നല്ല അയല്‍ക്കാരാവുക

അയല്‍പ്പക്കബന്ധത്തിന് മതത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. അയല്‍വാസികളോട് നല്ലബന്ധം നിലനിര്‍ത്തി സാമൂഹികജീവിതം സൗഹൃദപൂര്‍ണമാക്കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കാന്‍ ഉണര്‍ത്തിയശേഷം പ്രപഞ്ചനാഥന്‍ വളരെ ഗൗരവത്തില്‍ ഉണര്‍ത്തിയ ബാധ്യതകളില്‍ ഒന്നാണ് അയല്‍വാസിക്ക് നന്മചെയ്യുക എന്നത്.
അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക. അവനോട് ഒന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുക. അടുത്തബന്ധുക്കളോടും അനാഥകളോടും അഗതികളോടും അടുത്ത അയല്‍വാസിയോടും അകന്ന അയല്‍വാസിയോടും അടുത്ത കൂട്ടുകാരനോടും വഴിപോക്കനോടും നിങ്ങളുടെ അധീനത്തിലുള്ളവരോടും നന്മയില്‍ വര്‍ത്തിക്കുക. അഹങ്കാരികളെയും പൊങ്ങച്ചക്കാരെയും അല്ലാഹു സ്‌നേഹിക്കുകയില്ല'' (ഖുര്‍ആന്‍ 4: 36). ഈ ഖുര്‍ആന്‍ സൂക്തത്തില്‍ രണ്ടുതരം അയല്‍വാസികളെക്കുറിച്ച് പറയുന്നുണ്ട്, അടുത്ത അയല്‍വാസിയെ സംബന്ധിച്ചും അകന്ന അയല്‍വാസിയെ സംബന്ധിച്ചും. കുടുംബബന്ധമുള്ള അയല്‍വാസിയാണ് അടുത്ത അയല്‍വാസി, കുടുംബബന്ധമില്ലാത്ത അയല്‍വാസിയാണ് അകന്ന അയല്‍വാസി. എത്രമാത്രം ഗൗരവത്തോടെയാണ് മതം അയല്‍വാസിയോടുള്ള ബാധ്യതകളെ കാണുന്നതെന്ന് നോക്കാം.
ഒന്നാമതായി, വിശ്വാസത്തിന്റെ അനിവാര്യതാത്പര്യമായാണ് അയല്‍വാസികളോടുള്ള കടമകളെ കാണുന്നത്. പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവര്‍ തന്റെ അയല്‍വാസിയെ ദ്രോഹിക്കരുത്' (ബുഖാരി).
മറ്റൊരു സന്ദര്‍ഭത്തില്‍ പ്രവാചകന്‍ പറഞ്ഞു: 'ഏതൊരുവന്റെ ഉപദ്രവത്തില്‍നിന്ന് തന്റെ അയല്‍വാസി നിര്‍ഭയനാവുന്നില്ലയോ, അവനാണ് വിശ്വാസിയാകാത്തത്' (ബുഖാരി).
രണ്ടാമതായി, അല്ലാഹുവിന്റെ അടുക്കല്‍ ഒരാളുടെ ശ്രേഷ്ഠത അവന്റെ അയല്‍വാസിയോടുള്ള പെരുമാറ്റവുംകൂടി പരിഗണിച്ചാണുള്ളത്.
പ്രവാചകന്‍ പറഞ്ഞു: ''അല്ലാഹുവിങ്കല്‍ ഉത്തമനാരോ, അയാള്‍ തന്റെ അയല്‍വാസിക്ക് ഗുണം ചെയ്യുന്നവനാണ്'. (തിര്‍മുദി)
മൂന്നാമതായി, അയല്‍വാസിക്കുനേരയുള്ള ഒരു നന്മയും തടയരുത് എന്നുള്ളതാണ്.
Content Highlights: ramadan thoughts by vp suhaib moulavi