‘നീയാണ് പ്രിയേ, ഞാൻ മോഹിതനായി നോക്കിനിന്നിട്ടുള്ള പൂന്തോട്ടങ്ങളൊക്കെയും’
പ്രണയത്തിൽ ഒരുതരം മന്ത്രമുഗ്ധതയുണ്ട്. മന്ത്രമുഗ്ധനാണ് പ്രേമി. ഈ മാന്ത്രികതയെ മൊഴിപ്പെടുത്താൻ ‘മാജിക് റിയലിസം’പോലെ ഉചിതമായ മറ്റൊരു കഥനതന്ത്രമില്ല. അതുകൊണ്ടാവണം മാർക്കേസ്, ഇന്നസെന്റ് എറന്റിറയുടെയും അവളുടെ ക്രൂരയായ മുത്തശ്ശിയുടെയും കഥയിൽ കാമുകനായ അഡോണിസ് കൈകൊണ്ടുതൊട്ട സ്ഫടികപ്പാത്രങ്ങളിലെല്ലാം പലവിധ വർണങ്ങൾ പരിസ്ഫുരിച്ചു എന്നെഴുതിയത്. സമാനമായ ഒരു സാദൃശ്യകല്പന, മഹാകവി കുമാരനാശാനിലും കാണാം. നായകസവിധത്തിലെത്തിയ നളിനിയുടെ വികാരപാരവശ്യം കവി വിവരിച്ചത്- ‘സൂര്യരശ്മി തടവും പളുങ്കുപോൽ’.
അന്യഭാഷയേതും ആത്മഭാഷയായി മാറും, അത് പ്രണയത്തെക്കുറിച്ചു സംസാരിക്കുമ്പോൾ. ഭാഷയുടെ പരകീയോദ്യാനത്തിൽ വിരിഞ്ഞ അത്തരം കവിതകളുടെ വിപുലമായ ശേഖരത്തിൽനിന്ന് പത്തുകവിതകൾ, ആത്മനിഷ്ഠമായ പ്രിയത്തിന്റെ ചായംകലർന്ന് തിളങ്ങുന്നവ, തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണിവിടെ. കൂട്ടത്തിൽ ആദ്യം ഓർമവരുന്നത് റിൽകെയുടെ ഒരു കവിതയാണ്: ‘ഒരിക്കലും വന്നുചേരാത്ത നീ’എന്ന പേരിൽ. അപ്രാപ്യയും ആദിയിലേ വേർപിരിഞ്ഞവളുമായ ഒരുവളോടുള്ള പ്രണയമാണ് കവിതയിൽ, അവൾക്കായുള്ള അവിരാമമായ അന്വേഷണവും. നിരന്തരമായ അസാന്നിധ്യത്താലാണ് അവളെ അറിയുന്നത്, കവി. തുറന്നുകിടക്കുന്ന ആ ഗ്രാമീണജാലകമുണ്ടല്ലോ, അതിനുപിന്നിൽ അവളുണ്ടായിരുന്നു അല്പംമുൻപുവരെ. അവൾ നടന്നുമറഞ്ഞ തെരുവിലാണിപ്പോൾ അയാൾ. അരഞൊടിമുൻപ് അവളുടെ മുഖം ബിംബിച്ച കണ്ണാടിയിൽ ചകിതനായി, ഇപ്പോൾ അയാൾ തന്നെത്തന്നെ കാണുന്നു. അഭാവത്തിന്റെയും അഭിലാഷത്തിന്റെയും ഗൂഢഭാഷയാണ് പ്രണയം റിൽകെയ്ക്ക്. കവിതയിൽ അതിന്റെ ഏറ്റവും ഗാഢമായ ഒരു ഭാവസന്ധിയിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു:
‘നീയാണ് പ്രിയേ, ഞാൻ മോഹിതനായി നോക്കിനിന്നിട്ടുള്ള പൂന്തോട്ടങ്ങളൊക്കെയും’
അതിഹൃദ്യമായ ഒരു പര്യവസാനവുമുണ്ട് നമുക്ക് ചിരപരിചിതമായ പ്രേമകവിതകളിൽനിന്നെല്ലാം വ്യത്യസ്തമായ ഈ അനുരാഗഗീതത്തിന്. അഗാധമായ ഒരാത്മപാരസ്പര്യത്തിന്റെ പേരാകുന്നു പ്രണയം എന്നത്. അത് അകന്നിരിക്കുമ്പോഴും രണ്ടുപേരിൽ ഒരുപോലെ ഒരു സായാഹ്നത്തിൽ ഒലിക്കൊള്ളുന്ന ഒരേ പക്ഷിയുടെ പാട്ടാകുന്നു:
അറിയുവതാര്?
