കാട്ടുവഴികളിലെ വിഷുത്താളം; കാട്ടുനായ്ക്കര്‍ക്കും തേന്‍കുറുമര്‍ക്കും വിഷു വേറിട്ട ആഘോഷക്കാലം

തിരുനെല്ലിയുടെ ഓര്‍മവെച്ച നാളുകള്‍മുതല്‍ കാട്ടുനായ്ക്കരുടെ കോല്‍ക്കളിസംഘം വിഷുവിനുമുന്നോടിയായി വീടുകളിലെത്താറുണ്ട്. ഇന്നും മുടക്കമില്ലാതെ ഇതുതുടരുന്നു. കാടിറമ്പങ്ങളില്‍നിന്ന് ഉയിര്‍കൊണ്ട ഈ അനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നതില്‍ നാടിനും സന്തോഷമുണ്ട്. പുതിയ തലമുറകള്‍ ഇതിനെയെല്ലാം കൊണ്ടുനടക്കുമ്പോള്‍ നാട്ടുനന്മകളുടെ പഴയകാലമാണ് വീണ്ടും മനസ്സില്‍നിറയുന്നത്
കാട്ടുനായ്ക്കര്‍ക്കും തേന്‍കുറുമര്‍ക്കുമെല്ലാം വിഷുക്കാലം വേറിട്ടൊരു ആഘോഷത്തിന്റേതാണ്. കേരളത്തിലെ വിഷുവാഘോഷങ്ങളില്‍നിന്ന് വ്യത്യസ്തമായരീതിയില്‍ വിഷുക്കളിയുമായി ഇവര്‍ നാട്ടുവഴിയിലൂടെ നീങ്ങും.
കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമമായ തോല്‍പ്പെട്ടി, ബാവലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കര്‍ഷകനാടിന്റെ മറ്റൊരുവര്‍ഷാരംഭത്തിലേക്ക് ഇവരും വന്നണയുന്നത്. കാടിനുള്ളില്‍ തളിര്‍ത്ത കണിക്കൊന്ന ശരീരമാകെ വെച്ചുകെട്ടി അതുകൊണ്ടുതന്നെ കിരീടമണിഞ്ഞ് മുഖത്താകെ ചായമെഴുതിയാണ് ഇവര്‍ താളത്തിനൊത്ത ചുവടുമായി ഇറങ്ങുക. പത്തിരുപതുപേര്‍ അണിനിരക്കുന്ന സംഘം.
ഒരുമുഴം നീളത്തിലുള്ള കമ്പ് എല്ലാവരുടെയും കൈയിലുണ്ടാകും. കന്നഡയും തെലുങ്കും ഇടകലര്‍ന്ന ലിപിയില്ലാത്ത ഗോത്രഭാഷയില്‍ ഇവര്‍ വിഷുപ്പാട്ടുപാടി കോല്‍ക്കളി (കോലാങ്കിയാട്ടം) തുടങ്ങും. ചടുലമായ വേഗത്തില്‍ വലംചുറ്റി ദൈര്‍ഘ്യമേറിയ വിഷുക്കളി അങ്ങനെ ഈ നാടിന്റെ വീട്ടുമുറ്റത്ത് അരങ്ങേറുന്നു.
ചിലങ്കയണിഞ്ഞ് കോലാങ്കിയാട്ടം
തിരുനെല്ലിയിലെ പോത്തുമൂലയില്‍നിന്ന് കാളിന്ദിക്കുകുറുകെ ഗുണ്ടറപ്പാലം കടന്നാല്‍ അക്കരെ കാടിറമ്പങ്ങളില്‍ കാട്ടുനായ്ക്കരുടെ സങ്കേതമായി. വിഷു മുന്നിലെത്തിയപ്പോള്‍ കോളനിയില്‍ കോല്‍ക്കളിയുടെ ഒരുക്കത്തിലാണ്. ഏഴുനാള്‍ വ്രതമെടുത്ത കോലധാരികളുടെ, പെരുമാളിനെ പ്രകീര്‍ത്തിച്ചുള്ള ഉച്ചത്തിലുള്ള പാട്ട് അങ്ങകലെ കേള്‍ക്കാം.
