ബീവുമ്മയുടെയും എന്റെയും നോമ്പുകാലം; മറക്കാത്ത മധുരിക്കുന്ന കാലം

#റിജേഷ് പൊന്നാനി
പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി | ഫയല്‍ചിത്രം | ഫോട്ടോ: മധുരാജ്/ മാതൃഭൂമി
പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി | ഫയല്‍ചിത്രം | ഫോട്ടോ: മധുരാജ്/ മാതൃഭൂമി

അഞ്ചാം ക്ലാസ് മുതല്‍ പത്ത് വരെ പൊന്നാനി എം.ഐ.എച്ച്.എസില്‍ പഠിച്ചിരുന്ന കാലം. വെള്ളിയും ഞായറുമാണ് സ്‌കൂള്‍ അവധി. വിശുദ്ധ റംസാൻ തുടങ്ങി പെരുന്നാള്‍ തീരുന്നത് വരെ വിദ്യാലയത്തിന്റെ ഗേറ്റ് അടഞ്ഞു കിടക്കും. പെരുന്നാള്‍ കഴിഞ്ഞാണ് പിന്നീട് സ്‌കൂള്‍ തുറക്കുക. നോമ്പ് തുടങ്ങിയ അന്നു മുതല്‍ കഴിയുന്നത് വരെ വീട്ടില്‍ തന്നെ. വ്രതം ആരംഭിച്ചാല്‍ പന്തുകളിയില്ല, ക്രിക്കറ്റില്ല, കബഡിയുമില്ല. അഥവാ കളിക്കാനിറങ്ങിയാല്‍ കുട്ട്യമ്മായിയോ (അച്ഛന്റെ സഹോദരി) അച്ഛനോ വല്യച്ഛനോ കളിസ്ഥലത്ത് വന്ന് വാ ഇങ്ങോട്ട് എന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോകും. വീട്ടില്‍നിന്ന് അപൂര്‍വമായി മാത്രം പുറത്തുചാടാന്‍ പറ്റുന്നൊരു  മാസം.

എന്റെ ജനനത്തിന് എത്രയോ മുന്നേ വല്യച്ഛന്റെ കല്യാണത്തിന് ശേഷം, വല്യമ്മയുടെ പള്ളപ്രത്തേക്കുള്ള വരവോടെ എങ്ങോട്ട് തിരിഞ്ഞാലും ദാരിദ്ര്യം മുഴച്ചുനില്‍ക്കുന്ന ആ കാലത്ത്, ഒരു ആശയം വല്യമ്മ ഭര്‍ത്താവിനോട് പങ്കുവെച്ചു. 

വല്യമ്മ : നമുക്ക് ഇവിടെ (വീട്ടില്‍) പപ്പടപ്പണി തുടങ്ങിയാലോ ?

വല്യച്ഛന്‍ : അതിനെന്താ നമുക്ക് തുടങ്ങാം...

പപ്പടപ്പണിയെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത വല്യച്ഛന് കൃത്യമായി അറിയാമായിരുന്നു വല്യമ്മയ്ക്ക് പപ്പടപ്പണിയുടെ എല്ലാ വശവും വളരെ വ്യക്തമാണെന്ന്. വന്നേരിക്കാരിയായ വല്യമ്മയുടെ അച്ഛനും അമ്മയും ഒരു സഹോദരനും പപ്പടപ്പണിക്കാരായിരുന്നു.

അച്ഛനും വല്യച്ഛനും അവരുടെ മക്കളുമെല്ലാം ഉള്‍പ്പെടുന്ന ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. 1984-ല്‍ തറവാടിനോട് ചേര്‍ന്ന് പുതിയ വീട് വെച്ച് അച്ഛനും വല്യച്ഛനും ആ വീട്ടിലേക്ക് മാറിയപ്പോള്‍ മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഓലമേഞ്ഞ പഴയ വീട്ടില്‍ ആരും താമസമില്ലാതെ വന്നു. അങ്ങനെ തറവാട് പൂര്‍ണ്ണമായും പപ്പടപ്പണിക്ക് മാത്രമായി.

