സന്തോഷ് ട്രോഫി; കാണികള്‍ കാത്തിരിക്കുന്നു അപരാജിതരുടെ കളി

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍റൗണ്ടില്‍ ഫുട്ബോള്‍പ്രേമികള്‍ കൗതുകത്തോടെ കാത്തിരിക്കുന്നത് അപരാജിത ടീമുകളുടെ കളി കാണാനാണ്.
മൊത്തം 12 ടീമുകളില്‍ ആറ് ടീമുകളാണ് തോല്‍വിയറിയാതെ ആദ്യറൗണ്ട് കഴിഞ്ഞെത്തിയത്. ബാക്കിയുള്ളവയില്‍ നാല് ടീമുകള്‍ ഒരു കളിമാത്രം തോറ്റവരും. റെയില്‍വേസും സര്‍വീസസും നേരിട്ട് യോഗ്യത ലഭിച്ച ടീമുകളാണ്. ഭുവനേശ്വറില്‍ ഫെബ്രുവരി 10-ന് ഫൈനല്‍റൗണ്ടിന് കിക്കോഫാകും.
നിലവിലെ ചാമ്പ്യന്മാരായ കേരളം, ഡല്‍ഹി, ഗോവ, ബംഗാള്‍, മേഘാലയ, പഞ്ചാബ് ടീമുകളാണ് ആദ്യറൗണ്ടില്‍ തോല്‍ക്കാതെ മുന്നേറിയത്. ഇതില്‍ കേരളം, ഗോവ, പഞ്ചാബ് ടീമുകള്‍ എ ഗ്രൂപ്പിലാണ്. ബംഗാള്‍, മേഘാലയ, ഡല്‍ഹി ടീമുകള്‍ ബി ഗ്രൂപ്പിലുമായിട്ടാണ് ഫൈനല്‍റൗണ്ടില്‍ കളിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, മണിപ്പുര്‍ ടീമുകള്‍ ഒരുകളിയില്‍ മാത്രമാണ് തോറ്റത്.
സന്തോഷ് ട്രോഫിയുടെ യോഗ്യതാറൗണ്ടില്‍ ഗോള്‍മേളമായിരുന്നു. 36 ടീമുകളാണ് കളിച്ചത്. 65 കളിയിലായി പിറന്നത് 227 ഗോളുകള്‍. 3.49 ആണ് ശരാശരി. താരതമ്യമില്ലെങ്കിലും കൗതുകത്തിന് പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ 3.02 ആണ് നിലവിലെ ഗോള്‍ശരാശരി. ഐ ലീഗിലിത് 2.41 ആണ്.
ഗോളടിച്ച് കേരളം
യോഗ്യതാറൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീം കേരളമാണ്. അഞ്ച് കളികളിലായി 24 ഗോളാണ് കേരളം അടിച്ചുകൂട്ടിയത്. 21 ഗോളുമായി കര്‍ണാടകയാണ് രണ്ടാമത്. ബംഗാള്‍, ഒഡിഷ, മേഘാലയ ടീമുകള്‍ 17 വീതം ഗോള്‍ നേടി. ഗോള്‍ വഴങ്ങുന്നതില്‍ ബംഗാളും പഞ്ചാബും ഡല്‍ഹിയുമാണ് പിശുക്കുകാട്ടിയത്. ഒറ്റഗോള്‍ മാത്രമാണ് മൂന്ന് ടീമുകളും വഴങ്ങിയത്. കേരളവും മേഘാലയയും രണ്ട് വീതം ഗോളാണ് വഴങ്ങിയത്.
ഗോള്‍വേട്ടക്കാര്‍
കേരളത്തിന്റെ നിജോ ഗില്‍ബര്‍ട്ട്, ബംഗാളിന്റെ നരോ ഹരി ശ്രേഷ്ത, മഹാരാഷ്ട്രയുടെ ആരിഷ് ഷെയ്ഖ് എന്നിവരാണ് ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് പേര്‍ക്കും ആറു ഗോള്‍വീതമുണ്ട്.
Content Highlights: Santosh Trophy 2023 Spectators are waiting for the unbeaten teams games