ഉത്തേജക പരിശോധനയില്‍ പോസിറ്റീവായ എം. വിഘ്‌നേഷിനെ മാറ്റി; പകരം ആസിഫ്

Photo: twitter.com/keralafa
Photo: twitter.com/keralafa

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന കേരള ടീമില്‍ വീണ്ടും മാറ്റം. ഉത്തേജക പരിശോധനയില്‍ പോസിറ്റീവായ മുന്നേറ്റനിരതാരം എം. വിഘ്‌നേഷിനുപകരം റിസര്‍വ് താരം എറണാകുളത്തിന്റെ ആസിഫിനെ ഉള്‍പ്പെടുത്തി.

കഴിഞ്ഞവര്‍ഷം ഗുജറാത്തില്‍ നടന്ന ദേശീയ ഗെയിംസിനിടയില്‍ നടത്തിയ നാഡയുടെ ഉത്തേജക പരിശോധനയിലാണ് വിഘ്‌നേഷ് പോസിറ്റീവായത്. അസുഖത്തിന്റെ ഭാഗമായി ഉപയോഗിച്ച മരുന്നാണ് ഉത്തേജകപരിശോധനയില്‍ പോസിറ്റീവാകാന്‍ ഇടയാക്കിയതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നിരോധിത ഘടകമായ ടെര്‍ബ്യുടാലിന്റെ സാന്നിധ്യമാണ് താരത്തിന്റെ സാമ്പിളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വിഘ്‌നേഷിനെ ഫെഡറേഷന്‍ വിലക്കിയിട്ടില്ല. അതിനാല്‍ തന്നെ സന്തോഷ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനും വിലക്കില്ല. എന്നാല്‍, ഇത്തരമൊരു റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ താരത്തെ ടീമില്‍നിന്ന് താത്കാലികമായി മാറ്റിനിര്‍ത്താനാണ് കെ.എഫ്.എ.യുടെ തീരുമാനം. നാഡയുടെ ക്ലിയറന്‍സ് റിപ്പോര്‍ട്ട് വരുന്നതുവരെ താരത്തെ മാറ്റി നിര്‍ത്താനാണ് തീരുമാനം. മത്സരങ്ങള്‍ക്കായി ടീം തിങ്കളാഴ്ച ഒഡിഷയിലേക്ക് തിരിക്കും.

Content Highlights: Viknesh dropped from Kerala squad after dope test failure