അമ്മ എന്ന് ഉച്ചരിക്കാന്‍ ആരംഭിച്ച ആ കാലയളവില്‍ തന്നെ ഉമ്മ എന്ന വിളിയും എന്റെ നാവിന്‍തുമ്പില്‍നിന്ന് ഉയര്‍ന്നിരുന്നു. വീട്ടില്‍ പപ്പടപ്പണിക്ക് വന്നിരുന്ന ബീവുമ്മയെ ആയിരുന്നു ഞാന്‍ ഉമ്മ ചേര്‍ത്തു വിളിച്ചിരുന്നത്. വല്യമ്മയും വല്യച്ഛനും ബീവുമ്മയും മറ്റു മൂന്നു പേരും കൂടി പപ്പടപ്പണിയുമായി മുന്നോട്ടുപോകുമ്പോള്‍, റംസാൻ മാസത്തിന്റെ വരവോടെ ഞാനും അതില്‍ പങ്കാളിയാവും. പപ്പടത്തിന് ആവശ്യക്കാര്‍ കൂടുന്ന സമയമാണ് നോമ്പ് കാലം. പതിനൊന്ന് മാസം സിനിമകള്‍ കണ്ടും ഇഷ്ടവിനോദങ്ങളിലേര്‍പ്പെട്ടും ബാല്യകാലം അടിച്ചുപൊളിക്കുമ്പോഴാണ് നോമ്പിന്റെ വരവ്. ചില നേരങ്ങളില്‍ ഒന്ന് അപ്രത്യക്ഷനാവുമെങ്കിലും പൊതുവെ ആ മുപ്പത് ദിവസങ്ങളും വീട്ടില്‍ തന്നെ.

നേരം പുലരാനാവുമ്പോഴേക്കും വല്യച്ഛനും വല്യമ്മയും ചേര്‍ന്ന് ജോലിക്കാര്‍ വരുന്നതിനു മുമ്പേ തന്നെ പപ്പടത്തിന്റെ ഏറ്റവും ചെറിയ പതിപ്പുണ്ടാക്കി വെച്ചിട്ടുണ്ടാവും. പണിക്കാര്‍ വന്നാല്‍ അതിനെ പലകയില്‍വെച്ച് പരത്തി പിന്നീട് അതെല്ലാം ഒരുക്കൂട്ടി അട്ടിയാക്കി വെച്ച് തള്ളവിരലുകള്‍ കൊണ്ട് നിരന്തരം ഞെക്കി വലതുകൈയുടെ ഉള്‍ഭാഗം കൊണ്ട് ആഞ്ഞ് അമര്‍ത്തും. എന്നിട്ട് ആ അട്ടിയെ തലതിരിച്ചുവച്ച് ആദ്യം ചെയ്തത് പോലെ ആവര്‍ത്തിച്ച് പൂര്‍ണ്ണവളര്‍ച്ചയില്‍ എത്തിക്കും. പപ്പടത്തിന്റെ എല്ലാ കാര്യങ്ങളിലും വല്യമ്മയുടെ സുന്ദരമായ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടാവും.

വെയിലത്ത് ചാക്കിട്ട് നിരത്തി ആ പപ്പടത്തെ ഉണക്കിയെടുക്കുകയാണ് എന്റെയും കുട്ട്യമ്മായിടെയും ജോലി. വെയില്‍ പോയാല്‍ ചിരട്ടയും ചകിരിയും പപ്പടക്കൂടിനുള്ളില്‍ കൂട്ടിയിട്ട് കത്തിച്ച് കൂടിന്റെ മുകള്‍ഭാഗത്ത് പപ്പടംവെച്ച് ഉണക്കിയെടുക്കും.

