ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ ഇടംനേടിയ പെൺകുട്ടി; ഫേമസാണ് റിസ്വാന

കോട്ടയം: ആലപ്പുഴ മണ്ണഞ്ചേരി കുപ്പേഴം പുത്തൻവീട്ടിൽ അബ്ദുൽ റഷീദിന്റെയും സബിതയുടെയും മൂത്തമകൾ റിസ്വാന കേൾവി പരിമിതരായ കുട്ടികൾക്ക് പ്രചോദനമാണ്. ഇത് ഒരു വെറും പ്രസ്താവമല്ല, ലോകാരോഗ്യസംഘടനയുടെ സാക്ഷ്യമാണ്. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയായ റിസ്വാനയുടെ ചിത്രം മാർച്ച 3-ന് ലോക കേൾവിദിന പോസ്റ്ററായി പ്രസിധീകരിച്ചുകൊണ്ടാണ് ഡബ്ല്യു.എച്ച്.ഒ. ഈ പ്രഖ്യാപനം നടത്തിയത്.
റിസ്വാനയെ തേടി അഭിനന്ദനങ്ങളെത്തുമ്പോൾ ഉമ്മ സബിതയുടെ മുഖത്താണ് സംതൃപ്തി. മകളുടെ പരിമിതി ആദ്യം തിരിച്ചറിഞ്ഞത് സബിതയാണ്. അത് മറികടക്കാൻ മകളുടെ കൈപിടിച്ച് നടത്തിയതെങ്ങനെയെന്ന് സബിത പറയുന്നു. പ്രസവിച്ചുകിടക്കുന്ന സമയത്തേ താൻ ഇക്കാര്യം തിരിച്ചറിഞ്ഞു. പക്ഷേ, അന്ന് പലരും തോന്നലാണെന്ന് പറഞ്ഞു. എന്നാൽ, ദിവസങ്ങൾ മുന്നോട്ടുപോകുമ്പോൾ ഇക്കാര്യം സ്വയം പരിശോധിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് ഹിയറിങ് സ്‌ക്രീനിങ് നടത്തുന്നത്. പരിശോധനയിൽ വ്യക്തമായി. പിന്നെ താമസിച്ചില്ല. ആറാം വയസ്സിൽ കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ കേൾവി കിട്ടി. ‘ചെറിയ പ്രായത്തിൽ വലിയ ശബ്ദം കേൾക്കുമ്പോൾ മോൾ ചെറിയ രീതിയിൽ പ്രതികരിക്കുകയായിരുന്നു. അതൊക്കെ ചെറിയ പ്രകന്പനംപോലെ മാത്രമാണ് തോന്നിയിരുന്നതെന്നാണ് മോൾ പിന്നീട് പറഞ്ഞത്’ -സബിത പറയുന്നു. മുതിർന്ന് കാര്യങ്ങൾ മനസ്സിലാക്കിയപ്പോൾ റിസ്വാനയ്ക്ക് മെഡിക്കൽ േലാകത്തോടായി ഇഷ്ടം. തന്റെ പോരായ്മ കണ്ടെത്തി പരിഹാരം നിർദേശിച്ച ഡോക്ടർമാരായി മാതൃക. ഇ.എൻ.ടി. സർജൻ എന്നതായി, ലക്ഷ്യം. കോക്ലിയർ ഇംപ്ലാന്റ് ചെയ്ത് ലോകത്തെ കേൾക്കാൻ തുടങ്ങുന്ന കുട്ടികൾക്കുമുന്നിൽ തുറക്കുന്ന അദ്‌ഭുതവും അവരുടെ രക്ഷിതാക്കൾക്കുണ്ടാകുന്ന ആശ്വാസവും എത്രയെന്ന് സബിതയ്ക്ക് അറിയാം.
റിസ്വാനയുടെ ഇളയ സഹോദരൻ പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരിശീലിക്കുന്ന ശിഹാബുദീനും കോക്ലിയർ ഇംപ്ലാന്റ് ചെയ്തിട്ടുണ്ട്. നിലവിൽ സർക്കാർ സഹായം കൊടുക്കുന്നുണ്ട്. എന്നാൽ, തുടർ ചെലവുണ്ട്. ബാറ്ററിക്ക് ദിവസം 60 രൂപവരെ വേണം.
‘സ്റ്റെതസ്കോപ്പിലൂടെ കേൾക്കുന്ന ഓരോ ഹൃദയമിടിപ്പിനും ഞാൻ നന്ദി പറയുന്നത് മാതാപിതാക്കളോടാണ്. എന്റെ ആറുവയസ്സുവരെ അവരുടെ ഹൃദയമിടിപ്പ് എത്ര കൂടുതലായിരുന്നെന്ന് ഞാനിപ്പോൾ ഊഹിക്കുന്നുമുണ്ട്’ -റിസ്വാന പറയുന്നു.
Content Highlights: Riswana-The girl who appeared in WHO website