പരിസ്ഥിതിയെ സംരക്ഷിക്കുക

#ഡോ. വി.പി. സുഹൈബ് മൗലവി(പാളയം ഇമാം)
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva.com
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva.com

മൂന്നുരീതിയിലുള്ള കടപ്പാടുകളാണ് മതം മനുഷ്യന് നിര്‍ണയിച്ചിട്ടുള്ളത്. (ഒന്ന്) ദൈവത്തോടുള്ള കടപ്പാടുകള്‍. (രണ്ട്) മനുഷ്യരോടുള്ള കടപ്പാടുകള്‍. (മൂന്ന്) പരിസ്ഥിതിയോടും പരിസ്ഥിതിയിലെ ജീവജാലങ്ങളോടുമുള്ള കടപ്പാടുകള്‍. മനുഷ്യന്‍ പരിസ്ഥിതിയോട് മോശമായി ഇടപെട്ടതിന്റെ ഫലമായാണ് ഭൂമിയില്‍ സംഭവിച്ച വലിയ കുഴപ്പങ്ങള്‍ എന്നാണ് അല്ലാഹു പറയുന്നത്: 'മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കാന്‍ വേണ്ടിയത്രേ അത്. അവര്‍ ഒരുവേള മടങ്ങിയേക്കാം' (ഖുര്‍ആന്‍ 30: 41).

വിശുദ്ധ ഖുര്‍ആനിലെ പല അധ്യായങ്ങളുടെയും നാമങ്ങള്‍ ജീവജാലങ്ങളുടേതാണെന്ന് കാണാവുന്നതാണ്. പശു, കന്നുകാലികള്‍, ഉറുമ്പ്, തേനീച്ച, ആന തുടങ്ങിയ തലക്കെട്ടുകളിലെല്ലാം ഖുര്‍ആന്‍ അധ്യായങ്ങളുണ്ട്. എല്ലാജീവജാലങ്ങളും നമ്മെപ്പോലുള്ള സമൂഹങ്ങളാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ആ സമൂഹങ്ങളോട് കരുണയോടെ പെരുമാറാന്‍ ഖുര്‍ആന്‍ മനുഷ്യനെ പ്രേരിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: 'ഭൂമിയിലുള്ള ഏതൊരു ജന്തുവും രണ്ട് ചിറകുകള്‍കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു'' (ഖുര്‍ആന്‍ 6: 38). അതുപോലെ, ഇസ്ലാം മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. മൃഗങ്ങളോട് ദയയും കരുണയും ഉള്ളവനോട് അല്ലാഹു ദയയും കരുണയും കാണിക്കുമെന്ന് പ്രവാചകന്‍ പറഞ്ഞു. മൃഗങ്ങളോട് മാത്രമല്ല ഭൂമിയില്‍ ജീവിക്കുന്ന ഉറുമ്പിനുപോലും അവകാശങ്ങളുണ്ടെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.

ഭൂമിയില്‍ കൃഷിയിറക്കാനും അതുവഴി ഭൂമിയെ സജീവമാക്കാനും പ്രവാചകന്‍ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രവാചകന്‍ പറഞ്ഞു: 'ഒരാള്‍ കൃഷിചെയ്താല്‍ അതില്‍ ഭക്ഷിക്കപ്പെടുന്നതെന്തും ആ കര്‍ഷകന് പുണ്യദാനമായി രേഖപ്പെടുത്തപ്പെടും. ഇനി അതില്‍നിന്ന് വല്ലതും മോഷ്ടിക്കപ്പെട്ടാലും അതദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ദാനധര്‍മമായിത്തീരും. വല്ല വന്യജീവികളോ പറവകളോ ഭക്ഷിച്ചാല്‍ അതും ദാനധര്‍മം തന്നെ. ആരത് ഉപയോഗപ്പെടുത്തിയാലും അത് പുണ്യമായല്ലാതെ ഭവിക്കുന്നില്ല. അന്ത്യനാള്‍വരെയും അതിന്റെ പുണ്യം കൃഷിചെയ്തയാള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും' (മുസ്ലിം). കര്‍ഷകവൃത്തിക്കും അതില്‍നിന്നുള്ള പ്രയോജനത്തിനും നാളെ പരലോകത്ത് പ്രതിഫലം ലഭിക്കുകയെന്നത് തന്നെ പരിസ്ഥിതിസംരക്ഷണം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് സൂചിപ്പിക്കുന്നു.

Content Highlights: ramzan thoughts by vp shuhaib moulavi