രാവിലെ എട്ടിനാണ് പണിക്കാര്‍ വന്ന് ജോലി ആരംഭിക്കുക. റംസാനായാൽ ഏഴുമണിക്ക് തന്നെ പണി തുടങ്ങും. പെണ്‍കുപ്പായവും പുള്ളിത്തുണിയും തട്ടവുമിട്ട് വന്നിരുന്ന ബീവുമ്മ ഒരിക്കലും മായാത്ത ഓര്‍മ്മയാണ്. രാവിലെ വന്നാല്‍ നോമ്പ് തുറക്കേണ്ട സമയത്താണ് ബീവുമ്മ പള്ളപ്രത്തുള്ള തന്റെ വീട്ടിലേക്ക് മടങ്ങുക. ബാക്കിയുള്ളവര്‍ അപ്പോഴും പണിയില്‍ തന്നെയായിരിക്കും.

നോമ്പ് ഇരുപത് കഴിഞ്ഞാല്‍ നിലവിലെ പണിക്കാര്‍ അഹോരാത്രം നിന്ന് ജോലി ചെയ്താലും ചൂടപ്പം പോലെ പപ്പടം വിറ്റ് തീരും. വീട്ടില്‍ വന്ന് പപ്പടം കിട്ടാതെ നിരാശയോടെ മടങ്ങിപ്പോകുന്നവരുടെ എണ്ണം കൂടുതലായിരിക്കും. ഈ പണിത്തിരക്കിനിടയില്‍പ്പെട്ട് ശ്വാസം മുട്ടി നില്‍ക്കുമ്പോഴാണ് നാരായണേട്ടന്റെ വരവ്.

നാരായണന്‍ : കല്യാണി ഏടത്തി ഈ ഞായറാഴ്ച മൂന്നാമത്തെ മകളുടെ വിവാഹമാണ്. തലേദിവസം ടീ പാര്‍ട്ടിയും. രണ്ട് ദിവസവും കുടുംബടക്കം വരണം. സദ്യയ്ക്ക് പതിനഞ്ച് കെട്ട് (1500) പപ്പടവും വേണം.

പപ്പടം ഏല്‍പ്പിക്കുമ്പോള്‍ കല്യാണത്തിന് അഞ്ചുദിവസം മാത്രമേ ബാക്കിയുണ്ടാകൂ. നാരായണേട്ടനെ പിണക്കാനും പറ്റില്ല. നാരായണേട്ടന്റെ വീട്ടില്‍ എന്ത് ചടങ്ങ് നടന്നാലും പപ്പടം വല്യമ്മയാണ് നല്‍കുക. ഇങ്ങനെയുള്ളവര്‍ നിരവധിയാണ്. ഇന്ന് നാരായണേട്ടനാണെങ്കില്‍ നാളെ ചന്ദ്രേട്ടന്‍, മറ്റന്നാള്‍ മാധവേട്ടന്‍. ദീര്‍ഘവീക്ഷണമുള്ള വല്യമ്മയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമേയല്ല. പൂപറിക്കുന്ന ലാഘവത്തോടെ എല്ലാറ്റിനും പരിഹാരം കാണും. രണ്ട് പുതിയ പണിക്കാരെ പെരുന്നാള്‍ വരെ വല്യമ്മ ഏര്‍പ്പാട് ചെയ്യും. അങ്ങനെ എത്രയെത്ര മുഖങ്ങള്‍.

മൂന്നും നാലും കല്യാണങ്ങള്‍ ഒരേ ദിവസം വരുമ്പോള്‍ സദ്യക്കുള്ള പപ്പടത്തിനായിരിക്കും ഒരു ദിവസത്തെ ജോലി മുഴുവനും.

