തണലായി മാറുക

#ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
.
.

വിശ്വാസികള്‍ക്ക് സന്തോഷം നല്‍കുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ റംസാന്‍ മാസത്തിലുണ്ട്. ഐച്ഛിക നമസ്‌കാരങ്ങള്‍, ദാനധര്‍മങ്ങള്‍, ത്യാഗം, അച്ചടക്കം, ക്ഷമ, സഹാനുഭൂതി എന്നിവയൊക്കെ പരിശീലിക്കാന്‍ റംസാന്‍ പഠിപ്പിക്കുന്നു. അതിലുപരി, ഖുര്‍ആന്‍ അവതരിച്ച മാസം എന്ന നിലയിലും റംസാന്‍ വിശ്വാസിയെ കൂടുതല്‍ സന്തോഷവാനും ആത്മീയദാഹിയുമാക്കി മാറ്റുന്നു. ഖുര്‍ആനിലെ പ്രധാന വിഷയങ്ങളിലൊന്ന് അനുകമ്പയുടെയും സഹാനുഭൂതിയുടെയും പ്രാധാന്യമാണ്. ദൈവത്തിന്റെ എല്ലാ സൃഷ്ടികളോടും ദയയും കരുണയും ഉള്ളവരായിരിക്കാനും കഷ്ടപ്പാടുകള്‍ നിറഞ്ഞവരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും വിശ്വാസികള്‍ ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ ആഹ്വാനം. അതുകൊണ്ടാണ് ഈ മാസത്തില്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ദാനധര്‍മങ്ങളും നടക്കുന്നത്.

ഇസ്ലാമിക ചരിത്രത്തിലെ സഹാനുഭൂതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നാണ് ബിലാല്‍ ഇബ്നു റബാഹിന്റെ കഥ. ആഫ്രിക്കന്‍ അടിമയായിരുന്ന അദ്ദേഹത്തെ മക്കയില്‍ കൊണ്ടുവന്ന് ഒരു സമ്പന്ന കുടുംബത്തിന് വിറ്റു. കറുത്തനിറമുള്ള ആഫ്രിക്കന്‍ വംശജനെന്ന നിലയില്‍ വളരെ പരുഷമായാണ് അദ്ദേഹത്തോട് മറ്റുള്ളവര്‍ ഇടപെട്ടിരുന്നത്. എന്നാല്‍, അദ്ദേഹം മുഹമ്മദ് നബിയെ പരിചയപ്പെട്ടതോടെ ജീവിതമാകെ കുളിര് പകരുന്ന അനുഭവമായി മാറി. മറ്റുള്ളവര്‍ അദ്ദേഹത്തോട് ദയയോടും ബഹുമാനത്തോടും കൂടി പെരുമാറി. ഒടുവില്‍ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ബാങ്ക് വിളിക്കുന്ന വ്യക്തിയായി അദ്ദേഹത്തെ നിയമിച്ചു. എല്ലാ ആളുകളോടും അവരുടെ സാമൂഹിക നിലയോ പശ്ചാത്തലമോ പരിഗണിക്കാതെ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ഇടപെടണമെന്നാണ് മതദര്‍ശനങ്ങള്‍ പഠിപ്പിക്കുന്നത്.

പ്രവാചകന്‍ ഒരിക്കലും മറ്റുള്ളവരോട് അസഹിഷ്ണുത കാണിച്ചിരുന്നില്ല. സഹജീവികളോട് പരുഷമായി പെരുമാറുകയും ചെയ്തിരുന്നില്ല. നിങ്ങളില്‍ ഉത്തമര്‍ ഏറ്റവും നന്നായി മറ്റുള്ളവരോട് ഇടപഴകുന്നവരാണ് എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്.

Content Highlights: ramadan thoughts by dr sufiyan abdusathar