ആത്മസമർപ്പണത്തിൻ്റെ നാളുകൾ; 22 വർഷമായി പള്ളിയിൽ നോമ്പുതുറയ്ക്കുള്ള കഞ്ഞി തയ്യാറാക്കുന്നത് രത്നാമണി

മുതലമട(പാലക്കാട്): മാസപ്പിറവി കണ്ടാല്‍ ഒരു മാസത്തേക്ക് മുതലമട പാറക്കുണ്ടിലെ രത്‌നാമണിക്ക് ആത്മസമര്‍പ്പണത്തിന്റെ നാളുകളാണ്. റംസാന്‍ മാസം തുടങ്ങിയാല്‍ പിന്നെ രണ്ടായിരത്തോളം പേര്‍ക്ക് നോമ്പുതുറക്കാനുള്ള കഞ്ഞിയും മറ്റു ഭക്ഷണങ്ങളും തയ്യാറാക്കുന്ന തിരക്കിലാകും ഈ 61 വയസ്സുകാരി. പള്ളിയുടെ അടുക്കളയിലെത്തുന്ന നാളുകളിലെല്ലാം രത്‌നാമണിയും നോമ്പെടുക്കും.
നണ്ടന്‍കിഴായ അഹ്‌ലു സുന്നത്തിവല്‍ ജമാത്ത് (ഹനഫി) പള്ളിയില്‍ 22 വര്‍ഷമായി നോമ്പുതുറയ്ക്കുള്ള ഭക്ഷണം ഒരുക്കുന്നത് ഇവരാണ്. രാവിലെ ആറിന് പള്ളിയിലെത്തും. രാത്രി 8.30 വരെ അവിടെ തുടരും. വൈകീട്ട് അഞ്ചിനുശേഷം 6.30 വരെയുള്ള ഒന്നര മണിക്കൂറാണ് വിശ്രമം. രാവിലെ ഇഡ്ഡലിയ്ക്കുള്ള മാവ് തയ്യാറാക്കുന്ന ജോലിയാണ്. തുടര്‍ന്ന് സാമ്പറിനും പള്ളിക്കഞ്ഞിയ്ക്കുമുള്ള ഒരുക്കങ്ങള്‍.
പുറത്തുനിന്ന് പൊറോട്ടയോ പത്തിരിയോ പോലുള്ളവയാണ് നോമ്പുതുറയുടെ വിഭവമെങ്കില്‍ ഇതിനൊപ്പം നല്‍കാന്‍ മട്ടണും ഉരുളക്കിഴങ്ങും ചേര്‍ത്തുള്ള കുറുമ തയ്യാറാക്കും. 600 ലിറ്റര്‍, 500 ലിറ്റര്‍, 400 ലിറ്റര്‍ എന്നിങ്ങനെ മൂന്നു ചെമ്പുകളിലാണ് ദിവസവും കഞ്ഞി തയ്യാറാക്കുന്നത്. സഹായത്തിന് പാറക്കുണ്ട് സ്വദേശികള്‍ തന്നെയായ എം. സബിയ, എസ്. ഷമീര്‍ എന്നിവരുമുണ്ട്. പൂര്‍ണമായും വ്രതം അനുഷ്ഠിച്ചാണ് ഈ പാചകത്തിനെല്ലാം രത്‌നാമണി നേതൃത്വം നല്‍കുന്നതെന്ന് പള്ളിക്കമ്മിറ്റി നിര്‍വാഹകസമിതിയംഗം എസ്. അയൂബ്ഖാന്‍ പറഞ്ഞു.
മറ്റുസമയങ്ങളില്‍ കൂലിപ്പണിക്കു പോകും.പരേതനായഅപ്പുവാണ് ഭര്‍ത്താവ്. മക്കള്‍: അനുപമ, അനുപ്രിയ, ഐശ്വര്യ.
Content Highlights: palakkad muthalamada native ratnamani cooking for ramzan