നിനക്ക്.... ; ഷെമിന്‍ സെയ്ദിന്റെ ഒരു പിടി പ്രണയകവിതകള്‍

* നീയാണ് എന്റെ യാത്ര തീരുന്നിടം
* നിന്നെക്കാണുംവരെ
ഞാന്‍ ജീവിച്ചിട്ടേയില്ല
ജനിച്ചിട്ടുപോലുമില്ല
നിന്നെക്കണ്ടശേഷമോ
നിന്നെ നഷ്ടപ്പെടുമെന്ന പേടിയില്‍
ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു
* നിന്റെ നെറ്റിയില്‍ എന്റെ പ്രണയമിറ്റിച്ച ചോരയെ
നിന്റെ കണ്ണീരുപ്പിനെ
നിന്റെ നെഞ്ചിലെ തേങ്ങലുകളെ
മൊത്തി മൊത്തിക്കുടിക്കണമായിരുന്നു
പക്ഷെ, എന്ത് വീഞ്ഞാണ് നീയെന്റെ അധരങ്ങളില്‍ പകര്‍ന്നത്
ഒറ്റച്ചുംബനത്താല്‍ ഞാനിത്ര ഉന്‍മാദിയാകാന്‍
*രണ്ട് കുടകള്‍ക്ക് കീഴിലെ രണ്ട് മഴകളായ്
എത്ര നേരമാണ് നാം നിന്നത്
പെയ്ത് നിറഞ്ഞ് ഞാനും
പെയ്യാതെ , പെയ്ത് തീരാനറിയാതെ നീയും
* പ്രപഞ്ചത്തോളം നിശബ്ദത
നിനക്കത് അറിയാനാകില്ല
നീയില്ലാത്തപ്പോള്‍ മാത്രമാണ്
ഞാനതറിയുന്നത്
*ഇത്രയൊന്നുമല്ല എന്റെ പ്രണയം
നിനക്ക് ഉള്‍ക്കൊള്ളാന്‍ വേണ്ടി
എത്ര ചുരുക്കിയാണ് ഞാനത് പകര്‍ന്ന് തന്നത്
എന്നിട്ടും നിന്റെ കൈയിലൊതുങ്ങാതെ
മുഴുവനും തുളുമ്പിപ്പോയി....
*എന്നിട്ടും എന്നിട്ടും ഉണര്‍ന്നെഴുന്നേറ്റ് നോക്കുമ്പോള്‍
നീയില്ല
ആകെ കണ്ടത് , മുറ്റത്ത് നനഞ്ഞ് കിടക്കുന്ന
ഒരു തുണ്ട് വെയില്‍ മാത്രം
* കടലോളം കലി
കടലോളം കണ്ണീര്‍
കടലോളം പ്രണയം
നിന്റെ കൈക്കുമ്പിളില്‍ എങ്ങനെ ഒതുങ്ങാന്‍
* ഒരു വഴിയിലൂടെ ഒരുമിച്ച് നടന്നിട്ടും
ഇരുവഴി പിരിഞ്ഞുപോയി
നീ തെടിയത് ജീവിതവും
ഞാന്‍ തിരഞ്ഞത് പ്രണയവുമാകയാല്‍
* വേദന.. വേദന മാത്രമാണ് സത്യം
കൈകാലുകളില്‍ ഹൃദയത്തില്‍
ആത്മാവില്‍ വേദന മാത്രം
ഏത് ലഹരിയിലാണ് ഞാന്‍ അഭയമന്വേഷിക്കുക
ഏത് ലഹരിക്കാണ് നിന്റെ പ്രണയത്തേക്കാള്‍ വീര്യം
*അന്നത്തെ നിലാവ്
അന്നത്തെ പെയ്ത്ത്
നമ്മുടെ ആകാശത്തെ
അന്നത്തെ പ്രണയച്ചോപ്പ്
അന്നത്തെ നീ, ഞാന്‍
എല്ലാം അന്നത്തേതായിരുന്നു
ഞാന്‍ നടന്നുനോക്കി, യുഗങ്ങളോളം
വീണുപോയ ചിരികള്‍ തേടി
പിണങ്ങിയകലാത്ത പരിഭവങ്ങള്‍ അന്വേഷിച്ച്
പക്ഷെ നമ്മിലേക്ക്
എനിക്കറിയാമായിരുന്ന നിന്നിലേക്ക്
വഴികളേതുമില്ലായിരുന്നു
*വസന്തം പിന്നെയും വന്നു
പൂക്കള്‍ക്ക് അതേ സുഗന്ധമായിരുന്നില്ല
പിന്നെയും പെയ്തു മഴ
എന്നിലേക്കിറ്റിയില്ല ഒരു തുള്ളി പോലും
* മുറിവുകള്‍ക്കേയുള്ളു അടയാളങ്ങള്‍
സ്നേഹത്തിനതില്ല
അതുകൊണ്ടാണ് എത്ര തന്നാലുമത്
ഓര്‍മിക്കപ്പെടാത്തത്
* നീകേട്ട ഏറ്റവും സുന്ദര കവിത ഞാനെന്ന്
നിന്റെ ഏകാന്തതയില്‍ നീയറിഞ്ഞ സ്വാസ്ഥ്യമെന്ന്
നിന്റെ വഴികളില്‍ നിന്നെക്കാത്ത മാലാഖയെന്ന്
നിനക്കുറങ്ങാന്‍ എന്റെ നെഞ്ചിലെ മഞ്ഞിന്‍തലപ്പുകള്‍മതിയെന്ന്
അങ്ങനെ ഞാന്‍ കേട്ട ഏറ്റവും സുന്ദര നുണയായിരുന്നു നീ
Content Highlights: love letter, valentines day,love, valentines day 2023,love song