രക്താര്‍ബുദം ബാധിച്ചു, ആദ്യ കണ്‍മണിയേയും നഷ്ടപ്പെട്ടു; റാഹിമയുടെ പോരാട്ടം ജീവിതത്തോടാണ്

#വനിതാ വിനോദ്
റാഹിമ ഭർത്താവ് ഷബിനാസിനൊപ്പം
റാഹിമ ഭർത്താവ് ഷബിനാസിനൊപ്പം

ഫുജൈറ: രക്താർബുദം ബാധിച്ചപ്പോഴും ആദ്യകൺമണി നഷ്ടപ്പെട്ടപ്പോഴും തളരാതെനിന്ന മലപ്പുറം തിരൂർ സ്വദേശിനി റാഹിമ ഷബിനാസ് ഇന്ന് ഒട്ടേറെപേരുടെ ആത്മവിശ്വാസമാണ്. അർബുദത്തെ തോൽപ്പിക്കാൻ യുട്യൂബ് ചാനലിലൂടെ പഠിപ്പിക്കുകയാണ് ഫുജൈറയിൽ സ്ഥിരതാമസമാക്കിയ ഈ 29 വയസ്സുകാരി.

റാഹിമ തന്റെ ജീവിതകഥ പറയുന്നു: പഠനകാലയളവിൽ സ്പോർട്‌സും മറ്റ് പ്രവർത്തനങ്ങളുമായി വളരെ ആക്ടീവ് ആയിരുന്ന ഒരാളായിരുന്നു ഞാൻ. കോളേജിൽ പഠിക്കുന്ന സമയത്ത് വിവാഹത്തിന് തൊട്ടുമുൻപായി ഒരു വാഹനാപകടം പറ്റി. അതിൽ ചുണ്ടെല്ലാം പൊട്ടി രണ്ട് ഭാഗമായി. മുഖത്ത് പ്ലാസ്റ്റിക് സർജറി ചെയ്തു. അന്നേ തുടങ്ങി വേദനകൾ. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഗർഭിണിയായി. നാലാം മാസത്തിലാണ് രക്താർബുദമുള്ളതായി അറിയുന്നത്. അതോടെ ജീവിതം മാറിമറിഞ്ഞു. വിവാഹബന്ധം ഒഴിവാക്കണം എന്നുവരെ സംസാരങ്ങളുയർന്നു. പക്ഷേ ഇക്കാ കരുത്തായി കൂടെനിന്നു. ചികിത്സയും വേദനകളുമായി കുറേക്കാലം. ജനിക്കാൻ പോകുന്ന കുഞ്ഞ് മാത്രമായിരുന്നു മനസ്സുനിറയെ. അമ്മയും കുഞ്ഞും നഷ്ടമാകുമെന്ന അവസ്ഥയിൽവരെ എത്തിയിരുന്നു. പക്ഷേ എങ്ങിനെയോ ഞങ്ങൾ രക്ഷപ്പെട്ടു. കുഞ്ഞ് ജനിച്ച് നാലാംനാൾ എന്റെ സ്റ്റിച്ച് പൊട്ടി പഴുത്തു ബ്ലീഡിങ് ആയി. വീണ്ടും ശസ്ത്രക്രിയ. അതിനിടയിൽ അപസ്മാരത്തെ തുടർന്ന് കുഞ്ഞിനെയും നഷ്ടമായി. എന്റെ കൈ മുറുകെപിടിച്ചാണ് എന്റെ പൊന്നുമോൾ എന്നെ വിട്ടുപോയത്.

പലയിടത്തുനിന്നും കുറ്റപ്പെടുത്തലുകൾകൂടി വന്നതോടെ ജീവിതത്തിൽ പിടിച്ചുകയറണമെന്ന് ദൃഢനിശ്ചയമെടുത്തു. കുറഞ്ഞപക്ഷം എന്റെ ചികിത്സയ്ക്കുള്ള പണമെങ്കിലും സ്വന്തമായി കണ്ടെത്തണമെന്ന വാശി. അസുഖവും കീമോയുമെല്ലാം മറന്ന് ആദ്യം ചെയ്തത് മെഹന്തിയണിയിച്ച് ചികിത്സയ്ക്കുള്ള പണമുണ്ടാക്കലായിരുന്നു. ഭർത്താവിനൊപ്പം യു.എ.ഇ.യിലെത്തിയപ്പോഴും അതേ വഴിയിലൂടെ പണമുണ്ടാക്കി.

അതിനിടയിൽ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാവേണ്ടിവന്നു. എന്റെ ജീവിതകഥ എല്ലാവരിലേക്കും എത്തിക്കണമെന്ന ആഗ്രഹത്തിലാണ് യുട്യൂബ് ചാനൽ തുടങ്ങുന്നത്. അതിലൂടെ ഇന്ന് മികച്ച വരുമാനമുണ്ടാക്കുന്നുണ്ട്. വരുമാനംകൊണ്ട് ഇത്രകാലം കരുത്തായി കൂടെനിന്ന ഭർത്താവ് ഷബിനാസിന് ബുള്ളറ്റും ഐഫോണുമെല്ലാം വാങ്ങിക്കൊടുത്തു. അതിനെല്ലാം പുറമെ ബുദ്ധിമുട്ടിച്ച പലരെയും ഇന്ന് അങ്ങോട്ട് സഹായിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.

Content Highlights: Rahima shabinaz women's day special