ക്ഷമയുടെ പൊരുള്‍

#പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
പ്രതീകാത്മക ചിത്രം | Photo: AP & ANI
പ്രതീകാത്മക ചിത്രം | Photo: AP & ANI

വ്രതമെന്നാല്‍ സഹനമാണെന്ന് ഒരു പ്രവാചകപാഠമുണ്ട്. സഹനമാകുന്നു വിശ്വാസമെന്ന് മറ്റൊരിടത്ത് അവിടന്ന് പറയുന്നു. ആഗ്രഹങ്ങളെ അടക്കിനിര്‍ത്തുക, പ്രയാസങ്ങളില്‍ പ്രതീക്ഷയോടെ കഴിയുകയെന്നതാണ് ക്ഷമയുടെ അര്‍ഥം. ദുരിതകാലത്ത് മാത്രമല്ല, ഐശ്വര്യത്തിലും ക്ഷമയോടെ കഴിയാന്‍ സാധിക്കണം. കൈയിലുള്ളതെല്ലാം ആസ്വദിക്കാതിരിക്കുകയെന്നതും സഹനം തന്നെയാണ്. ആവശ്യങ്ങളെക്കാള്‍ ആര്‍ഭാടം ജീവിതരീതിയാകുന്ന പുതിയ കാലത്ത് സംതൃപ്തികൊണ്ട് അത്യാഗ്രഹങ്ങളെ ക്ഷമയോടെ നേരിടുകയെന്നത് വലിയ പോരാട്ടം തന്നെയാണ്. സഹനശീലമുള്ളവനാണ് ഏറ്റവും വലിയ പോരാളിയെന്ന് തോറയും ഏറ്റവും ശക്തരായ യോദ്ധാക്കള്‍ ക്ഷമയും സമയവുമാണെന്ന് ലിയോ ടോള്‍സ്റ്റോയിയും പറയുന്നതിന്റെ പൊരുളും അതാണ്. ആഗ്രഹങ്ങളെ പിടിച്ചുനിര്‍ത്താനും ദുരിതങ്ങളില്‍ നല്ലതിനായി കാത്തുനില്‍ക്കാനും കഴിയാതിരിക്കുന്നത് മനുഷ്യന്റെ സഹജസ്വഭാവമാണ്.

സഹനശീലമില്ലാത്ത മഹാരഥന്മാരാരുംതന്നെ ചരിത്രത്തിലുണ്ടായിട്ടില്ല. ഏറ്റവും മനോഹരമായ ജീവിതം ക്ഷമയോടെകഴിഞ്ഞ കാലവും ഞാന്‍കണ്ട ഏറ്റവും മാന്യരായ മനുഷ്യര്‍ സഹനശീലന്മാരുമാണെന്ന് ഖലീഫാ ഉമര്‍ ഒരിക്കല്‍ പറയുന്നുണ്ട്. സഹനത്തോടെ സഹവര്‍ത്തിക്കുന്നവര്‍ എത്രമാത്രം നമ്മെ സ്വാധീനിക്കുന്നുവെന്നും സന്തോഷിപ്പിക്കുന്നുവെന്നും പലപ്പോഴും നാംതന്നെ തിരിച്ചറിയാറുള്ളതുമാണ്.

ആഗ്രഹിച്ചത് കിട്ടാതിരിക്കുമ്പോള്‍ പെട്ടെന്ന് പ്രക്ഷുബ്ധരാകുക, നമ്മെ അസ്വസ്ഥപ്പെടുത്തുന്ന ഏറ്റവും ചെറിയ സന്ദര്‍ഭത്തില്‍പ്പോലും ക്ഷോഭിക്കുക തുടങ്ങി വ്യക്തിജീവിതത്തിലെ ഏറ്റവും വികലമായ സ്വഭാവദൂഷ്യങ്ങളെ പതിയെ മാറ്റിയെടുക്കാന്‍ പഠിക്കണം.

വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രയാസങ്ങളില്‍ ഒന്ന്. വ്രതം മനസ്സിനെയും ശരീരത്തെയും സഹനത്തിന്റെ പാഠങ്ങള്‍ അഭ്യസിപ്പിക്കുന്നു. അന്നപാനീയങ്ങള്‍ അരികിലുണ്ടായിരിക്കുമ്പോഴും നോമ്പുകാരന്‍ പകല്‍മുഴുവന്‍ കാത്തിരിക്കുന്നത് സഹനത്തിന്റെ പൂര്‍ണത തേടിയാണ്.

അരിസ്റ്റോട്ടില്‍ പറയുന്നതുപോലെ സദ്ഗുണങ്ങള്‍ സ്വായത്തമാക്കാന്‍ സ്ഥിരതയുള്ള പരിശീലനങ്ങളിലൂടെ അതിനെ ജീവിതത്തിന്റെ സ്വാഭാവികതയാക്കി പരിവര്‍ത്തിപ്പിക്കുകയാണ് വേണ്ടത്. അതാണ് ക്ഷമയുടെ ആത്യന്തികലക്ഷ്യവും.

സുസ്ഥിരതയും സഹനവും കൈവരിക്കുന്നവര്‍ അമ്പരപ്പിക്കുന്ന വിജയങ്ങള്‍ നേടുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു, നിശ്ചയം, ക്ഷമാശീലര്‍ നേടുന്നഫലം കരുതാവുന്നതിലപ്പുറമാണ് ( 39:10).


 

Content Highlights: panakkad munavarali shihab thangal writes about ramzan