ഗള്‍ഫിലെ നോമ്പുകാലം

റംസാന്‍ വ്രതകാലത്തിന്റെ ആത്മനിര്‍വൃതിയിലാണ് മുസ്‌ലിം ലോകം. ഗള്‍ഫില്‍ പതിറ്റാണ്ടുകള്‍ ജോലിയെടുത്ത നാളുകളിലെ നോമ്പ് അനുഭവം നാട്ടിലായിരിക്കുമ്പോള്‍ ഓര്‍മ്മകളില്‍ ഓടിയെത്താറുണ്ട്.
റംസാന്‍ ദിനങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ രാത്രിജീവിതം ഏറെ സജീവത നിറഞ്ഞതാണ്. റംസാന്റെ നാളുകള്‍ മുഴുവന്‍ ജനത്തിരക്കേറിയ തെരുവുകള്‍. വസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും കളിപ്പാട്ടങ്ങളും അടക്കം വൈവിധ്യമാര്‍ന്ന വില്‍പ്പനവസ്തുക്കള്‍ നിരത്തിയ താല്‍ക്കാലിക സ്റ്റാളുകള്‍ നിരന്നുനില്‍ക്കുന്ന അങ്ങാടികള്‍.
തെരുവുകള്‍ ശൂന്യമാകുന്നത് പുലര്‍ച്ചെ നാലുമണിയോട് അടുപ്പിച്ചായിരിക്കും. രാവ് മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന തെരുവുകളില്‍ നിറയെ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണെങ്കിലും തട്ടുകടയിലെ ജോലിക്കാരനായോ ഉടമയായോ ഒരു മലയാളിയെങ്കിലും ഉണ്ടാവും.
സാധാരണ എട്ട് മണിക്കൂറാണ് ജോലിസമയമെങ്കില്‍ നോമ്പുകാലത്ത് ആറു മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയാവും എന്ന ആനുകൂല്യം സ്ഥാപനങ്ങള്‍ അനുവദിക്കാറുണ്ട്. റംസാന്‍ ബോണസ് എന്ന പേരില്‍ മിക്ക സ്ഥാപനങ്ങളും ജോലിക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം അധികമായി നല്‍കുമെന്നതും ഇക്കാലത്തെ കച്ചവടങ്ങള്‍ സജീവമാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. പതിവില്‍ കവിഞ്ഞ് തെരുവുകള്‍ മുഴുവന്‍ വൈദ്യുതിദീപാലങ്കാരങ്ങളാല്‍ പ്രശോഭിതമാകുന്നു.
റംസാന്‍ കാലത്ത് പ്രത്യേകം കെട്ടിപ്പൊക്കിയ കൂടാരങ്ങളിലും പള്ളികളുടെ മുറ്റത്തും നോമ്പുതുറയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. വിവിധതരം ഭക്ഷണപദാര്‍ഥങ്ങളും പാനീയങ്ങളും യഥേഷ്ടം ആര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നതിനാല്‍ മലയാളികള്‍ അടക്കം വിദേശജോലിക്കാര്‍ പലരും വ്രതമാസത്തിന്റെ മുഴുവന്‍ ദിവസങ്ങളിലും നോമ്പുതുറക്കാന്‍ ആശ്രയിക്കുന്നത് ഇത്തരം കേന്ദ്രങ്ങളെയായിരിക്കും.
വൈകുന്നേരം അഞ്ചുമണിയോടെതന്നെ അറബികളുടെ ആഡംബര വാഹനങ്ങളിലും പിക്കപ്പ് വണ്ടികളിലുമായി കുഴിമന്തിയുടെയും ബിരിയാണിയുടെയും മറ്റും വലിയ ചെമ്പുകള്‍ എത്തിത്തുടങ്ങും.
ആയിരങ്ങള്‍ക്ക് പരവതാനിയും പായകളും വിരിച്ച് ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കും. അവിടങ്ങളില്‍ നോമ്പുതുറക്കാനെത്തുകയെന്നത് സാമൂഹികബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുന്നുമുണ്ട്.
കുടുംബമില്ലാതെ ഗള്‍ഫില്‍ കൂട്ടമായി താമസിക്കുന്ന ബാച്ചിലര്‍ ഫ്‌ളാറ്റുകളിലും റംസാന്‍ കാലത്ത് പതിവില്‍നിന്ന് ഭിന്നമായി ധാരാളിത്തം കാണിക്കാറുണ്ട്. കിട്ടുന്ന പണം സ്വന്തം ആവശ്യത്തിന് ചെലവാക്കാന്‍പോലും പിശുക്ക് കാണിച്ച് ൈകയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്ക് അയച്ചുകൊടുക്കുന്നവരാണ് ഗള്‍ഫ് മലയാളികള്‍. നോമ്പിന് പക്ഷേ, പതിവിന് വിരുദ്ധമായി മലയാളികള്‍ ഫ്രൂട്ട്‌സുകളും മറ്റും നോമ്പുതുറ വിഭവങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്.
