സോമന്‍ നായര്‍ക്ക് വയസ്സ് 77, ബീനാകുമാരിക്ക് 59 ; ഒറ്റപ്പെടലില്‍ ഒരുമിച്ചായി ഈ സ്‌നേഹം

''ഒറ്റപ്പെടലിനും കഷ്ടപ്പാടിനുമൊടുവില്‍ കണ്ണന്‍ തന്നതാണ് ഈ കൂട്ട്...'' സോമന്‍ നായരുടെ കണ്ണുകളിലേക്ക് നോക്കി പറയുമ്പോള്‍ ബീനയുടെ മുഖം ആമ്പല്‍ പോലെ വിടരുന്നു.
''ജോലിയും പ്രാരാബ്ദവുമായി നെട്ടോട്ടമായിരുന്നു ഇതുവരെ. നടക്കാതെപോയ യാത്രകളും ക്ഷേത്രസന്ദര്‍ശനങ്ങളും ഒക്കെയായി ഇവള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കണം ഇനിയങ്ങോട്ട്...
'' സോമന്‍ നായര്‍ പുതുദാമ്പത്യത്തിന്റെ അജണ്ടകള്‍ വിശദീകരിച്ചു.ഇനിയൊരു വിവാഹം എന്ന തീരുമാനത്തിലെത്തുമ്പോള്‍ സോമന്‍ നായര്‍ക്ക് വയസ്സ് 77.
ബീനാകുമാരിക്ക് 59. തനിച്ചായിപ്പോയ കാലത്തെ തിരക്കുകൊണ്ട് മറികടക്കുകയാണ് അവര്‍. നവംബര്‍ 24-ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം.
പോയകാലം
പാലക്കാട് സ്വദേശി ശങ്കറായിരുന്നു ബീനാകുമാരിയുടെ ആദ്യ പങ്കാളി. പ്രവാസിയായിരുന്ന ശങ്കര്‍ മടങ്ങിവന്ന് നാട്ടില്‍ ബിസിനസ് തുടങ്ങി. ''പക്ഷേ, മറ്റൊരാളുടെ ചതിയില്‍പ്പെട്ട് കടത്തിലായി. വീടും സ്വത്തും നഷ്ടപ്പെട്ടു. ഇതിനിടയിലായിരുന്നു മകളുടെ വിവാഹം. താമസിക്കാതെ അദ്ദേഹം മരിക്കുകയും ചെയ്തു...'' അതാണ് ബീനാകുമാരിയുടെ ഫ്ളാഷ്ബാക്ക്. തുടര്‍ന്ന് അവര്‍ തിരുവല്ലയിലെ കുടുംബ വീട്ടിലേക്ക് മടങ്ങി. ശ്രീകാര്യത്തിനടുത്ത് ഹോസ്റ്റല്‍ വാര്‍ഡനായി പത്തുവര്‍ഷത്തോളം ജോലി ചെയ്തു.
താങ്ങാകാന്‍ ഒരാള്‍
77-ാം വയസ്സില്‍ ഇനിയൊരു തുണ വേണമെന്ന തീരുമാനത്തിലെത്താന്‍ സോമന്‍ നായരെ പ്രേരിപ്പിച്ചത് ഭാര്യയുടെ വേര്‍പാടാണ്. ഫെയ്സ്ബുക്കിലെ ഡിവോഴ്സ് മാട്രിമോണിയിലൂടെ ആയിരുന്നു അന്വേഷണം.
ആ സമയത്താണ് വൈക്കം സ്വദേശി ജയന്‍ ബന്ധുവായ ബീനാ കുമാരിയെ കുറിച്ച് പറയുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ടുപോയതാണ് ബീന.
ഒറ്റമകള്‍ വിദേശത്തും. കളിയാക്കലുകള്‍ക്കിടയിലെത്തിയ ആലോചന അനുഭാവപൂര്‍വം പരിഗണിച്ചു. എന്നാലും പ്രായത്തിലെ അന്തരം സോമന്‍ നായരെ വലച്ചു. സോമന്‍നായരുടെ നെയ്യാറ്റിന്‍കരക്കാരനായ ചങ്ങാതിയും പങ്കാളിയെ തേടുന്നുണ്ടായിരുന്നു. ബീനയെ ആ സുഹൃത്തിനു വേണ്ടി നോക്കാമെന്ന് മറുപടി നല്‍കി.
ഈ സമയത്താണ് ബീനാകുമാരിയുടെ സഹോദരന്‍ പ്രവീണും ബന്ധുവും കൂടി സോമന്‍നായരെ കാണാനെത്തുന്നത്. പിന്നെ മാസങ്ങള്‍ക്കു ശേഷം ഇരുവരും തമ്മില്‍ കാണാനിടയായി. അതോടെ സോമന്‍ നായര്‍ ഉറപ്പിച്ചു... 'ഇവള്‍ എനിക്കുള്ളതു തന്നെ.' കൂട്ടുകാരന് വേറെയാളെ കണ്ടെത്താം.
പിന്നീടുള്ള ദിനങ്ങള്‍ക്ക് പ്രണയത്തിന്റെ നിറമായിരുന്നുവെന്ന് പറയുമ്പോള്‍ ഇരുവരുടെയും മുഖത്ത് യുവത്വം നിറഞ്ഞു. വിളിക്കാതിരിക്കാനാകാത്ത... സന്ദേശങ്ങള്‍ അയയ്ക്കാതിരിക്കാനാകാത്ത... ദിവസങ്ങള്‍.
പിരിയാനാകില്ലെന്ന് ഉറപ്പിച്ചതോടെ ഇരുവരും മക്കളെ അറിയിച്ചു. മക്കള്‍ അമ്പരന്നു. ''ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടണം... ഒരു കൂട്ട് വേണം.'' ഇരുവരും നയം വ്യക്തമാക്കി.
സോമന്‍ നായരുടെ മൂത്ത മകള്‍ സുമയുടെ ഭര്‍ത്താവ് അശോകന്‍ ആദ്യം പിന്തുണയുമായെത്തി. രണ്ടാമത്തെ മകള്‍ സുജയും ഭര്‍ത്താവ് ബിനുവും ഇളയ മകന്‍ സുജിത്തും മരുമകള്‍ മായയും കൊച്ചുമക്കളുമെല്ലാം ആ ഇഷ്ടത്തിനൊപ്പം ചേര്‍ന്നു.
മോട്ടോര്‍ ക്ഷേമനിധി ബോര്‍ഡ് ഉദ്യോഗസ്ഥയായ മൂത്ത മകള്‍ക്ക് എറണാകുളത്താണ് ജോലി. മരുമകന്‍ തിരുവനന്തപുരത്ത് റെയില്‍വേ ഉദ്യോഗസ്ഥനും. ഭാര്യ മരിച്ചതോടെ കൊച്ചുമകളും സോമന്‍ നായരും ഒറ്റയ്ക്കായി. അങ്ങനെയാണ് വിവാഹമെന്ന തീരുമാനത്തിലെത്തിയത്.
ബീനാകുമാരി മകള്‍ രോഹിണി ശങ്കറോട് അഭിപ്രായം ചോദിച്ചു. ''അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ''എന്നായിരുന്നു മറുപടി. അമ്മ സരസ്വതിയമ്മയും സഹോദരന്‍ പ്രവീണും ഭാര്യ ഗീതയും പിന്തുണ നല്‍കി.
ഇനി ഒന്നിച്ച്
മുരുക്കുംപുഴ വേലൂര്‍ സ്വദേശിയായ സോമന്‍ നായര്‍ 1964-ല്‍ എയര്‍ ഫോഴ്സില്‍ ചേര്‍ന്നു. 1965-ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ പങ്കെടുത്തു. 1971-ലെ ബംഗ്ലാദേശ് വിഭജനത്തിനും സാക്ഷിയായി. 1979-ല്‍ വിരമിച്ച് വിദേശത്ത് പോയി.
പിന്നെ പി.എസ്.സി. വഴി എന്‍.സി.സി. വകുപ്പില്‍ എല്‍.ഡി.സി. ആയി. 1999-ല്‍ ജൂനിയര്‍ സൂപ്രണ്ട് ആയാണ് വിരമിച്ചത്.
പിന്നീട് വീടിന് സമീപം ബേക്കറി തുടങ്ങി. ഭാര്യ ചന്ദ്രികാദേവിയുമുണ്ടായിരുന്നു ഒപ്പം. പൊതുപ്രവര്‍ത്തനത്തിലും സജീവം.
ഒന്നിച്ച് ഒരുപാട് യാത്ര പോകണമെന്നാണ് സോമന്‍ നായരുടേയും ബീനയുടേയും ആഗ്രഹം. ചില തുടക്കങ്ങള്‍ ജീവിതത്തില്‍ പ്രസരിപ്പ് പരത്തുമെന്നും ആ തുടക്കത്തിന് പ്രായം ഒരു പ്രശ്നമല്ലെന്നും തെളിയിക്കുന്നു ഇവരുടെ മുഖത്തെ നിറഞ്ഞ ചിരി.
Content Highlights: soman nair and beenakumari, second marriage,lifestory,love