തസ്ബീഹ് മണികളുടെ ഓര്‍മ

നിറയെ ചൈതന്യമുള്ളൊരു ചിരിപാകി കൈയിലെ തസ്ബീഹ് മണികളോട് സ്വകാര്യം പറഞ്ഞ് എന്നോട് വിശേഷങ്ങള്‍ പങ്കുവെച്ചൊരു മനുഷ്യന്‍ ഉണ്ടായിരുന്നു. ഇടയ്ക്കിടെ അപ്രത്യക്ഷനാകുന്നൊരു മനുഷ്യന്‍,
അലീക്ക...
എല്ലാ നോമ്പ് കാലത്തും എന്നെ തൊട്ടു കടന്നുപോകുന്നൊരു മനുഷ്യന്‍ എന്നും പറയാം. പ്രായമേറെയുണ്ടെങ്കിലും കൂനിക്കൂടിയാണ് നടപ്പെങ്കിലും അദ്ദേഹത്തിന്റെ ചിരിക്ക് വല്ലാത്തൊരു പ്രകാശമുണ്ടായിരുന്നു. മൂന്നോ നാലോ തവണയേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളു .
മൂന്നുവര്‍ഷം മുന്‍പത്തെ റംസാന്റെ അവസാന പത്തുകളിലെപ്പോഴോ ആണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. അന്ന് നന്നേ ക്ഷീണിതനായും വൃത്തിഹീനനായും കാണപ്പെട്ടു.
'പിന്നേം വയ്യാതായോ ?'
'ആ വയ്യാ, എനിക്ക് കുറച്ചു പറയാനുണ്ടേയ്ന്'
'വരൂ...'
താഴത്തെ ലോഞ്ചിലെക്ക് ഞാനദ്ദേഹത്തെ ക്ഷണിച്ചു , ലിഫ്റ്റിലേക്ക് വേച്ചുവേച്ചാണ് അദ്ദേഹം കാലെടുത്തുവെച്ചത്.
'ഞാന്‍ പിടിക്കണോ?'
'ഹേയ് വേണ്ടാ'
വല്ലാതെ മുഷിഞ്ഞ ജുബ്ബയും ഒരു കൈയില്‍ തസ്ബീഹ് മാലയും മറുകൈയില്‍ ഒരു പ്ലാസ്റ്റിക് കവറും തലയില്‍ ഏറെ പഴകിയ തൊപ്പിയും. ലോഞ്ചിലെത്തും മുന്‍പേ അദ്ദേഹം വീണുപോയാലോ എന്ന പേടിയില്‍ ഞാനദ്ദേഹത്തോടു ചേര്‍ന്നുനിന്നു .
'ഇരിക്കു, അന്ന് വാതോരാതെ സംസാരിച്ച ആളാണല്ലോ, ഇന്നെന്തു പറ്റി'
'ഈ വേദന ഇടങ്ങേറാക്കുന്നു ബേജാറും കൂടിക്കണു'
'അന്നേ ഡോക്ടര്‍ പറഞ്ഞതല്ലേ ടെസ്റ്റ് ചെയ്യാന്‍, ചെയ്തില്ലേ'
'അന്നിത്ര കൊയപ്പം ഇല്ലെനി'
'വെള്ളം വേണോ !'
'വേണ്ടാ നോമ്പുണ്ട് '
'വയ്യാത്തപ്പോള്‍ നോമ്പെടുക്കണോ.
'ഉം ..ആ ടെസ്റ്റിന് എതൃപ്പ്യ ആകും'
'നിങ്ങളാ ടെസ്റ്റ് ചെയ്യൂ, അതു നിര്‍ബന്ധമാണ്'
'ഇജ്ജ് പൈസ പറയി'
'അന്ന് പറഞ്ഞതുതന്നെ, നിങ്ങള് ഉള്ളത് അടച്ചാല്‍ മതി ഇക്കാ, ബാക്കി നമുക്ക് നോക്കാം ?'
'കൊയപ്പല്ല കുട്ട്യേ, ന്റെല്‍ ഇപ്പൊ കായിണ്ട്, ആ മുറിവിട്ടു, ഇപ്പൊ പള്ളിക്കലാ കിടക്കല്, ഒരു ഉസ്താദ് ഇച്ചിരി സ്ഥലംതന്നു, ഓലെ കൂടെയാണ്, പിന്നെ നോമ്പല്ലേ , കുറേ തിന്നേം മാണ്ട, പള്ളിക്കന്നു നോമ്പുറക്കുള്ളേം അത്തായവും കിട്ടും, പണിയെടുത്ത പൈസ കൈയിലുണ്ട്'
'നാട്ടില്‍ പൊക്കൂടെ ഉപ്പാ'
'അബിടെ ആരുണ്ടായ്ട്ടാ!, ജ്ജ് ടെസ്റ്റ് ചെയ്തു മരുന്ന് തരീ, ഗുളിക കുടിച്ചാ മാറും'
'വാ, നമുക്കെന്നാ ബാക്കികാര്യങ്ങള്‍ നോക്കാം'
എല്ലാം കഴിഞ്ഞു മരുന്നുംവാങ്ങി പോകുമ്പോള്‍, അദ്ദേഹം ഒരിക്കല്‍കൂടെ എന്റെ അടുത്തേക്ക് വന്നു .