ഒരേ പക്ഷിയാവാം
മാറ്റൊലിക്കൊണ്ടത്
നിന്നിലുമെന്നിലും
ഇന്നലെ സന്ധ്യയിൽ.
ഇവിടെ നമ്മൾ മലയാളിയെ പ്രണയത്തിന്റെ യോഗാത്മകഭാഷയഭ്യസിപ്പിച്ച ആശാനെ ഓർത്തുപോകുന്നു; ആശാന്റെ ‘നളിനി’യിലെ ഈ അസാധാരണമായ വരികളും:
‘കണ്ടതില്ലവർ പരസ്പരം മരം-
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ,
രണ്ടുപേരുമകതാരിലാർന്നിതുൽ -ക്കണ്ഠ, കാൺക ഹഹ ! ബന്ധവൈഭവം’
കത്സുമി തനാകാ എന്ന ജാപ്പനീസ് കവിയുടേതാണ് ‘യാദൃച്ഛികമായ കണ്ടുമുട്ടൽ’ എന്ന ഗദ്യകവിത. ഗദ്യാത്മകതയിൽനിന്ന് കവിത സൃഷ്ടിക്കുകയാണ് തനാകാ. 1910-ൽ ഒരിക്കൽ വന്നുപോയ ഹാലിയുടെ ധൂമകേതു വീണ്ടും ഭൂമിയുടെ ആകാശത്തിലൂടെ കടന്നുപോവുക എഴുപത്താറ് വർഷങ്ങൾക്കുശേഷം, 1986-ലാണ്. 1911-ൽ ജനിച്ച താൻ അപ്പോഴും ജീവിച്ചിരിക്കുമെന്ന് കവിക്കുറപ്പില്ല. ഇതുപോലെയാണ് നല്ല സൗഹൃദവും പൂർണതയിലെത്തിയ പ്രണയവും. പ്രസ്താവനകൾപോലെയുള്ള ഏതാനും ചില വാക്യങ്ങൾക്കുശേഷം കവിതയുടെ ഒടുവിൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: ‘എന്റെ മരണശേഷമാവും എന്റെ ശരിയായ സുഹൃത്ത് വന്നുചേരുക, എന്റെ കാമുകിയാകട്ടെ ഞാൻ ജനിക്കുംമുൻപ് മരിച്ചുപോവുകയും ചെയ്തു’.
ചടുലവും നിശിതവുമായ രാഷ്ട്രീയകവിതകളുടെ പേരിലാണ് അറിയപ്പെടുന്നത് ഏറിയപങ്കും ബെർത്തോൾഡ് ബ്രെഹ്ത് എന്ന കവി. ബ്രെഹ്ത്തിന്റെ ഒരു പ്രണയകവിതയുണ്ട്: 'മെമ്മറി ഓഫ് മേരി എ' എന്ന പേരിൽ. ഒരിക്കൽ ഒരു നീലസെപ്റ്റംബറിൽ ഒരു പ്ലംമരത്തിനു ചുവട്ടിൽെവച്ചാണ് അയാൾ തന്റെ കാമുകിയെ ചുംബിച്ചത്. പിന്നീടവർ പിരിഞ്ഞകന്നുപോയി. അവൾ വേറൊരാളുടെ ഭാര്യയും അയാളുടെ കുട്ടികളുടെ അമ്മയുമായി മാറി. പ്ലം മരവും മുറിച്ച് വിറകായെരിച്ചുകളഞ്ഞു കാണും. അവളുടെ മുഖം പോലുമില്ല, ഓർമയിൽ. ഒന്നുമാത്രം അയാൾ സ്പഷ്ടമായോർമിക്കുന്നു: അപ്പോൾ അവിടെ അതിവെൺമയാർന്ന ഒരു മേഘമുണ്ടായിരുന്നു, ഉയരെ ആകാശത്തിൽ. ഒരുമാത്ര അത് ആ ചുംബനനിമിഷത്തിനുസാക്ഷിയായി നിന്നു. പിന്നെ പൊടുന്നനെ മാഞ്ഞുപോയി. പോകപ്പോകെ, ആ ഭംഗുരമേഘക്കാഴ്ചയായി മാറി അയാളുടെ ഒരേയൊരു പ്രേമസ്മരണയും പ്രേമസ്മാരകവും.
