സ്‌നേഹത്തിന്റെ പാഠങ്ങള്‍

#പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കൂടെ ജീവിക്കുന്നവരോട് സ്‌നേഹത്തോടെ നടത്തുന്ന ഇടപെടല്‍ വിവേകത്തിന്റെ പകുതിയാണെന്ന് മൈമൂന്‍ ബിന്‍ മിഹ്‌റാന്‍ എന്ന സാത്വികന്‍ പറയുന്നുണ്ട്. കൂടെയുള്ള മനുഷ്യരെ ഉള്ളുകൊണ്ട് സ്‌നേഹിക്കുന്നവര്‍ സ്വീകാര്യരായി മാറുന്നതും അതിനാലാണ്. പ്രത്യുപകാരങ്ങള്‍ പ്രതീക്ഷിച്ചോ നേട്ടങ്ങള്‍ മുന്നില്‍ക്കണ്ടോ അല്ല, മനുഷ്യനെന്ന മൂല്യത്തില്‍ ഊന്നിനിന്നാവണം സ്‌നേഹം നല്‍കേണ്ടത്, ദയയും കനിവും കാണിക്കേണ്ടത്.

എല്ലാവരും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. സ്‌നേഹത്തിന്‍ഫലം സ്‌നേഹം എന്ന കവിവാക്കുപോലെ സ്‌നേഹം പകരുന്നവരേ സ്‌നേഹിക്കപ്പെടുകയുള്ളൂ.

സത്കര്‍മിയായ വിശ്വാസിയെ പ്രവാചകന്‍ നിര്‍വചിക്കുന്നത് സ്‌നേഹിക്കുന്നവനും സ്‌നേഹിക്കപ്പെടുന്നവനുമെന്നാണ്. എങ്ങനെയാണ് സ്‌നേഹിക്കുക എന്നതിന് പ്രവാചകരുടെ മറുപടി, നിനക്കുണ്ടാവാന്‍ നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ സഹോദരനുണ്ടാകണമെന്ന് ആഗ്രഹിക്കുകയെന്നാണ്. യഥാര്‍ഥ സഹോദരസ്‌നേഹം അവന്റെ അഭാവത്തിലും അവനുവേണ്ടി പ്രാര്‍ഥിക്കലും അവനെക്കുറിച്ച് നല്ലത് പറയലുമാണെന്ന് അവിടന്നുതന്നെ പഠിപ്പിക്കുന്നുണ്ട്. ആളുകളോട് അടുത്തിടപഴകി സ്‌നേഹംകാണിച്ച് അനുകമ്പാപൂര്‍വം ഇടപെടുന്നവര്‍ നരകത്തിന് നിഷിദ്ധരാണെന്നാണ് തിരുനബിയുടെ പ്രഖ്യാപനം.

അനുചരരില്‍ ഒരാള്‍ മറ്റൊരാളെക്കുറിച്ച് പരാതിയുമായി പ്രവാചകരെ സമീപിച്ചു. അങ്ങയെക്കുറിച്ച് അവര്‍ അരുതായ്മകള്‍ പറയുന്നു എന്നായിരുന്നു പരാതി. അതുകേട്ടപ്പോള്‍ നബിയുടെ പ്രതികരണമിങ്ങനെയായിരുന്നു: ''ആളുകളുടെ ദോഷങ്ങളെല്ലാം എന്നോട് പറയാതിരിക്കുവിന്‍. ആരോടും അശേഷം ദേഷ്യമില്ലാതെ ജീവിക്കാന്‍ ഞാനാഗ്രഹിക്കുന്നു''. മറ്റുള്ളവരെ വെറുക്കാനുള്ള പഴുതുകളുണ്ടാകുമ്പോഴും അതിനെ തിരസ്‌കരിച്ച് അവരോട് സ്‌നേഹത്തോടെ ജീവിക്കാനായിരുന്നു അവിടന്ന് ഇഷ്ടപ്പെട്ടത്.

Content Highlights: ramadan thoughts by panakkad munavarali shihab thangal