'റംസാന്‍ ഒരു പുണ്യമാസമാണ്, പടച്ചോന്‍ റഹ്‌മത്തു നിറക്കണ മാസം , പടച്ചോനല്ലെങ്കിലും ഏതേലും വയീക്കൂടെ എല്ലാരേം കാക്കും, ഈമാസം ആയോണ്ടാണ് നിക്കിപ്പോ ഇത് ചെയ്യാന്‍ പറ്റിയത്, ആ മുറീല് വാടകേം കൊടുത്തു മൂന്നുനേരം തിന്നും കുടിച്ചും കിടന്നാല് നിക്കിപ്പോ ന്റെ വയ്യായ്ക മാറ്റാന്‍ കയ്യോ ?
പടച്ചോന്‍ അന്നേം ന്നേം മ്മളെ എല്ലാരേം കാക്കട്ടെ '
'ഇക്കാ ,മരുന്ന് മുടക്കേണ്ട '
അതിനു മറുപടി ഒന്നും ഉണ്ടായില്ല. എങ്കിലും വേദനയൊന്നു ശമിച്ചതിനാല്‍ പഴയ ആ നിറചിരി സമ്മാനിച്ചു അദ്ദേഹം മടങ്ങി. വേച്ചുവേച്ചു നടന്നുനീങ്ങുന്ന ആ മനുഷ്യനെ കണ്ണില്‍നിന്നു മായുംവരെ നോക്കി നിന്നു. അദ്ദേഹം മരുന്ന് മുടങ്ങാതെ കഴിച്ചാല്‍ മതിയായിരുന്നു എന്നൊരു പ്രാര്‍ഥന എന്റെ തൊണ്ടയിലും കുടുങ്ങി.
പിന്നീടൊരിക്കലും അലീക്കയെ കണ്ടിട്ടില്ല. ഏതെങ്കിലുമൊരു പള്ളിയുടെ കോണില്‍ തസ്ബീഹ് മണികളോട് കിന്നാരം പറഞ്, ഉറക്കെ ദിക്‌റുകള്‍ ചൊല്ലി അദ്ദേഹമുണ്ടാകും.
പ്രവാസികള്‍ക്കു റംസാന്‍ പുണ്യമാസം മാത്രമല്ല, ആ ഉപ്പയെപ്പോലെ, എന്തൊക്കെയോ അനുഗ്രഹങ്ങളായി പലരീതിയില്‍ അതോരോ മനുഷ്യനെയും തൊട്ടു തലോടി കടന്നുപോകുന്നുണ്ട്. കൊടുംചൂടിലെ പന്ത്രണ്ടോ പതിനെട്ടോ മണിക്കൂര്‍നീണ്ട ജോലി ആറോ എട്ടോ മണിക്കൂറില്‍ അവസാനിക്കുന്നതായും സംഘടനകളും പള്ളികളും നല്‍കുന്ന ഭക്ഷണ പൊതികളായും മരുന്നായും സക്കാത്തായും, അങ്ങനെയങ്ങനെ.
മതവിശ്വാസത്തിന്റെ ഭാഗമായല്ലാതെ നോമ്പനുഷ്ഠിക്കുന്ന അമുസ്ലിങ്ങളെ എല്ലാ റംസാനിലും നമുക്ക് കാണാന്‍ സാധിക്കും, കൂടാതെ മൂന്നുനേരത്തെ ഭക്ഷണം ഒഴിവാക്കി പള്ളിയിലെ ഒരുനേരത്തെ ഭക്ഷണത്തിലേക്കൊതുങ്ങി ചെലവ് ചുരുക്കുന്ന ചില മനുഷ്യരെയും കാണാം.
'ഈ മാസംതന്നെ അസുഖം വരണമായിരുന്നോ എന്ന് രോഗബാധിതരായി ആശുപത്രിയില്‍ കിടക്കയിലെത്തുന്നവര്‍ വേദന പങ്കിടാറുണ്ട്. ഒത്തു കൂടലിന്റെ മറ്റൊരു പേരുകൂടിയാണ് റംസാന്‍. സമൂഹ നോമ്പുതുറകളുടെ ശ്രേണിതന്നെയുണ്ട്. ഒരിക്കല്‍ കണ്ടവരെ പിന്നെ കാണുന്നത് അടുത്ത നോമ്പുകാലത്തായിരിക്കും .
വിശപ്പ് പുസ്തകത്താളിലോ പ്രസംഗങ്ങളിലോ മാത്രമുള്ള അറിവാക്കാതെ അനുഭവിച്ചറിയാനാണ് നോമ്പ് നമ്മോട് ആഹ്വാനംചെയ്യുന്നത്. ആ തിരിച്ചറിവിന്റെ ആഴം, നന്മ, ഒട്ടും ചെറുതല്ല.
മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തു മാറാത്തതായി ചുരുക്കം ചിലതേയുള്ളു അതിലൊന്നാണ് റംസാന്‍.
Content Highlights: raseena hyder ramadan memories