്യങ്ങളും ജീവജാലങ്ങളുമില്ലാത്ത ഒരു പ്രദേശമായി ഗ്രാമത്തെ സങ്കല്പിക്കാന്‍പോലും സാധിക്കില്ലായിരുന്നു. നഷ്ടപ്പെട്ട പ്രകൃതിയെ തിരിച്ചുപിടിക്കാന്‍ എന്തുചെയ്യുമെന്ന ചോദ്യം ഉറക്കം നഷ്ടപ്പെടുത്തി. വാക്കുകള്‍കൊണ്ടുള്ള കസര്‍ത്തല്ല പ്രവൃത്തിയാണ് വേണ്ടതെന്ന് സ്വയം തിരിച്ചറിഞ്ഞു. ഇനി ഈ നാടിനെ ദേവഭൂമിയാക്കിമാറ്റാനായിരിക്കും തന്റെ ജീവിതമെന്ന് ചന്ദന്‍ നയാല്‍ അന്നുറപ്പിച്ചതാണ്. കരിഞ്ഞുണങ്ങിയ ഭൂമിയില്‍ ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. മുഴുവന്‍സമയം അതിനായി ചെലവഴിക്കാന്‍ ജോലി ഒരു തടസ്സമായി. മറ്റൊരാലോചനയ്ക്കും ഇടനല്‍കാതെ ജോലി രാജിവെച്ചു. അതുവരെ പരിഹസിച്ചിരുന്ന ഗ്രാമവാസികള്‍ ആ തീരുമാനത്തിനുമുന്നില്‍ നിശ്ശബ്ദരായി. പിന്നീട് ചങ്ങലക്കണ്ണികള്‍പോലെ കൂടെച്ചേര്‍ന്നു. അതൊരു വലിയ മാറ്റത്തിനാണ് വഴിവെച്ചത്. നോക്കിനില്‍ക്കെ ചാരംമൂടിയ മണ്ണ് പച്ചത്തുരുത്തായി മാറുകയായിരുന്നു.
മരണത്തെ അടയാളപ്പെടുത്തുമ്പോള്‍
അമ്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് ഇതിനോടകം നട്ടുപിടിപ്പിച്ചത്. ഗ്രാമത്തിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവും ചന്ദന്‍ നയാലിന്റെ കൈയിലുണ്ടായിരുന്നു. വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് മഴക്കുഴികളും കുളങ്ങളും നിര്‍മിച്ചു. ഇതോടെ കൃഷിക്കൊപ്പം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഇഷ്ടംപോലെ വെള്ളംകിട്ടുന്ന ഗ്രാമമായി. മറ്റു ഗ്രാമങ്ങളിലേക്കും ഈ പാരിസ്ഥിതിക സംസ്‌കാരം പകര്‍ന്നുകൊടുക്കുന്നതില്‍ അദ്ദേഹത്തിന് വിജയിക്കാനായി. യുവാക്കളും വിദ്യാര്‍ഥികളും കര്‍ഷകരുമടങ്ങുന്ന വലിയൊരു സംഘവും കൂടെയുണ്ട്. ആയിരത്തില്പരം വിദ്യാലയങ്ങളിലാണ് ഇതിനോടകം പാരിസ്ഥിതിക അവബോധക്ലാസുകള്‍ നടത്തിയത്. ഓരോ നിമിഷവും നാടിനെ പച്ചത്തുരുത്താക്കാനുള്ള ചിന്തയിലാണ് ചന്ദന്‍ നയാല്‍. ഗ്രാമത്തിലെ ആചാരപ്രകാരം മരണം സംഭവിച്ചാല്‍ ഒരു മരം മുറിക്കും. മൃതശരീരം ദഹിപ്പിക്കാന്‍ ആ മരമാണ് ഉപയോഗിക്കുക. മറ്റ് മരണാനന്തരക്രിയകള്‍ക്കും അഗ്‌നിയാവുന്നത് ആ വൃക്ഷത്തിന്റെ ബാക്കിയാണ്. എന്നാല്‍, അവിടെയും ചന്ദന്‍ നയാല്‍ അദ്ഭുതപ്പെടുത്തുകയാണ്. ജീവനറ്റുപോയാലും അതിന്റെപേരില്‍ ഒരു പുല്‍ക്കൊടിയുടെയും വേരറുക്കരുതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനായി അദ്ദേഹം മരണശേഷം മൃതദേഹം ഹല്‍ദ്വാനി മെഡിക്കല്‍ കോളേജിന് ദാനം ചെയ്യുമെന്നുറപ്പിച്ചു.
കണ്‍മുന്നില്‍നിന്ന് ഒരു വനം കത്തിപ്പോകുന്നത് കണ്ടയാളാണ് ചന്ദന്‍ നയാല്‍. അതയാളെ മറ്റൊരു മനുഷ്യനാക്കി. കത്തിച്ചാരമായ മണ്ണില്‍ അയാള്‍ ഓരോ മരങ്ങളായി നട്ടുപിടിപ്പിച്ചു. അമ്പതിനായിരത്തിലധികം വൃക്ഷത്തൈകളാണ് ഇതിനോടകം ഈ മനുഷ്യന്‍ നട്ടുപിടിപ്പിച്ചത്. ജലക്ഷാമം മറികടക്കാന്‍ ഒട്ടേറെ മഴക്കുഴികള്‍ നിര്‍മിച്ചു...
Content Highlights: About Chandan Nayal Who Planted about 50,000 trees