പ്രണയം നേരിട്ടുപറയാൻ മടിയുള്ളവർക്ക് കോളേജിൽ വെച്ചിട്ടുള്ള തപാൽപെട്ടിയിൽ ഇഷ്ടം എഴുതിയിടാം

പാലക്കാട്: ‘ദർശനാ, അയാം ക്രേസി എബൗട്ട് യൂ...’ - പ്രണവ് മോഹൻലാൽ അഭിനയിച്ച ‘ഹൃദയം’ സിനിമയിലെ ഹിറ്റ് ഡയലോഗാണിത്.
ദർശനയ്ക്കുപകരം തങ്ങളുടെ പ്രിയരുടെ പേരുകൾ ചേർത്ത് ഈ ഡയലോഗ് കത്തുകളിലൂടെ പ്രിയപ്പെട്ടവർക്കായി കൈമാറുകയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാർഥികൾ. വാലന്റൈൻസ് ഡേയോടനുബന്ധിച്ച് നടത്തുന്ന പ്രിയപ്പെട്ടവർക്കുള്ള കത്തെഴുത്ത് പരിപാടിയാണ് ഹൃദയം തുറക്കുന്നവർക്കുള്ള വേദിയാവുന്നത്.
“എൽ.ഒ.വി.ഇ. (ലൗ)” എന്നപേരിൽ കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയാണ് തപാൽപ്പെട്ടി ഒരുക്കിയത്. ഫെബ്രുവരി ഏഴുമുതൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വാലന്റൈൻസ് വാരത്തിന്റെ ഭാഗമായാണ് കത്തെഴുത്ത് പരിപാടി.
പ്രണയം നേരിട്ടുപറയാൻ മടിയുള്ളവർക്ക് കോളേജിൽ വെച്ചിട്ടുള്ള തപാൽപെട്ടിയിൽ ഇഷ്ടം എഴുതിയിടാം. വിലാസക്കാരെ തേടി കത്ത് തിങ്കളാഴ്ച എത്തും.
വാട്സാപ്പും ഫേസ്ബുക്കുമെല്ലാം സജീവമാണെങ്കിലും കത്തെഴുത്ത് ഒരു സുഖമുള്ള പരിപാടിയാണെന്ന് പ്രണയിക്കുന്നവർ പറയുന്നു.
‘ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രണയസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തിൽ’ എന്ന് തുടങ്ങുന്ന ബഷീറിന്റെ നോവലിലെ വരികൾ തൊട്ട്, പ്രേമമെന്നാലെന്താണ് പെണ്ണേ, അത് കരളിനുള്ളിലെ തീയാണ് പൊന്നേ എന്ന ഹിറ്റ് സിനിമാഗാനം വരെയുള്ളവയുടെ വരികളും കത്തുകളിൽ നിറഞ്ഞുകിടപ്പുണ്ട്.
കോവിഡ് കാലമായതിനാൽ, വാലന്റൈൻസ് ഡേയ്ക്ക് ഒരു കൈയകലത്തിൽ സാനിറ്റൈസറിട്ടാണ് ഇത്തവണ എല്ലാവരും പരസ്പരം ഹൃദയം കൈമാറുന്നത്. ‘പ്രണയം ആണും പെണ്ണും തമ്മിൽ മാത്രമല്ല, മനുഷ്യർ തമ്മിലുള്ളതാണ്’ എന്ന സന്ദേശംവരുന്ന ഓപ്പൺ ഫോറം കോളേജിൽ സംഘടിപ്പിക്കുന്നുണ്ട്. വിക്ടോറിയയുടെ സ്വന്തം മ്യൂസിക് ബാൻഡായ ‘റബ്ബർ ബാൻഡി’ന്റെ സംഗീതപ്രകടനവും സ്പെഷ്യലാണ്.
വിനീത ഗാർഡനിൽ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള പാട്ട് ഇഷ്ടപ്പെടുന്നവർക്കായി ഡെഡിക്കേറ്റ് ചെയ്യാനും കേൾക്കാനുമുള്ള എഫ്.എം. റേഡിയോയും കാമ്പസിലുണ്ട്.
Content Highlights: valentines day celebration in govt victoria college
Content Highlights: