ഇന്ത്യ ജീവന്‍ തിരിച്ചുകൊടുത്തിരുന്നെങ്കില്‍ ക്രിസ്റ്റ്യാനോയും നേടുമായിരുന്നു എറിക്സണെ പോലെ ഗോളുകള്‍

ജീവിതവും മരണവും മുഖാമുഖം ബൂട്ടുകെട്ടി കളിക്കാനിറങ്ങുന്നത് സങ്കല്‍പിച്ചുനോക്കിയിട്ടുണ്ടോ? ജീവന്മരണ പോരാട്ടം എന്ന കളിയെഴുത്തിലെ പറഞ്ഞുതേഞ്ഞ പ്രയോഗത്തിനപ്പുറത്തെ സത്യത്തിന് ഒരിക്കലല്ല, പലവട്ടം, പല രാത്രികളില്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട് ഫുട്ബോള്‍ ലോകം. സ്റ്റുട്ട്ഗാര്‍ട്ട് അരീനയില്‍ യൂറോ കപ്പിന്റെ പതിനേഴാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ രാജകുമാരന്‍ ക്രിസ്റ്റ്യന്‍ എറിക്സന്റെ ഗ്രൗണ്ടര്‍ സ്ലൊവേനിയയുടെ വല തുളച്ചുകയറിയപ്പോള്‍ മനസില്‍ ജീവന്‍വെച്ചത് അങ്ങനെ രണ്ട് അവിസ്മരണീയ രാത്രികളാണ്. മരണത്തില്‍ നിന്നും ജീവിതത്തിലേയ്ക്കുള്ള സിരകളെ ത്രസിപ്പിക്കുന്ന അവിശ്വസനീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിനും ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള മരണത്തിലേയ്ക്കുള്ള ഞെട്ടുന്ന മടക്കത്തിനും സാക്ഷ്യം വഹിച്ച രണ്ട് രാത്രികള്‍. ഒന്ന് ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ഥനകളുടെയും പരിശ്രമത്തിന്റെയും ഫലമായി ക്രിസ്റ്റ്യന്‍ എറിക്സണ്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ നിന്ന്. മറ്റൊന്ന് ഇങ്ങ് ഇന്ത്യയില്‍ ക്രിസ്റ്റ്യാനോ സെബാസ്റ്റിയാ ഡെ ലിമ ജൂനിയറെന്ന ബ്രസീലുകാരന്റെ മരണത്തിന്റെ തീരാവേദനയും കുറ്റബോധവും വെളിച്ചം തല്ലിക്കെടുത്തിയ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നിന്നും. യൂറോ 2024ല്‍ ഡെന്മാര്‍ക്കിനെ മുന്നിലെത്തിച്ച് ലോകത്തിന്റെ ഹൃദയം കവര്‍ന്ന് എറിക്സണ്‍ പുനര്‍ജന്മം ആഘോഷിച്ചപ്പോള്‍ എന്തുകൊണ്ടോ മനസില്‍ വിങ്ങലോടെ തെളിഞ്ഞുവന്നത് ക്രിസ്റ്റ്യാനോയുടെ നിശ്ചലമായി തുറിച്ചുനില്‍ക്കുന്ന കണ്ണുകള്‍ കൂടിയായിരുന്നു. അയാളുടെ നഷ്ടപ്പെട്ട ഹൃദയം കൂടിയായിരുന്നു. എറിക്സണെ പോലെ, ഫെഡറേഷന്‍ കപ്പിലും ഐ ലീഗിലും തുടര്‍ച്ചയായി ടോപ് സ്‌കോററായിരുന്ന ക്രിസ്റ്റ്യാനോയെയും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്തതിന്റെ കുറ്റബോധമായിരുന്നു.
സ്റ്റുട്ട്ഗര്‍ട്ടില്‍ സ്ലൊവേനിയയുടെ വല കുലുക്കുന്നതിന് കൃത്യം 1100 ദിവസം മുന്‍പായിരുന്നു കോപ്പന്‍ഹേഗനില്‍ എറിക്സണ്‍ മരണത്തെ തോല്‍പിച്ച ആ നിമിഷം. യൂറോ 2020ല്‍ ഫിന്‍ലെന്‍ഡിനെയിരായ മത്സരത്തിന്റെ നാല്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു അത്. ഒരു ത്രോയായിരുന്നു തുടക്കം. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എറിക്‌സണ്‍ മുന്നോട്ടോടി ത്രോ ഏറ്റുവാങ്ങിയ ഉടനെ കുമ്മായവരയ്ക്കരികില്‍ ബോധരഹിതനായി നിലത്തുവീഴുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ചുറ്റുമുള്ള കളിക്കാര്‍ അന്തംവിട്ടുപോയി. പക്ഷേ, റഫറി സമയം പാഴാക്കിയില്ല. ഉടനെ വൈദ്യസഹായം ആവശ്യപ്പെട്ടു. അടുത്ത ക്ഷണം തന്നെ മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ ഓടിയെത്തി. ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞതോടെ ഗ്രൗണ്ടില്‍ വച്ചു തന്നെ അവര്‍ കൃത്രിമശ്വാസം നല്‍കി. ഹൃദയമിടിപ്പ് കൂട്ടാനുള്ള പരിശ്രമവും നടത്തി. അങ്ങനെ അറിയാവുന്ന പ്രഥമ ശുശ്രൂഷ എല്ലാം പ്രയോഗിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് കണ്ടതോടെ അവര്‍ എറിക്‌സനെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് ഓടി. സ്‌ട്രെച്ചറില്‍ എറിക്‌സന്റെ കണ്ണ് ചെറുതായി ഒന്ന് ചലിച്ചത് ക്യാമറകള്‍ ഒപ്പിയെടുത്തു. അതൊരു ചെറിയ പ്രതീക്ഷയായി. ഡെന്മാമാര്‍ക്കിലെ ഏറ്റവും വലിയ ആശുപത്രിയായ റിഗ്ഷാസ്പിറ്റാലെറ്റിലേയ്ക്കാണ് എറിക്‌സണെയും കൊണ്ട് ആംബുലന്‍സ് കുതിച്ചത്. സ്‌ട്രെച്ചറില്‍ ചലനമറ്റ എറിക്‌സണെ കൊണ്ടുപോകുന്ന കാഴ്ച ഞെട്ടലോടെയാണ് ആ രാത്രി ലോകം കണ്ടുനിന്നത്. നെഞ്ചിടിപ്പ് നിലച്ചുപോകുന്നൊരു കാഴ്ച. ശരിക്കും ഹൃദയഭേദകം. അതോടെ മത്സരം നിര്‍ത്തിവച്ചു. ഫുട്‌ബോള്‍ ലോകം ഒന്നടങ്കം നെഞ്ചില്‍ കൈവച്ച് പ്രാര്‍ഥനകളുമായി കഴിയുന്നതിനിടെ ആശുപത്രിയില്‍ നിന്ന് ആ വാര്‍ത്ത വന്നു. എറിക്‌സണ് ചെറുതായി ബോധം തെളിഞ്ഞു. തുരങ്കത്തിനപ്പുറം ലോകത്തിന് മുന്നില്‍ പ്രതീക്ഷയുടെ ഒരു കൈത്തിരി തെളിഞ്ഞു. എറിക്‌സണ്‍ സുരക്ഷിതനാണെന്ന് അറിഞ്ഞതോടെ നിര്‍ത്തിവച്ച മത്സരം പുന:രാരംഭിച്ചു. പക്ഷേ, മിഡ്ഫീല്‍ഡിലെ പവര്‍ ഹൗസായിരുന്ന എറിക്‌സണ്‍ ഇല്ലാതെ കളിച്ച ഡെന്‍മാര്‍ക്ക് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി തോറ്റു.
Content Highlights: comeback of danish footballer christian eriksen in eurocup and death of cristiano junior