മിതത്വത്തിന്റെ മതം

#ഡോ. അബൂബക്കര്‍ നിസാമി
-
-

മനുഷ്യന്‍ ജീവിതവ്യവഹാരങ്ങളിലെല്ലാം മിതത്വം പാലിക്കേണ്ടവനാണ്. തീവ്രനിലപാടുകള്‍ നാശത്തിലേക്ക് നയിക്കും. മതകാര്യങ്ങളിലും ഭൗതികവിഷയങ്ങളിലും തീവ്രതയെ തിരസ്‌കരിക്കാനുള്ള ധാരാളം ഉപദേശങ്ങള്‍ ഖുര്‍ആനിലുണ്ട്. മിതത്വത്തിന്റെ മാര്‍ഗത്തിലേക്ക് വഴിനടത്താന്‍ മുഹമ്മദ് നബി (സ) സദാബദ്ധശ്രദ്ധനായിരുന്നു. അനുചരരില്‍ അതിരുകവിഞ്ഞ പ്രവര്‍ത്തനങ്ങളുണ്ടായപ്പോള്‍ ഗൗരവം കാണിക്കുകയും തീവ്രത പ്രത്യക്ഷപ്പെട്ടപ്പോള്‍ താക്കീത് നല്‍കുകയും മിതത്വം ദര്‍ശിച്ചപ്പോള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിശ്വാസം, കര്‍മം, ആരാധന, വിവാഹം, സംസാരം, നടത്തം, ഭക്ഷണം, ഉപദേശം തുടങ്ങി സകലരംഗത്തും ഇസ്ലാമിന്റെ സമീപനരീതി മധ്യമമാണ്.

മുഹമ്മദ് നബി (സ) തന്റെ അനുചരന്മാരായ മുആദ്ബ്നു ജബലി(റ)നെയും അബൂമൂസല്‍ അശ്അരി(റ)യെയും യെമെനിലേക്ക് സന്ദേശവാഹകരായി നിയോഗിച്ചപ്പോള്‍ നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു; ''നിങ്ങള്‍ കാര്യങ്ങള്‍ ലളിതമാക്കുക, പ്രയാസപ്പെടുത്തരുത്. ആളുകളെ സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്. പരസ്പരം അനുസരിക്കുക, ഭിന്നിപ്പിക്കരുത്''.

മതത്തിന്റെ കാതലായ ആരാധനകളില്‍പ്പോലും പക്വമാര്‍ന്ന മിതത്വനിലപാടാണ് ഇസ്ലാമിനുള്ളത്. നിസ്‌കാരത്തിനു നേതൃത്വം നല്‍കുന്നവര്‍ പിന്നിലുള്ള ശേഷികുറഞ്ഞവരെയും വൃദ്ധരെയും പരിഗണിച്ച് ലഘൂകരിക്കണമെന്നും പകല്‍ വ്രതമനുഷ്ഠിക്കുകയും രാത്രിയിലുടനീളം നിസ്‌കരിക്കുകയുംചെയ്ത ഭൃത്യന് ഇടവേളയും വിശ്രമവും നല്‍കണമെന്നും മുഴുവന്‍സമയവും ആരാധനയില്‍ നിമഗ്‌നനാവാതെ സ്വന്തം ശരീരത്തോടും അവയവങ്ങളോടും സഹധര്‍മിണിയോടും മക്കളോടും സന്ദര്‍ശകരോടുമെല്ലാമുള്ള കടപ്പാടുകള്‍ വീട്ടണമെന്നും അവിടന്ന് ഉപദേശിച്ചതുകാണാം. ഹജ്ജ് വേളയില്‍ എറിയുന്ന കല്ലിന്റെ കാര്യത്തില്‍പോലും അതിരുകവിയല്‍ അവിടന്ന് അനുവദിച്ചിരുന്നില്ല.


 

Content Highlights: ramadan thoughts by dr aboobacker nisami