നട്ടുച്ചവെയിലിലാണ് അയ്യപ്പന്‍മൂലയില്‍നിന്ന് വേഷമണിഞ്ഞ് ഇരുപതോളംപേരടങ്ങുന്ന കാട്ടുനായ്ക്കസംഘം കോളനിമൂപ്പന്റെ അനുഗ്രഹം വാങ്ങി വീടുകള്‍ കയറാനിറങ്ങിയത്. പെടലാടിയിലെ ക്ഷേത്രമുറ്റത്തുനിന്ന് കോല്‍ക്കളിക്ക് തുടക്കമായി. ഒരാണ്ടിന്റെ കാര്‍ഷികസമൃദ്ധിക്കായി കാടിനുള്ളില്‍നിന്ന് ഇവര്‍ പുറപ്പെട്ടിറങ്ങുന്നത് ഓരോ വീട്ടുമുറ്റത്തേക്കുമാണ്. സന്ധ്യയാകുന്നതുവരെയും ഓരോ വീടിന്റെ മുറ്റത്തും പാട്ടുപാടി ഇവര്‍ കോലടിക്കും. മുഖത്തും ശരീരമാകെയും കറുപ്പും വെളുപ്പും ചായമെഴുതി അരയില്‍ കൊന്നപ്പൂക്കളും മണികളും കെട്ടി കണിക്കൊന്നക്കിരീടമണിഞ്ഞ കോമാളിവേഷക്കാരനും സ്ത്രീവേഷമണിഞ്ഞ ഒരാളുമാണ് കോല്‍ക്കളിസംഘത്തിന് നേതൃത്വം നല്‍കുന്നത്. ഏറ്റവുമൊടുവില്‍ 'ധുരി..ധൂരി' പാടി വീട്ടുകാരില്‍നിന്ന് ദക്ഷിണവാങ്ങിയാണ് ഇവര്‍ പടിയിറങ്ങുക.
വിഷുവിന് ഒരാഴ്ചമുമ്പാണ് കാട്ടുനായ്ക്കര്‍ കോലാങ്കിയാട്ടത്തിന് വ്രതാനുഷ്ഠാനങ്ങളോടെ ഒരുങ്ങുക. പെരുമാളിന്റെ അനുഗ്രഹം വാങ്ങി മൂപ്പന്‍ വെട്ടിനല്‍കുന്ന വലിയ മുളങ്കമ്പുമായി ഇവര്‍ കോല്‍ക്കളി തുടങ്ങും. ദേഹത്താകെ കരിയും ചായങ്ങളും തേച്ചുപിടിപ്പിച്ച് നിറയെ കണിക്കൊന്നകളും വെച്ചുകെട്ടിയാണ് വീടുവീടാന്തരം ഇവര്‍ കോലാങ്കിയാട്ടത്തിനായി കയറിയിറങ്ങുക. ശിവ-പാര്‍വതിമാരെ സങ്കല്പിച്ച് സ്ത്രീവേഷംകെട്ടിയ പുരുഷന്‍മാരും കൂടെയുണ്ടാകും. ദക്ഷിണയായി സ്വീകരിച്ച തുകയെല്ലാം പെരുമാളിന്റെ സന്നിധിയിലെത്തി വിഷുദിവസം കണികണ്ട് ഇവര്‍ വീതിച്ചെടുക്കുന്നു.
കാടിന്റെ ചെപ്പിലെ പാട്ടുകാര്‍
കാര്‍ഷികോത്സവമായ വിഷുവിന്റെയും കാടിന്റെയും കാഴ്ചകളാണ് ഇവരുടെ പാട്ടുകള്‍. ഒരുകാലത്ത് വന്യമൃഗങ്ങളെ വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും തേനെടുത്തും ജീവിതം പൂരിപ്പിച്ച കാട്ടുനായ്ക്കരുടെ സ്വന്തംജീവിതംതന്നെയാണ് ഈ പാട്ടിലൂടെ ഇവര്‍ പറയുന്നത്.
