ഉപവാസത്തിലെ ആരോഗ്യം

ശരീരവും മനസ്സും ആത്മാവും പങ്കുചേരുന്ന മഹത്തായ ആരാധനയാണ് വ്രതം. പ്രഭാതംമുതല്‍ പ്രദോഷംവരെ ഭക്ഷണപാനീയങ്ങള്‍ വെടിയുന്നതിലൂടെ, വിശപ്പടക്കാന്‍ വകയില്ലാതെ കത്തിയാളുന്ന വയറുകളെക്കുറിച്ചുള്ള മൂര്‍ച്ചയുള്ള ഓര്‍മകളാണ് സമ്മാനിക്കുന്നത്.
ആരോഗ്യപരമായി ഉപവാസത്തിന് വലിയ പ്രാധാന്യമുണ്ട്. അത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ശാരീരിക, മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ദഹനത്തെ സഹായിക്കുന്ന അവയവങ്ങളുടെയും കോശങ്ങളുടെയും ജോലിഭാരം കുറയ്ക്കാനും അവയ്ക്ക് വിശ്രമം നല്‍കാനും അതുവഴി അള്‍സര്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രോഗങ്ങളില്‍നിന്ന് മോചനംനേടാനും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാവുന്ന ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഉപവാസം സഹായിക്കുന്നു.
ശരീരത്തെ മെരുക്കിയെടുക്കാന്‍ വിശപ്പിനെപ്പോലെ മറ്റൊരു ആയുധവുമില്ല. കാരണം ശരീരത്തിന്റെ ഏറ്റവും വലിയ വികാരം വിശപ്പും ദാഹവുമാണ്. അത് അനിയന്ത്രിതമായി സഹിക്കാനുള്ള കഴിവ് ഒരു ജീവിക്കുമില്ല. ഉദരത്തിന്റെ നിറവ് തിന്മകളിലേക്ക് നയിക്കുകയും ശക്തനും അഹങ്കാരിയുമാക്കി മാറ്റുകയും ചെയ്യുന്നു. മനുഷ്യനെ ആത്മീയമായും ശാരീരികമായും നശിപ്പിക്കുന്നതിന്റെ പ്രധാന കാരണമായി പണ്ഡിതന്മാര്‍ പറയുന്നത് ആമാശയ പ്രശ്‌നങ്ങളാണ്.
അമിതഭോജനം സകല തിന്മകളുടെയും ഉറവിടമാണെന്ന് മഹാനായ ഹുജ്ജതുല്‍ ഇസ്ലാം അബൂഹാമിദുല്‍ ഗസാലി(റ) തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ് യാ ഉലുമിദ്ദീനില്‍ വിശദീകരിച്ചിട്ടുണ്ട്. നോമ്പ് ശരീരത്തിന് സുരക്ഷാകവചവും ആത്മാവിന് സംസ്‌കരണവും നല്‍കുന്നു. മാനസിക പരിവര്‍ത്തനമാണ് നോമ്പിന്റെ അന്തഃസത്ത.
Content Highlights: ramadan thoughts by dr aboobacker nizami