ഫൗസിയ പറന്നു, സിനിമയെ ഡിജിറ്റലാക്കി

വിമാനം പറത്താന്‍ പഠിച്ച ഈ വനിത സിനിമയെ ഫിലിം ചുരുളുകളില്‍നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക് കൈപിടിച്ച് പറന്നു. ഛായാഗ്രാഹക ഫൗസിയ ഫാത്തിമയ്ക്ക് ഈ വിശേഷമാകും ചേരുക. 'ഡിജിറ്റ് ഓള്‍: നവീകരണവും സാങ്കേതികതയും ലിംഗസമത്വത്തിന്' എന്ന ഈ വര്‍ഷത്തെ വനിതാദിന സന്ദേശം പിന്തുടരുന്നവര്‍ ആദ്യം ശ്രദ്ധിക്കേണ്ട പേരുകളിലൊന്നാണ് ഫൗസിയയുടേത്.
ചെന്നൈയില്‍ ജനിച്ച് കോട്ടയത്തുകാരിയായി മാറിയ കലാകാരി. ഇന്ത്യയില്‍ ഒരു പക്ഷേ, ആദ്യമായി ഫിലിം ഒഴിവാക്കി ഡിജിറ്റല്‍ ക്യാമറയില്‍ സിനിമ ചിത്രീകരിച്ചത് കോട്ടയം തിരുവാതുക്കല്‍ മുളമൂട്ടില്‍ വീട്ടിലെ ഈ അന്പത്തൊന്നുകാരിയാവാം. 2008-ല്‍ 'മുതല്‍ മുതല്‍ മുതല്‍ വരൈ' എന്ന തമിഴ് സിനിമയിലായിരുന്നു, ആ പരീക്ഷണം. 2009-ല്‍ വി.കെ. പ്രകാശ് സംവിധാനംചെയ്ത 'ഗുലുമാല്‍-ദി എസ്‌കേപി'ലൂടെ ഫൗസിയ മലയാളത്തില്‍ പൂര്‍ണമായും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ചിത്രീകരണം നടത്തി. ''ഡിജിറ്റല്‍ ലോകത്ത് എല്ലാമേഖലയിലും പുരുഷനും സ്ത്രീക്കും തുല്യ അവസരമുണ്ട്. എന്നാല്‍ കഴിവും കഠിനാധ്വാനവുമില്ലെങ്കില്‍ ആര്‍ക്കും അദ്ഭുതം കാട്ടാന്‍ കഴിയില്ല.''-ഫൗസിയ പറയുന്നു.
ഫിലിമില്‍ മാത്രം സിനിമ ചിത്രീകരിച്ചിരുന്ന തൊണ്ണൂറുകളിലാണ് ഇവര്‍ ക്യാമറ പഠിച്ചത്. പുണെ ഫിലം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശന പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഫൗസിയയോട് ഇന്റര്‍വ്യൂ ബോര്‍ഡില്‍നിന്നൊരു ചോദ്യമുണ്ടായി- ''ഒരാണ്‍കുട്ടിയുടെ അവസരം കളയുന്നതെന്തിന്?''
''1960-ല്‍ തുടങ്ങിയ സ്ഥാപനം. പഠിച്ചിറങ്ങിയ 1000 ആണ്‍കുട്ടികളില്‍ 100 പേര്‍ മികവ് കാണിച്ചിട്ടുണ്ടാവും. ഒരു പെണ്‍കുട്ടിക്കെങ്കിലും അവസരം കൊടുത്താലല്ലേ മുന്നോട്ടുവരാന്‍ കഴിയൂ.''-ആ മറുപടി പ്രവേശനം ഉറപ്പാക്കി.
ഛായാഗ്രഹണം പഠിച്ചിറങ്ങിയാല്‍ ആ മേഖലയില്‍ തുടരുമെന്ന് ബോര്‍ഡിന് നല്‍കിയ ഉറപ്പ് ഇന്നേവരെ പാലിക്കപ്പെട്ടു. സാങ്കേതികമാറ്റങ്ങള്‍ക്കൊപ്പം മുന്നില്‍ നടന്നു. പി.സി. ശ്രീരാമിന്റെ സഹായിയായാണ് സിനിമയില്‍ തുടക്കം. 2002-ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകയായി. 2015-ല്‍ മികച്ച ഛായാഗ്രഹണത്തിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. കൊല്‍ക്കൊത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും കോട്ടയം കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള ഫിലിം സ്‌കൂളുകളില്‍ അധ്യാപികയായി. സംവിധാനത്തിലും കൈവെച്ചു.
ചെന്നൈ സ്റ്റെല്ല മേരിസ് കോളേജില്‍നിന്നാണ് ബിരുദം. മഹാരാജ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡയില്‍നിന്ന് ഒന്നാം റാങ്കോടെ കലാവിമര്‍ശനത്തില്‍ ബിരുദാന്തരബിരുദം. മദ്രാസ് ഫ്‌ലൈയിങ് ക്ലബ്ബില്‍നിന്ന്് ഫ്‌ലൈയിങ് ലൈസന്‍സും സ്വന്തമാക്കി. പഠനകാലത്ത് പരിചയപ്പെട്ട സംവിധായകന്‍ പ്രദീപ് ചെറിയാനാണ് ഭര്‍ത്താവ്. ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാമിന്റെ സഹോദരിയുടെ മകനാണ് പ്രദീപ്. മക്കള്‍: അന്നപൂര്‍ണ മറിയം ഫാത്തിമ, അസാന്‍ സക്കറിയ.
Content Highlights: Fowzia Fathima, Women's day 2023