കര്‍ണാടകയില്‍നിന്നും മറ്റും ആക്രമണങ്ങളെ ഭയന്ന് ഒരുകാലത്ത് പലായനംചെയ്തവരാണ് വയനാടന്‍ അതിര്‍ത്തികളിലെ കാടിനുള്ളില്‍ എത്തിച്ചേര്‍ന്നത്. പിന്നെ ഇവരുടെ തലമുറകള്‍ ഇവിടെത്തന്നെ പുതിയ ജീവിതം മെനഞ്ഞെടുത്തു. ജന്മിമാരുടെ കൃഷിയിടത്തില്‍ പണിയാളുകളായി ഇവര്‍ കാടിനുള്ളില്‍നിന്ന് പുതിയജീവിതം കണ്ടെത്തി.
പിന്നീട് കാലക്രമത്തില്‍ ഇവര്‍ സ്ഥലത്തിനുടമകളായി. ഇപ്പോള്‍ നല്ലവീടുകളുമായി. കാലംമാറിയെങ്കിലും കാര്‍ഷികസമൃദ്ധിയുടെ ഇന്നലെകളെ ഇവര്‍ അനുഷ്ഠാനങ്ങളിലൂടെ തിരികെപ്പിടിക്കുന്നു. നെല്ലും അരിയുമെല്ലാം ദക്ഷിണയായി സ്വീകരിച്ച് ഇവര്‍ കൂട്ടത്തില്‍ ഇല്ലാത്തവര്‍ക്കായി വീതിച്ചുനല്‍കുന്നു.
തിരുനെല്ലിയുടെ പുണ്യം
വയനാടന്‍ ഗോത്രഭൂമിയിലെ ആത്മീയചൈതന്യത്തിന്റെ മുഖമുദ്രയാണ് തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി. ഇവിടത്തെ വിഷുക്കണിയാണ് പ്രധാനം. കാടുകടന്നാണ് കണികാണാനായി ഇവിടെയത്തുക. ഇവിടത്തെ വിഷുക്കാഴ്ചകളും കാര്‍ഷികവയനാടിന്റെ സമൃദ്ധിയാണ്.
കാടിനുനടുവിലെ ഈ പൗരാണികക്ഷേത്രത്തില്‍ വിഷുവിന് അതിരാവിലെ നന്മയുടെ കണികാണാന്‍ തലേദിവസംതന്നെ ഒട്ടേറെയാളുകള്‍ വിദൂരത്തുനിന്നുപോലും എത്തിച്ചേരുന്നു. കാലങ്ങളായുള്ള ഈ ശീലങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. സൗകര്യങ്ങളുടെ പരിമിതികള്‍ ഏറെയുള്ളതിനാല്‍, പഴയകാലത്ത് സ്വന്തംവീടുകളില്‍ താമസത്തിന് സൗകര്യമൊരുക്കി തിരുനെല്ലിനിവാസികളും മാതൃകയായിരുന്നു.
ഇന്നലെകളിലെ കാര്‍ഷികസമൃദ്ധിയുടെ ഓര്‍മകളില്‍ സമ്പന്നമായ ക്ഷേത്രമുറ്റത്ത് അടിയാന്‍മാരും ആദിവാസികളുമൊക്കെ ഒത്തുചേര്‍ന്നിരുന്നു. എന്നും സമ്പന്നമായിരുന്നു തിരുനെല്ലിയിലെ വിഷുക്കാഴ്ചകള്‍. വഴിയിലുടനീളം കണിക്കൊന്നകള്‍ പൂത്തുലഞ്ഞ തിരുനെല്ലിക്കാടുകളും ഏവരെയും ഇവിടേക്ക് സ്വീകരിക്കുന്നു.
കാല്‍നടയായിപ്പോലും തിരുനെല്ലി അമ്പലത്തിലെത്തി പെരുമാളിന്റെ സന്നിധിയില്‍നിന്ന് വരുംകാലത്തിന്റെ നല്ലകാഴ്ചകളിലേക്ക് കണ്ണുതുറന്നവരാണ് വയനാട്ടിലെ മുന്‍തലമുറകള്‍. തിരുനെല്ലിയിലെ വിഷു ഉത്സവം അതുകൊണ്ടുതന്നെ ഗോത്രനാടിന്റെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നു.
Content Highlights: Vishu Celebration Of Tribal Community Of Wayanad