പെരുന്നാളിനോടടുപ്പിച്ച് അവസാന അഞ്ച് ദിവസങ്ങളില്‍ ബീവുമ്മ വീട്ടിലേക്ക് പോകാന്‍ അര്‍ദ്ധരാത്രിയാവും. പിന്നീടുള്ള ബീവുമ്മയുടെ നോമ്പു തുറക്കല്‍ മുഴുവനും എന്റെ വീട്ടിലാണ്. ആടിനെയും പശുവിനെയും വീട്ടില്‍ വളര്‍ത്തുന്നുണ്ട് കൂടാതെ അച്ഛന് കൊപ്ര പണിയും. ഈ കാര്യങ്ങളൊക്കെ നോക്കുന്നതിനിടയിലും അമ്മയും ചേച്ചിമാരും ബീവുമ്മയ്ക്ക് നോമ്പ് തുറക്കാന്‍ വേണ്ട പഴങ്ങളും പലഹാരങ്ങളും മറ്റു വിഭവങ്ങളുമൊക്കെ ഒരുക്കി വയ്ക്കും. ബീവുമ്മയ്ക്ക് നിസ്‌കരിക്കാന്‍ വീട്ടിലെ ഒരു മുറി ചേച്ചിമാര്‍ തുടച്ചു വൃത്തിയാക്കിയിടും. ബീവുമ്മ നിസ്‌കരിക്കുമ്പോള്‍ കുട്ടിയായ ഞാനും അത് അനുകരിക്കും. വാങ്ക് വിളിക്കുന്ന സമയത്ത് പഴങ്ങളും പലഹാരങ്ങളും കൂട്ടി ബീവുമ്മ നോമ്പ് തുറക്കുന്ന നേരത്ത് ഞാന്‍ ഓടിയെത്തുമ്പോള്‍

അമ്മ : ബീവുമ്മ സമാധാനമായി നോമ്പ് ഇറക്കിക്കോട്ടെ! നീ ശല്യപ്പെടുത്തേണ്ട

ഉടനടി ഞാന്‍ : എനിക്കും നോമ്പുണ്ട്

ബീവുമ്മ : അവന്‍ എന്റെ അടുത്ത് ഇരുന്നോട്ടെ രോഹിണി..

അതൊക്കെ ഒരു കാലം. ഒരിക്കലും മറക്കാത്ത മധുരിക്കുന്ന കാലം.

പാതിരാത്രിയില്‍ കുട്ട്യമ്മായിയും ഏട്ടനും (വല്യച്ഛന്റെ മകന്‍) കട്ട ബാറ്ററിയുള്ള ടോര്‍ച്ച് തെളിച്ച് ബീവുമ്മയെ അവരുടെ വീട്ടിലെത്തിക്കുന്നത് ഓര്‍മ്മകളില്‍ ഇന്നും തുളുമ്പി നില്‍ക്കുന്നു.

അങ്ങാടിയിലെ തീപാറും കച്ചവടം.....

ആനപ്പടി, ബസ്റ്റാന്‍ഡ്, തെക്കേപ്പുറം, അങ്ങാടി തുടങ്ങിയ പടിഞ്ഞാറ് ഭാഗത്തെ പ്രദേശങ്ങളിലൊക്കെ സ്ഥിരമായി പപ്പടം വാങ്ങുന്ന വീടുകളിലേക്ക് വല്യച്ഛന്‍ ആഴ്ചയില്‍ മൂന്നു ദിവസം പപ്പടവുമായി പോകും. നോമ്പ് പകുതി കഴിഞ്ഞാല്‍ പിന്നെ എവിടേക്കും പോകില്ല. ഒരു കുട്ട പപ്പടവുമായി അങ്ങാടിയിലെ മെയിന്‍ റോഡിനും ജെ.എം റോഡിനും അടുത്തായി ഒരു ചെറിയ പീടികയുടെ മുന്നിലിരുന്നാണ് കച്ചവടം. സ്ഥിരം പപ്പടം വാങ്ങുന്നവര്‍ വല്യച്ഛനെ തേടി അവിടെയെത്തും. പിന്നെ അങ്ങാടിയിലേക്ക് ഒഴുകിയെത്തുന്നവരുടെ വമ്പന്‍ കച്ചവടവും. പപ്പടം തീരാറാവുമ്പോഴേക്കും അച്ഛന്‍ വടി സഞ്ചിയില്‍ പപ്പടം നിറച്ച് രണ്ട് കൈയിലും പിടിച്ച് പള്ളപ്രത്ത് നിന്ന് നടന്നുവന്ന് അങ്ങാടിയില്‍ എത്തിക്കും. ചില്ലറ അവിടെ ബാക്കിവെച്ച് കച്ചവടം ചെയ്ത കാശു മുഴുവന്‍ അച്ഛന്റെ കൈയില്‍ വല്യച്ഛന്‍ ഏല്‍പ്പിക്കും.

