അപഹരിക്കല്‍ ദുഷ്ടതയാണ്

#ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി
-
-

മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ ഏതുവസ്തുവും,അത് എത്ര നിസ്സാരമാണെങ്കിലും കവര്‍ന്നെടുക്കുന്നത് ഗൗരവതരവും നിഷിദ്ധവുമാണെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്.

മദീനയിലെത്തിയ പ്രവാചകാനുചരന്‍ സ്വഫ്വാന്‍ ബിന്‍ ഉമയ്യഃ (റ) ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സമീപത്തെ പള്ളിയില്‍ കയറി. തന്റെ കൈയിലുണ്ടായിരുന്ന മേല്‍ത്തട്ടം തലയണയാക്കി അല്പനേരം ഉറങ്ങാന്‍കിടന്നു. അപ്പോള്‍ ഒരാള്‍ അത് മോഷ്ടിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് എണീറ്റ സ്വഫ്വാന്‍ മോഷ്ടാവിനെ പിടികൂടുകയും പ്രവാചകസന്നിധിയില്‍ എത്തിക്കുകയും ചെയ്തു. പ്രതിയെ വിസ്തരിച്ചശേഷം അയാളുടെ കൈകള്‍ വിച്ഛേദിക്കാനാണ് പ്രവാചകന്‍ തിരുനബി (സ്വ) ഉത്തരവിറക്കിയത്. എന്നാല്‍, സ്വഫ്വാന്‍ (റ) അതിനോട് വിയോജിക്കുകയും അപഹരിച്ചവസ്തു അയാള്‍ക്ക് തന്നെ ദാനമായി നല്‍കുകയുംചെയ്തു. മോഷ്ടിച്ചത് -അത് എത്ര നിസ്സാര വസ്തുവാണെങ്കിലും- മറ്റുള്ളവരുടേത് അപഹരിച്ചാല്‍ വന്‍ശിക്ഷ നല്‍കണമെന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്.

'ആന കട്ടവനും അടയ്ക്ക കട്ടവനും കള്ളന്‍ തന്നെ' എന്ന് പഴമൊഴിയിലുണ്ട് മോഷണത്തിന്റെ വലിയ പാഠങ്ങള്‍. മോഷണം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശം ഇങ്ങനെയാണ്: ''മോഷണം നടത്തിയ പുരുഷന്റെയും സ്ത്രീയുടെയും കൈകള്‍ അവരനുവര്‍ത്തിച്ച ദുഷ്‌ചെയ്തിക്ക് പ്രതിഫലമായി നിങ്ങള്‍ വിച്ഛേദിച്ചുകളയുക. അല്ലാഹുവിങ്കല്‍നിന്നുള്ള ശിക്ഷയാണിത്. അവന്‍ പ്രതാപശാലിയും യുക്തിമാനുമാകുന്നു''. മറ്റുള്ളവരുടേത് മോഷ്ടിക്കല്‍ അവരോട് കാണിക്കുന്ന അക്രമമാണല്ലോ. അതിനാല്‍ അവരെ ആക്രമിക്കുന്നതിന് തുല്യമാണത്. വ്യവഹാരമേഖലകള്‍ വര്‍ധിക്കുകയും വിനിമയസംവിധാനങ്ങളില്‍ നൂതനരീതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പുതിയകാലത്ത് അന്യരുടേത് അപഹരിക്കുന്നത് അക്രമമാണെന്ന ബോധം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, പലനാടുകളിലെയുംപോലെ മോഷ്ടാക്കള്‍ക്ക് നിസ്സാരമായ ശിക്ഷനല്‍കുന്നത് പൗരസമൂഹത്തെ അവഹേളിക്കലും വഞ്ചിക്കലുമാണ്.

Content Highlights: ramadan thoughts by dr bahahudheen mohammed nadvi