ഷെയ്ലാ വിങ്ഫീൽഡ് എന്ന ഐറിഷ് കവയിത്രി അപ്രശസ്തയാണ്; യേറ്റ്സിനെപ്പോലുള്ള അതിപ്രശസ്തരുടെ മുന്നിൽ അഞ്ചിപ്പോയ ഇമേജിസ്റ്റ്. കേവലം മൂന്നുവരികളേയുള്ളൂ അവരുടെ ‘വിന്റർ’ എന്ന കവിതയിൽ:
‘ആ മരമിപ്പോഴും തടാകത്തിലേക്ക് ചാഞ്ഞുനിൽക്കുന്നു.
ഞാനോ
നമ്മുടെ പ്രണയം ഓർത്തെടുക്കുന്നു,
ഒരിക്കൽ ഒരായിരം
ഇലകളുണ്ടായിരുന്ന
നമ്മുടെ പ്രണയം.’
ഇതിനോടൊപ്പം ഓർക്കാവുന്ന കവിതയാണ് എ.കെ. രാമാനുജന്റെ ‘സ്റ്റിൽലൈഫ്’. അയാളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷം അവൾ പോയ്ക്കഴിഞ്ഞു. അയാൾ അല്പസമയം വായനയിൽ മുഴുകാൻ ശ്രമിച്ചു. അവൾ കഴിച്ചതിന്റെ ബാക്കി അപ്പവും സാൻവിച്ചുമെല്ലാം ഇപ്പോഴും മേശപ്പുറത്തുണ്ട്. അനിരോധ്യമായൊരു പ്രേരണയാലെന്നോണം അയാൾ അവയെ നോക്കി. അവയിലെല്ലാം അവൾ കടിച്ച പാടുകൾ, ആ ദന്തക്ഷതമുദ്രകൾ.
പ്രണയവും രാഷ്ട്രീയവും ഇഴചേർന്നുകിടക്കുന്ന കവിതയാണ് അന്ന അഖ്മതൊവയുടേത്. ‘വൈൽഡ് ഹണിയിൽ’ എന്ന കവിതയിൽ മറ്റുപലതിനോടുമൊപ്പം പ്രണയത്തെയും അതിന്റെ സൂക്ഷ്മസുഗന്ധത്തെയും നിർവചിക്കുന്നുണ്ട് അഖ്മതൊവ. ആ വരികൾ ഇങ്ങനെ:
‘സ്വാതന്ത്ര്യത്തിന്റെ സുഗന്ധമാണ് കാട്ടുതേനിന് ,
പൊടിമണ്ണിന് സൂര്യരശ്മിയുടെ,
വയലറ്റുപൂവിന് പെൺകുട്ടിയുടെ അധരത്തിന്റെ ,
ഹണിസക്ലിന് ജലത്തിന്റെ ,
ആപ്പിളിന് പ്രണയത്തിന്റെയും.’
പ്രണയവും മരണവും സൗന്ദര്യാരാധനയുമായിരുന്നു ആംഗലകാല്പനിക കവിതയിലെ തരുണനാദം ജോൺ കീറ്റ്സിന്റെ കവിതയിലെ പ്രധാന ഭാവധമനികൾ. പ്രണയാതുരനും മാരകമാംവിധം രോഗാതുരനുമായിരുന്നു തന്റെ അതിഹ്രസ്വമായ ജീവിതത്തിന്റെ അവസാനവർഷങ്ങളിൽ കീറ്റ്സ്. ‘സ്ഫുടതാരകേ...’ എന്നാരംഭിക്കുന്ന ഗീതകമാണ് കീറ്റ്സിന്റെ പ്രണയഭാവനയുടെ പാരമ്യമായി വിലയിരുത്തപ്പെടാറ്. ഏതാണ്ട് അതേ കാലയളവിൽ എഴുതപ്പെട്ട, ഫാനിയെ നേരിട്ടുസംബോധനചെയ്യുന്ന കവിതയിലെ ഈ തുടക്കവരികളിലും തുല്യതീവ്രമായ പ്രണയാവിഷ്ടതയുടെ ഉന്മാദം നിറഞ്ഞുനിൽക്കുന്നു:
‘എങ്ങനെ സ്മരണയെ തുരത്തും കണ്ണിൽനിന്ന്?
