വ്രതത്തില്‍നിന്ന് ഭക്തി

#അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭക്തി ജനിപ്പിക്കുക എന്നതാണ് ഇസ്ലാമിക വ്രതത്തിന്റെ പ്രധാന ലക്ഷ്യം. ശീലങ്ങള്‍ ഉറയ്ക്കാനാവശ്യമായ ഒരുമാസം റംസാന്‍ വ്രതം നീണ്ടുനില്‍ക്കുന്നു. ശാരീരികവും മാനസികവും ബൗദ്ധികവും സാമ്പത്തികവും സാമൂഹികവും ആധ്യാത്മികവുമായ ഘടകങ്ങള്‍ നോമ്പില്‍ അടങ്ങിയിട്ടുണ്ട്. നോമ്പ് പ്രാഥമികമായി അന്നപാനീയങ്ങളുടെ ഉപേക്ഷിക്കലാണ്. ദുര്‍മേദസ്സുകളെ ഹനിക്കാനും അമിതഭക്ഷണത്തില്‍നിന്നു ശരീരം ശേഖരിച്ചുവെച്ച അധിക ഊര്‍ജം ഉപയോഗിച്ചുതീര്‍ക്കാനും സഹായിക്കുന്നതുമൂലം നോമ്പ് ശരീരത്തിന്റെ ആരോഗ്യക്ഷമത ഉറപ്പുവരുത്തുന്നു.

നോമ്പ് മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നു. വിദ്വേഷവും പകയും അസൂയയും മറ്റും പാടേ വെടിയുക എന്നതാണ് നോമ്പിന്റെ കാമ്പ്. നോമ്പുകാലം വിശ്രമത്തിന്റെയും സുഖചികിത്സയുടെയും കാലമാണ്. ശരീരവും മനസ്സും തളര്‍ത്തിയിട്ട് നല്ല ചിന്തകളും ഏകാഗ്രതയും വളര്‍ത്താനുള്ള വിശുദ്ധകാലം. ഖുര്‍ആന്‍ പഠനവും പാരായണവും നോമ്പുകാലത്തെ വളരെ പ്രധാനപ്പെട്ട കര്‍മങ്ങളാണല്ലോ.

ദാനധര്‍മങ്ങളുടെ മാസമാണ് റംസാന്‍. റംസാന്റെ അവസാനത്തെ പത്തില്‍ പ്രവാചകന്‍(സ) അടിച്ചുവീശുന്ന കാറ്റുപോലെ (ദാനധര്‍മങ്ങളുടെ നിലയ്ക്കാത്തപ്രവാഹം) യായിരുന്നു എന്ന് ഹദീസുകള്‍ പറയുന്നു. ഇന്നു ലോകമുസ്ലിങ്ങള്‍ നിര്‍ബന്ധ-ഐച്ഛിക ദാനങ്ങളുടെ സാമ്പത്തികവര്‍ഷാവസാനമായി റംസാനെയാണ് കണക്കാക്കിപ്പോരുന്നത്. സ്വസ്ഥമായ സാമൂഹികജീവിതം ലക്ഷ്യമാക്കുന്നതാണ് നോമ്പ്.

തെറ്റായ വര്‍ത്തമാനവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് വൃഥാവിലാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

നീണ്ട നമസ്‌കാരങ്ങളും പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമാണ് റംസാന്റെ ആത്മാവ്. ഭക്തിയും പരലോകചിന്തയും ശാന്തതയും ആഴത്തിലുള്ള മാനവികബോധവും സമചിത്തതയും റംസാന്‍ വിശ്വാസിക്കു സമ്മാനിക്കുന്നു.

Content Highlights: ramadan thoughts by abdul hakeem faizy adrisherry