ഇരുപത്തിയേഴാം രാവ് മുതല്‍ വല്യച്ഛന്റെയൊപ്പം അങ്ങാടിയിലെ കച്ചവടത്തിന് ഞാനും കൂട്ടിനു പോകും. വല്യച്ഛന് ഞാന്‍ ഒപ്പമുണ്ടാവുന്നത് ആശ്വാസമാണ്. കച്ചവടം കൂടുമ്പോള്‍ പൈസ വാങ്ങിക്കാനും ബാക്കിയുള്ളത് തിരിച്ചു കൊടുക്കാനും പ്രയാസമില്ലാതെ പെട്ടെന്ന് ചെയ്യാന്‍ എനിക്ക് സാധിക്കും. പള്ളപ്രത്ത് നിന്ന് കുട്ടയില്‍ പപ്പടം നിറച്ച് വല്യച്ഛന്‍ തലയില്‍ വെച്ച് നടക്കുമ്പോള്‍ ഒപ്പമുള്ള എന്റെ കൈയില്‍ ഒരു സഞ്ചി പപ്പടം ഉണ്ടാവും. കനോലി കനാലിന് അരികിലൂടെ നീങ്ങി കൗണ്‍സിലര്‍ പ്രഭാകരേട്ടന്റെ വീടും കഴിഞ്ഞ് മൂന്നാം നമ്പര്‍ പാലത്തിനടുത്ത് പലചരക്ക് കച്ചവടം നടത്തുന്ന ഏന്തീന്‍ക്കാന്റെ കടയില്‍ എന്റെ കൈയിലുള്ള പപ്പടം വല്യച്ഛന്‍ ഏല്‍പ്പിക്കും. പാലം കയറി തെക്കേപ്രം വഴി വലിയ ജുമാഅത്ത് പള്ളിയും കഴിഞ്ഞ് അങ്ങാടിയില്‍ എത്തുമ്പോഴേക്കും അത്യാവശ്യം കച്ചവടം നടന്നിട്ടുണ്ടാവും. വല്യച്ഛനെ അറിയുന്നവര്‍ വഴിയില്‍ നിന്നുതന്നെ പപ്പടം വാങ്ങിക്കും. നാലുമണി നേരത്ത് അങ്ങാടിയിലെത്തിയാല്‍ അവിടത്തെ കാഴ്ചകള്‍ കണ്ട് ഞാന്‍ അന്ധാളിച്ചു നില്‍ക്കും. ഇതിലും വലിയ കാഴ്ചകള്‍ ലോകത്ത് എവിടെയുമുണ്ടാവില്ലെന്ന് പന്ത്രണ്ടുകാരനായ എനിക്ക് ബോധ്യപ്പെടും. അങ്ങാടിയുടെ മനോഹാരിത കണ്ട് കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ പറ്റില്ല. വല്യച്ഛന്റെ കണ്ണെത്തും ദൂരം മാത്രം.. 