കണ്ടുപോയല്ലോ മാത്രമുൻപുഞാനെൻ രാജ്ഞിയെ!’
‘ഒരുമണി കഴിഞ്ഞു, നീ ഉറങ്ങാൻ പോയിരിക്കും.
ആകാശഗംഗ രജതാഭമായി രാത്രിയിലൂടെ പ്രവഹിക്കുന്നു’ എന്നാരംഭിക്കുന്ന വ്ളാദിമിർ മയക്കോവ്സ്കിയുടെ അന്ത്യകവിതയും ഓർക്കാതെവയ്യ. ‘പ്രണയത്തിന്റെ വഞ്ചി, ജീവിതപാരുഷ്യത്തിന്റെ പവിഴപ്പുറ്റിൽത്തട്ടി തകർന്നിരിക്കുന്നു’ എന്ന രക്തസാക്ഷ്യം അവതരിപ്പിക്കുന്ന ഭഗ്നാശനായ കവിയെക്കാണാം ഈ കവിതയിൽ.
നിർലോഭമായി പ്രണയകവിതകളെഴുതിയിട്ടുള്ള കവികളാണ് ടാഗോറും നെരൂദയും. നെരൂദയുടെ ആസക്തമായ പ്രണയാലാപങ്ങളിൽനിന്ന് ഒന്നുമാത്രമായി തിരഞ്ഞെടുക്കുക ഏറക്കുറെ അസാധ്യമാണ്. എങ്കിലും ചെറിമരത്തെ ആസകലം പുഷ്പിപ്പിക്കുന്ന വസന്തമായി പ്രണയം ഭാവന ചെയ്യപ്പെടുന്ന അതിപ്രശസ്തമായ ആ കവിത: 'എവരിഡേ യൂ പ്ലേ' ഒഴിവാക്കുന്നതെങ്ങനെ? കേരളംപോലെ മറ്റൊരു മഴനാട്ടിൽ പിറന്ന നെരൂദ മഴയെ, പ്രണയത്തിന്റെയും രതിയുടെയും ഗാഢഭാഷയിൽ, എഴുതിവെക്കുന്ന ഒരു സന്ദർഭമുണ്ട് കവിതയിൽ; നെരൂദയുടെ പ്രണയസംവേദനത്തിന്റെ കൈയൊപ്പുപോലെ ആ വരി:
‘മഴ, അവളുടെ ഉടയാടകൾ ഒന്നൊന്നായി അഴിക്കുന്നു’ ടാഗോറിന്റെ ‘ഉദ്യാനപാലകനി’ൽ തികവുറ്റ പ്രണയകവിതകൾ ഒട്ടേറെയുണ്ടെങ്കിലും കവി, സ്വപ്നത്തിന്റെ അന്തിമങ്ങലാർന്ന വീഥിയിലൂടെ മുജ്ജന്മത്തിലെ പ്രണയിനിയെ തേടിപ്പോയതായിപ്പറയുന്ന ആ കവിതയ്ക്ക് വശ്യതയേറും. സ്വപ്നാത്മകമായ കണ്ടുമുട്ടലിന്റെ വിനാഴികയിൽ ഭാഷയും പേരും മറന്നുപോയതിനാൽ മൂകരായി പരസ്പരം കണ്ണുനിറഞ്ഞ് നോക്കിനിൽക്കുകയാണ് ആ പ്രേമികൾ. അതേസമാഹാരത്തിലെ 22-ാമത് കവിതയിലെ തുടക്കവരികൾ ഇവിടെ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കാം:
‘ദ്രുതപാദയായി
അരികിലൂടെ കടന്നുപോകവേ
അവളുടെ പാവാടത്തുമ്പ്
എന്നെ തൊട്ടു.
പൊടുന്നനേ
ഒരു ഹൃദയത്തിന്റെ
അജ്ഞാതദ്വീപിൽനിന്ന്
വസന്തത്തിന്റെ ഊഷ്മളനിശ്വാസം എന്നെവന്നു തഴുകി’.
നിരൂപകനും കവിയുമാണ് ലേഖകൻ
Content Highlights: valentines day, love poems, classic love poems
Content Highlights: