സൂക്ഷ്മതയോടുകൂടിയ ജീവിതം

മനുഷ്യന് സൂക്ഷിച്ചു ജീവിക്കാനുള്ള അടിസ്ഥാന ശിലയിടുന്നതില്‍ നോമ്പിന് മുഖ്യപങ്കുണ്ട്. നോമ്പിന്റെ ഗുണങ്ങളില്‍ ഖുര്‍ആന്‍ പ്രധാനമായും എണ്ണുന്നത് തഖ്വയോടുകൂടിയ ജീവിതമാണ്. ''വിശ്വാസികളേ, നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്വയുള്ളവരാകാന്‍ വേണ്ടി''
മനുഷ്യനെ അല്ലാഹു ഭൂമുഖത്തു നിയോഗിച്ചതിന്റെ അടിസ്ഥാന ലക്ഷ്യമായ സൂക്ഷ്മതയോടുകൂടിയ ജീവിതമാണ് നോമ്പിന്റെയും റംസാന്റെയും അടിസ്ഥാന സന്ദേശമെന്നു ഈ വചനം വ്യക്തമാക്കുന്നു. മനുഷ്യര്‍ തമ്മില്‍ സാഹോദര്യം വളര്‍ത്തിയെടുക്കാനും ഐക്യം ഊട്ടിയുറപ്പിക്കാനും ഉത്തമ സമുദായവും സമൂഹവുമായി വളര്‍ന്നു പന്തലിക്കാനും റംസാന്‍ നിമിത്തമാകുന്നു. നബി(സ്വ) പറയുന്നു: ''ആരെങ്കിലും കള്ളവാക്കുകളും തദനുസൃതമായ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഒഴിവാക്കുന്നതുകൊണ്ട് അല്ലാഹുവിനൊരാവശ്യവുമില്ല''അഥവാ നോമ്പിന്റെ അന്തസത്ത കുടികൊള്ളുന്നത് വയര്‍ കാലിയാക്കുന്നതിലല്ലെന്നും പ്രവൃത്തിയില്‍ നന്മകൊണ്ടുവരുമ്പോള്‍ മാത്രമാണെന്നും സാരം.
മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ നോമ്പുകാരനായാല്‍ മോശം വാക്കുകളോ ചീത്തയോ പറയരുത്. ഉച്ചത്തില്‍ അനാവശ്യ സംസാരം നടത്തുകയോ കലഹിക്കുകയോ തര്‍ക്കത്തിലേര്‍പ്പെടുകയോ ചെയ്യരുത്. ആരെങ്കിലും നോമ്പുകാരനോട് കലഹിക്കാനോ തര്‍ക്കിക്കാനോ വന്നാല്‍ നോമ്പുകാരന്‍ പറഞ്ഞുകൊള്ളട്ടെ: ''ഞാന്‍ നോമ്പുകാരനാണ്''. മറ്റൊരു ഹദീസില്‍ നബി(സ്വ) ഇങ്ങനെ പറഞ്ഞു: ''ക്ഷമയോടുകൂടിയ ഒരു മാസത്തെ നോമ്പും മറ്റെല്ലാ മാസവും മൂന്നു ദിവസത്തെ നോമ്പും ഒരാള്‍ അനുഷ്ഠിക്കുന്നുവെങ്കില്‍ അവന്റെ ഹൃദയത്തില്‍ നിന്ന് പക, വഞ്ചന, മാലിന്യങ്ങള്‍, അനാവശ്യ സംശയങ്ങള്‍ എന്നിവയെല്ലാം നീക്കുന്നതായിരിക്കും.''
Content Highlights: ramadan thoughts by kk ahmedkutty musliar kattippara