പള്ളികളിലാണ് സ്വന്തം നോമ്പുതുറയെങ്കിലും നാട്ടില്‍ കഴിയുന്ന വീട്ടുകാരുടെ ധാരാളിത്തത്തിനുള്ള പണം ഗള്‍ഫുകാരന്‍ നാട്ടിലേക്ക് അയച്ചുകൊടുക്കും. എല്ലാവര്‍ക്കും വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങാനും വലിയ നോമ്പുതുറ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കാനും പണമയച്ചുകൊടുത്ത് അഭിമാനംകൊള്ളുന്നവരാണ് മലയാളികള്‍.
മക്കയിലെ ഹറം മസ്ജിദിലെ നോമ്പുതുറയാണ് എന്നെ വിസ്മയിപ്പിച്ച മറ്റൊരു കാര്യം. 30 ലക്ഷത്തോളം പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാന്‍ സൗകര്യമുള്ളതാണ് മക്കയിലെ പള്ളി. റംസാന്‍ മാസത്തില്‍ മഗ്‌രിബ് നമസ്‌കാരത്തിന് പള്ളിയില്‍ എത്തുന്ന ഇത്രയും അധികം പേര്‍ക്ക് നോമ്പുതുറ ഒരുക്കാന്‍ കേന്ദ്രീകൃത സജ്ജീകരണങ്ങളൊന്നും ഇല്ല. എങ്കിലും നോമ്പുതുറക്കുന്ന സമയത്ത് ദശലക്ഷക്കണക്കിന് ഭക്തര്‍ക്ക് വയറ് നിറയുവോളം ഭക്ഷണം മഗ്രിബ് ബാങ്ക് കൊടുക്കുന്ന സമയത്തുതന്നെ ലഭ്യമാകുന്നു എന്നത് അദ്ഭുതകരമാണ്.
പരസ്പര സഹകരണത്തിന്റെ ഫലമായാണ് ഈ അതിശയം സംഭവിക്കുന്നത്. മക്ക പള്ളിയുടെ അകത്തും കഅബയ്ക്ക് ചുറ്റുമുള്ള മാര്‍ബിള്‍ പാകിയ വിശാലമായ അങ്കണത്തിലും ഇരിക്കുമ്പോള്‍ എവിടെനിന്നൊക്കെയോ കൈകള്‍ നിങ്ങളെ തേടിയെത്തുന്നു. ഈത്തപ്പഴത്തിന്റെ തളിക നീട്ടുന്ന അറബ് പൗരന്‍, ഏതോ രാജ്യക്കാരന്‍ ജ്യൂസിന്റെ പാക്കറ്റ് ൈകയില്‍ വെച്ചുതരുന്നു, സമൂസയുമായി ചിരിച്ചുകൊണ്ട് ഒരു പാകിസ്ഥാനി, ഒരുപിടി ടിഷ്യുപേപ്പറുകള്‍ ൈകയില്‍ വെച്ചുതരുന്ന ഈജിപ്തുകാരന്‍, കുടിക്കാന്‍ മിനറല്‍ വാട്ടര്‍ നല്‍കുന്ന ആഫ്രിക്കക്കാരന്‍. പിന്നെയും ഏതൊക്കെയോ രാജ്യക്കാരുടെ വകയായി ലഘുവിഭവങ്ങളുടെ വൈവിധ്യത. അങ്ങനെ ഏതെല്ലാം നാടുകളില്‍നിന്നുള്ളവരാണ് സ്‌നേഹം പകരാനെത്തുന്നത്. വീല്‍ചെയറിലിരുന്ന് വെളുക്കെ ചിരിച്ചുകൊണ്ട് ഈത്തപ്പഴ പാക്കറ്റ് എനിക്ക് തന്ന ഒരു അറബി പെണ്‍കുട്ടിയുടെ മുഖം ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.
പല ഭാഷക്കാര്‍, പല ദേശക്കാര്‍, കരമാര്‍ഗവും കടല്‍മാര്‍ഗവും ആകാശം താണ്ടിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മക്കയിലെ പള്ളിയില്‍ എത്തിയവര്‍. അവര്‍ ഭക്ഷണം പങ്കിട്ട് ഒന്നിച്ചിരുന്ന് നോമ്പുതുറക്കുന്നു. നമസ്‌കാരത്തിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കുന്നു. വ്രതാനുഷ്ഠാനത്തിന്റെ ശാരീരികക്ഷീണം എങ്ങോ പോയ്മറയുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ നോമ്പുകാലത്തിന് ഭക്തിസാന്ദ്രമായ പരിവേഷം കൂടുതലായി ഉണ്ടെന്നതിനപ്പുറം വ്രതാനുഷ്ഠാനത്തിന്റെ പവിത്രത ഒട്ടും നഷ്ടപ്പെടുത്താതെ ആഹ്‌ളാദം പെയ്തിറങ്ങുന്ന ഒരു അന്തരീക്ഷവുമുണ്ട്.
Content Highlights: usman irumbuzhi writes about ramzan in gulf