പെരുന്നാളിന്റെ തലേ ദിവസം പൊന്നാനി അങ്ങാടി ജനങ്ങളാല്‍ ഒരു സമുദ്രമായി മാറും. അര കെട്ട് (50 എണ്ണം), ഒരു കെട്ട് (100എണ്ണം) എണ്ണിത്തിട്ടപ്പെടുത്തി വച്ചത് ഓര്‍ഡറനുസരിച്ച് വല്യച്ഛന്‍ പേപ്പറില്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ പെട്ടിയില്‍ കാശ് നിറയുന്ന കാഴ്ച വല്ലാത്തൊരു അനുഭൂതിയാണ്.

തിരക്കൊഴിഞ്ഞ സമയത്ത് ഐസ്‌ക്രീമും മിഠായിയും വാങ്ങിക്കാന്‍ വല്യച്ഛന്‍ കാശ് തരും. അന്ന് തിന്ന മിഠായിക്കും ഐസ്‌ക്രീമിനും ഒരു കണക്കുമില്ല. 

പപ്പടം വാങ്ങിച്ച് പരീത്ക്കയും ബാവക്കയും മൊയ്തീന്‍ക്കയും ആമിനത്തയും വല്യച്ഛനോട് സുഖവിവരം അന്വേഷിച്ച് പെരുന്നാളിന് അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്ന, വല്യച്ഛന്റെ എത്രയെത്ര സൗഹൃദക്കൂട്ടം.

പകല്‍ സമയത്ത് അച്ഛനാണ് അങ്ങാടിയിലേക്ക് പപ്പടം എത്തിക്കുന്നതെങ്കില്‍ രാത്രിയില്‍ ഏട്ടന്‍മാര്‍ക്കാണ് ആ ചുമതല. പുലര്‍ച്ചെ നാല് മണിയാവുമ്പോഴേക്കും സാധനങ്ങളെല്ലാം തീര്‍ന്ന് കച്ചവടം അവസാനിപ്പിച്ച് അങ്ങാടിയുടെ ദൃശ്യഭംഗി എന്റെ കൈപിടിച്ച് വല്യച്ഛന്‍ കാണിച്ചുതരും. കളിക്കുന്ന തോക്ക്, ബലൂണ്, വെള്ളത്തില്‍ ഓടിക്കുന്ന ബോട്ട് തുടങ്ങി എന്തൊക്കെയാണോ വേണ്ടത് അതൊക്കെ വല്യച്ഛന്‍ വാങ്ങി തരും.

പോകുമ്പോള്‍ കുട്ട നിറച്ചു പപ്പടമാണെങ്കില്‍ മടങ്ങുമ്പോള്‍ കുട്ടയില്‍ കളിക്കോപ്പുകളും പലഹാരങ്ങളുമായിരിക്കും.

തിരിച്ചുവരുമ്പോള്‍ പൂര്‍ണസംതൃപ്തിയോടെ തുള്ളിച്ചാടി കളിത്തോക്കില്‍ കുറ്റി പടക്കം നിറച്ച് പൊട്ടിച്ച് രാജകുമാരനെ പോലെ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്ക് എന്റെ ഒരു വരവുണ്ട്. ഇനിയൊരിക്കലും കിട്ടാത്ത രാജകീയ വരവ്.

പെരുന്നാളിന്റെ അന്ന് രാവിലെ വീടിനടുത്തുള്ള എല്ലാ ഉമ്മമാരും പലഹാരങ്ങള്‍ വീട്ടിലെത്തിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കും. ഉച്ചയ്ക്ക് ബീവുമ്മയുടെ വീട്ടില്‍ പോയി തുമ്പപ്പൂവിന്റെ നിറമുള്ള നെയ്‌ച്ചോറും ഉഷാര്‍ പോത്തിറച്ചിയും കൂട്ടി പെരുന്നാള്‍ ചോറ് തിന്ന് ആത്മസംതൃപ്തിയോടെ മടക്കം..

Content Highlights: ramadan 2025 special story