തെങ്ങുകളിലെ കൂമ്പുചീയല്‍ എങ്ങനെ നിയന്ത്രിക്കാം?

പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

മഴക്കാലത്ത് തെങ്ങിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ കുമിള്‍രോഗമാണ് കൂമ്പുചീയല്‍ എന്ന് പറയാം. പ്രാരംഭദശയില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചുപോകും. കൂമ്പുചീയല്‍ ചോദ്യത്തില്‍ പറഞ്ഞതുപോലെ തൈത്തെങ്ങുകളെയാണ് വേഗം പിടികൂടുക. 

രോഗാരംഭത്തില്‍ത്തന്നെ മണ്ടയിലെ അഴുകിയ ഭാഗങ്ങള്‍ ചെത്തിമാറ്റി ബോര്‍ഡോ കുഴമ്പു പൂശി പുതിയ കൂമ്പു വരുന്നതുവരെ മഴകൊള്ളാതെ മണ്‍കലം കൊണ്ട് മൂടണം. രോഗം ബാധിച്ച തെങ്ങില്‍നിന്ന് നീക്കിയ ഭാഗങ്ങള്‍ കത്തിച്ചു കളയണം. തോട്ടത്തിലെ തെങ്ങുകള്‍ക്ക് മുന്‍കരുതലായി ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കണം. കൂടാതെ രണ്ടുഗ്രാം മാങ്കോസെബ് അടങ്ങിയ തുളയുള്ള മൂന്ന് സാഷേകള്‍ ഓലക്കവിളില്‍ ചരടുകൊണ്ട് കെട്ടിയിടുക.

മഴയാകുമ്പോള്‍ ചെറിയതോതില്‍ ഈ കുമിള്‍നാശിനി തെങ്ങിന്‍തൈകളുടെ കൂമ്പില്‍ വീണ് രോഗബാധ തടയും. ട്രൈക്കോഡെര്‍മ -വേപ്പിന്‍പിണ്ണാക്ക് കേക്ക് മൂന്നെണ്ണം വീതം കൂമ്പോലയ്ക്കു ചുറ്റുമുള്ള ഇളക്കവിളുകളില്‍ െവച്ചു കൊടുക്കുക. അല്ലെങ്കില്‍ മൂന്നുഗ്രാം കോപ്പര്‍ ഓക്‌സി ക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം. 

കൂമ്പുചീയല്‍ സാധ്യത ഉള്ളിടങ്ങളില്‍ സ്യൂഡോമോണസ് ഫ്‌ലൂറസെന്‍സ് രണ്ടു ശതമാനം അല്ലെങ്കില്‍ പി.ജി.പി.ആര്‍.മിക്‌സ് 2 മുന്‍കരുതലായി മഴയ്ക്ക് മുന്‍പ് തെങ്ങില്‍ തളിക്കുന്നതും നല്ലതാണ്. കൂമ്പുചീയലിനു മുന്നോടിയായി ചിലപ്പോള്‍ കൊമ്പന്‍ചെല്ലിയുടെ ഉപദ്രവം കാണാറുണ്ട് എന്നതിനാല്‍ ചെല്ലിയെ നിയന്ത്രിക്കാനും ഇതോടൊപ്പം നടപടികള്‍ സ്വീകരിച്ചാല്‍ നന്ന്.

Content Highlights: Coconut diseases and their management